കേരളം

kerala

ETV Bharat / sports

IPL 2023 | പഞ്ചാബിനെ കീഴടക്കി; ഹൈദരാബാദിന് സീസണിലെ ആദ്യ വിജയം - Rahul Tripathi

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ എട്ട് വിക്കറ്റിന്‍റെ വിജയം പിടിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അപരാജിത അര്‍ധ സെഞ്ചുറി നേടിയ രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്.

IPL 2023  IPL  Sunrisers Hyderabad vs Punjab Kings highlights  Sunrisers Hyderabad  Punjab Kings  shikhar dhawan  mayank markande  ശിഖർ ധവാൻ  മായങ്ക് മാർക്കണ്ഡെ  പഞ്ചാബ് കിങ്‌സ്  സൺറൈസേഴ്‌സ് ഹൈദരാബാദ്  Rahul Tripathi  രാഹുല്‍ ത്രിപാഠി
ഹൈദരാബാദിന് സീസണിലെ ആദ്യ വിജയം

By

Published : Apr 9, 2023, 11:05 PM IST

ഹൈദരാബാദ്:ഐപിഎല്‍ 16-ാം സീസണില്‍ ആദ്യ ജയം പിടിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബ് കിങ്‌സിനെതിരെ എട്ട് വിക്കറ്റിനാണ് ഹൈദരാബാദ് കളി പിടിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 144 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദ് 17.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 145 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. അപരാജിത അര്‍ധ സെഞ്ചുറി നേടിയ രാഹുല്‍ ത്രിപാഠിയാണ് സംഘത്തെ അനായാസ വിജയത്തിലേക്ക് നയിച്ചത്.

പുറത്താവാതെ 47 പന്തില്‍ 70 റണ്‍സാണ് ത്രിപാഠി നേടിയത്. താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ശ്രദ്ധയോടെയായിരുന്നു ഹൈദരാബാദ് ഓപ്പണര്‍മാരായ ഹാരി ബ്രൂക്കും മായങ്ക് അഗര്‍വാളും ബാറ്റേന്തിയത്. എന്നാല്‍ ടീം സ്‌കോര്‍ 27 റണ്‍സില്‍ നില്‍ക്കെ നാലാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ബ്രൂക്കിന്‍റെ (14 പന്തില്‍) കുറ്റി തെറിപ്പിച്ച അര്‍ഷ്‌ദീപ് സിങ്‌ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി.

പിന്നാലെ ഒമ്പതാം ഓവറിന്‍റെ മൂന്നാം പന്തില്‍ മായങ്കിനെയും സംഘത്തിന് നഷ്‌ടമായി. 20 പന്തില്‍ 21 റണ്‍സെടുത്ത മായങ്കിനെ രാഹുല്‍ ചഹാര്‍ സാം കറന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. ഈ സമയം 45 റണ്‍സായിരുന്നു ഹൈദരാബാദിന് നേടാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ഒന്നിച്ച രാഹുല്‍ ത്രിപാഠിയും ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രവും പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. പുറത്താവാതെ 21 പന്തില്‍ 37 റണ്‍സാണ് മാര്‍ക്രം നേടിയത്. പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 100 റണ്‍സാണ് നേടിയത്.

ധവാന്‍റെ ഒറ്റയാള്‍ പോരാട്ടം:നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് 143 റണ്‍സെടുത്തത്. ഒറ്റയാള്‍ പോരാട്ടം നടത്തിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍റെ ഇന്നിങ്‌സാണ് പഞ്ചാബിനെ മാന്യമായ നിലയിലെത്തിച്ചത്. പുറത്താവാതെ 66 പന്തില്‍ 99 റണ്‍സാണ് പഞ്ചാബ് ക്യാപ്റ്റന്‍ നേടിയത്.

15 ഫോറുകളും അഞ്ച് സിക്‌സും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്. സാം കറനാണ് (15 പന്തില്‍ 22 റണ്‍സ്) രണ്ടക്കം തൊട്ട മറ്റൊരു പഞ്ചാബ് താരം. നാല് വിക്കറ്റ് വീഴ്‌ത്തിയ മായങ്ക് മാർക്കണ്ഡെയുടെ പ്രകടനമാണ് പഞ്ചാബിനെ പിടിച്ച് കെട്ടിയത്. ഇന്നിങ്‌സിന്‍റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പ്രഭ്‌സിമ്രാൻ സിങ്ങിനെ പഞ്ചാബിന് നഷ്‌ടമായിരുന്നു.

ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പ്രഭ്‌സിമ്രാൻ തിരിച്ച് കയറിയത്. തൊട്ടടുത്ത ഓവറില്‍ മാത്യു ഷോർട്ടിനെയും (3 പന്തില്‍ 1), പിന്നാലെ ജിതേഷ് ശര്‍മയേയും (9 പന്തില്‍ 4) തിരിച്ച് കയറ്റിയ മാർക്കോ ജാൻസന്‍ പഞ്ചാബിനെ പ്രതിരോധത്തിലാക്കി. പിന്നീട് ഒത്തുചേര്‍ന്ന ശിഖര്‍ ധവാനും സാം കറനും പഞ്ചാബിന് പ്രതീക്ഷ നല്‍കി.

എന്നാല്‍ ടീം ടോട്ടല്‍ 63 റണ്‍സില്‍ നില്‍ക്കെ ഒമ്പതാം ഓവറിന്‍റെ അഞ്ചാം പന്തില്‍ കറനെ സംഘത്തിന് നഷ്‌ടമായി. മായങ്ക് മാർക്കണ്ഡെയുടെ പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ പിടികൂടിയായിരുന്നു താരത്തിന്‍റെ മടക്കം. നാലാം വിക്കറ്റില്‍ 41 റണ്‍സാണ് ധവാനും കറനും ചേര്‍ത്തത്. തുടര്‍ന്നെത്തിയ സിക്കന്ദര്‍ റാസ (6 പന്തില്‍ 5), ഹര്‍പ്രീത് ബ്രാര്‍ (2 പന്തില്‍1), ഷാരൂഖ് ഖാന്‍(3 പന്തില്‍ 4), രാഹുല്‍ ചഹാര്‍ (8 പന്തില്‍ 0), നഥാന്‍ എല്ലിസ് (5 പന്തില്‍ 0) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ പഞ്ചാബ് 15 ഓവറില്‍ ഒമ്പതിന് 88 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു.

പിന്നീടെത്തിയ മോഹിത് റാത്തി (2 പന്തില്‍ 1*)യെ ഒരറ്റത്ത് നിര്‍ത്തിയ ധവാന്‍ പഞ്ചാബിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 10-ാം വിക്കറ്റില്‍ പിരിയാതെ 55 റണ്‍സിന്‍റെ കൂട്ടുകെട്ടായിരുന്നു മോഹിത് റാത്തും ധവാനും നേടിയത്. ഹൈദരാബാദിനായി നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു മാർക്കണ്ഡെ നാല് വിക്കറ്റ് വീഴ്‌ത്തിയത്. മാർക്കോ ജാൻസെന്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും നേടിയിരുന്നു.

പഞ്ചാബ് കിങ്‌സ് (പ്ലേയിങ് ഇലവൻ): ശിഖർ ധവാൻ (ക്യാപ്റ്റന്‍), പ്രഭ്‌സിമ്രാൻ സിങ്‌, മാത്യു ഷോർട്ട്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാൻ, സാം കറൻ, നഥാൻ എല്ലിസ്, മോഹിത് റാത്തി, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്‌ദീപ് സിങ്‌.

സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിങ്‌ ഇലവൻ): മായങ്ക് അഗർവാൾ, ഹാരി ബ്രൂക്ക്, രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം (ക്യാപ്റ്റന്‍), ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടൺ സുന്ദർ, മാർക്കോ ജാൻസെൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡെ, ഉമ്രാൻ മാലിക്, ടി നടരാജൻ.

ALSO READ: IPL 2023 | അവസാന അഞ്ച് പന്തിലും സിക്‌സര്‍..!; മിന്നലായി റിങ്കു, അവിശ്വസനീയ ഫിനിഷിങ്ങ് കാണാം

ABOUT THE AUTHOR

...view details