ഹൈദരാബാദ്: ഐപിഎല്ലിന്‍റെ 16ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയത്തുടക്കം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 72 റണ്‍സിന്‍റെ മിന്നും വിജയമാണ് സഞ്‌ജു സാംസണും സംഘവും സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍റെ 203 റണ്‍സിന് മറുപടിക്കിറങ്ങിയ ഹൈദരാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 131 എടുക്കാനേ കഴിഞ്ഞുള്ളു.
രാജസ്ഥാനായി യുസ്‌വേന്ദ്ര ചാഹല്‍ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ട്രെന്‍റ് ബോള്‍ട്ട് രണ്ടും ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 32 പന്തില്‍ 32 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഇംപാക്‌ട് പ്ലെയര്‍ അബ്‌ദുള്‍ സമദാണ് ഹൈദരാബാദിന്‍റെ ടോപ് സ്‌കോറര്‍. ഞെട്ടിക്കുന്ന തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്.
കൂട്ടുകെട്ട് പൊളിച്ച് സഞ്ജു സാംസണ്‍:ആദ്യ ഓവറില്‍ തന്നെ ഒരു റണ്‍സ് പോലും വഴങ്ങാതെ ഇരട്ട വിക്കറ്റുമായി ട്രെന്‍റ് ബോള്‍ട്ടാണ് സംഘത്തിന് കനത്ത പ്രഹരം നല്‍കിയത്. അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി എന്നിവരാണ് സംപൂജ്യരായി മടങ്ങിയത്. പിന്നാലെ ഹാരി ബ്രൂക്ക് (13), വാഷിങ്‌ടണ്‍ സുന്ദര്‍ (1) , ഗ്ലെന്‍ ഫിലിപ്‌സ് (8), മായങ്ക് അഗര്‍വാള്‍ എന്നിവരും മടങ്ങിയതോടെ 11 ഓവറില്‍ ആറിന് 52 റണ്‍സ് എന്ന നിലയിലേക്ക് സംഘം തകര്‍ന്നു.
തുടര്‍ന്ന് ഒന്നിച്ച ആദില്‍ റഷീദും അബ്‌ദുള്‍ സമദും സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമം നടത്തി. എന്നാല്‍ ചാഹലിന്‍റെ പന്തില്‍ ക്രീസ് വിട്ടിറങ്ങിയ ആദില്‍ റഷീദിനെ സ്റ്റംപ് ചെയ്‌ത് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 13 പന്തില്‍ 18 റണ്‍സാണ് താരം നേടിയത്. പിന്നീടെത്തിയ ഹൈദരാബാദ് നായകന്‍ ഭുവനേശ്വര്‍ കുമാര്‍ (10 പന്തില്‍ 6 ) ചെറുത്ത് നില്‍പ്പിന് ശ്രമം നടത്തിയെങ്കിലും ചാഹലിന്‍റെ പന്തില്‍ ബൗള്‍ഡായി. അബ്‌ദുല്‍ സമദിനൊപ്പം ഉമ്രാന്‍ മാലിക്കും (8 പന്തില്‍ 19*) പുറത്താവാതെ നിന്നു.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 203 റണ്‍സെടുത്തത്. ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്‌ജു സാംസണ്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. വമ്പന്‍ തുടക്കമായിരുന്നു ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും രാജസ്ഥാന് നല്‍കിയത്.
അര്‍ധ സെഞ്ചുറി തികച്ച് ബട്‌ലര്‍:ഹൈദരാബാദ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് രാജസ്ഥാന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍, ഫസല്‍ഹഖ് ഫാറൂഖി എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സടിച്ച യശസ്വി ഗിയര്‍ മാറ്റി. മൂന്നാം ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാറിനെതിരെ ബട്‌ലറും കത്തിക്കയറിയതോടെ രാജസ്ഥാന്‍റെ സ്‌കോര്‍ കുതിച്ചു.