ചെന്നൈ :ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേഓഫ് ഉറപ്പിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നിറങ്ങും. അവസാന നാലില്‍ ഇടം പിടിക്കാനായി പോരടിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് ധോണിക്കും സംഘത്തിനും എതിരാളികള്‍. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം.
12 കളിയില്‍ 15 പോയിന്‍റോടെ രണ്ടാം സ്ഥാനത്താണ് ധോണിപ്പട. ഇന്ന് കൊല്‍ക്കത്തയെ വീഴ്‌ത്തിയാല്‍ ഒന്നാമന്‍മാരായി പ്ലേഓഫ് ഉറപ്പിക്കാനാകും സിഎസ്കെയ്‌ക്ക്. മറുവശത്ത് പ്ലേഓഫിലേക്കുള്ള വിദൂര സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ കൊല്‍ക്കത്തയ്‌ക്ക് ഇന്ന് ജയം അനിവാര്യമാണ്.
ഇന്ന് തോല്‍വിയാണ് ഫലമെങ്കില്‍ കൊല്‍ക്കത്തയ്‌ക്ക് ഐപിഎല്ലില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ പൂര്‍ണമായും തുറക്കും. 12 കളിയില്‍ 5 ജയം മാത്രമുള്ള അവര്‍ നിലവില്‍ പോയിന്‍റ് പട്ടികയിലെ 7-ാം സ്ഥാനക്കാരാണ്.
ഒന്നാമനായി മുന്നേറാന്‍ ചെന്നൈ :മിന്നും ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും ജയം പിടിക്കാന്‍ ധോണിക്കും സംഘത്തിനും സാധിച്ചു. റിതുരാജ് ഗെയ്‌ക്‌വാദും ഡെവോണ്‍ കോണ്‍വെയും തകര്‍പ്പന്‍ ഫോമിലാണ്.
ഇവര്‍ നല്‍കുന്ന തകര്‍പ്പന്‍ തുടക്കമാണ് ടീമിന്‍റെ കരുത്ത്. പിന്നാലെയെത്തുന്ന അജിങ്ക്യ രഹാനെ, ശിവം ദുബെ, മൊയീന്‍ അലി, എന്നിവര്‍ മധ്യനിരയിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഫിനിഷറായി നായകന്‍ ധോണിയും ഒപ്പം രവീന്ദ്ര ജഡേജയും റണ്‍സ് കണ്ടെത്തുന്നത് ടീമിന് ആശ്വാസമാണ്.
Also Read :IPL 2023 | സ്റ്റോയിനിസും പുരാനും പഞ്ഞിക്കിട്ടു, അഭിഷേക് ശര്‍മ നാണക്കേടിന്‍റെ റെക്കോഡ് പട്ടികയില്‍
യുവ ബൗളര്‍മാര്‍ നായകന്‍ ധോണിയെ അനുസരിക്കുന്നത് ടീമിന് ഗുണമാകുന്നുണ്ട്. ഡെത്ത് ഓവറുകളില്‍ മതീഷ പതിരണയുടെ പ്രകടനം ചെന്നൈക്ക് ആശ്വാസമാണ്. ചെപ്പോക്കിലെ സ്‌പിന്‍ പിച്ചില്‍ ജഡേജയുള്‍പ്പടെയുള്ളവരുടെ പ്രകടനവും നിര്‍ണായകം.
പ്രതീക്ഷ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത :പുറത്താകലിന്‍റെ വക്കിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 12 കളിയില്‍ 10 പോയിന്‍റാണ് നിലവില്‍ നിതീഷ് റാണയ്‌ക്കും സംഘത്തിനും. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വമ്പന്‍ ജയങ്ങള്‍ സ്വന്തമാക്കിയാലും മറ്റ് മത്സരങ്ങളുടെ ഫലങ്ങളെ കൂടി ആശ്രയിച്ചായിരിക്കും കൊല്‍ക്കത്തയ്‌ക്ക് മുന്നേറാന്‍ സാധിക്കുക.
ബാറ്റിങ് നിര സ്ഥിരത പുലര്‍ത്താത്തതാണ് ഇക്കുറി കൊല്‍ക്കത്തയ്‌ക്ക് തിരിച്ചടിയായത്. ക്യാപ്‌റ്റന്‍ നിതീഷ് റാണ, റിങ്കു സിങ്, വെങ്കിടേഷ് അയ്യര്‍ എന്നിവരൊഴികെ മറ്റാര്‍ക്കും മികവിലേക്ക് ഉയരാനായില്ല. ഇന്ന് ചെന്നൈയെ നേരിടാനിറങ്ങുമ്പോഴും ഇവരുടെ ബാറ്റിലാണ് ടീമിന്‍റെ പ്രതീക്ഷ.
Also Read :IPL 2023 | ജയ്‌പൂരില്‍ 'റോയല്‍ ബാറ്റില്‍' ; തോറ്റാല്‍ തിരിച്ചുവരവ് അസാധ്യം, 'ഡു ഓര്‍ ഡൈ' മത്സരത്തിനൊരുങ്ങി രാജസ്ഥാനും ബാംഗ്ലൂരും
ബൗളിങ്ങില്‍ സ്‌പിന്നര്‍മാരെ മാത്രമാണ് കൊല്‍ക്കത്തന്‍ നിരയില്‍ വിശ്വസിക്കാന്‍ പറ്റുന്നത്. ചെപ്പോക്കില്‍ വരുണ്‍ ചക്രവര്‍ത്തി, സുയഷ് ശര്‍മ്മ, സുനില്‍ നരെയ്‌ന്‍ എന്നിവരുടെ പ്രകടനം നിര്‍ണായകമാണ്. ഈ സീസണില്‍ നേരത്തെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തമ്മിലേറ്റുമുട്ടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു ജയം. അന്ന് 49 റണ്‍സിനാണ് ധോണിയും സംഘവും കൊല്‍ക്കത്തയെ തകര്‍ത്തത്.