ഹൈദരാബാദ്: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 193 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 192 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ കാമറൂണ്‍ ഗ്രീനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
40 പന്തില്‍ ആറ് ഫോറുകളും രണ്ട് സിക്‌സും സഹിതം പുറത്താവാതെ 64 റണ്‍സാണ് ഗ്രീന്‍ നേടിയത്. ഭേദപ്പെട്ട തുടക്കമായിരുന്നു മുംബൈ ഇന്ത്യന്‍സിന് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും നല്‍കിയത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ മാര്‍ക്കോ ജാന്‍സന്‍റെ രണ്ടാം ഓവറില്‍ ഒമ്പത് റണ്‍സടിച്ച് മുംബൈ പതിയെ ഗിയര്‍ മാറ്റി.
മൂന്നാം ഓവര്‍ എറിയാനെത്തിയ വാഷിങ്‌ടണ്‍ സുന്ദറിനെ ഹാട്രിക്ക് ബൗണ്ടറി നേടിയാണ് രോഹിത് വരവേറ്റത്. ഈ ഓവറില്‍ 13 റണ്‍സാണ് താരം അടിച്ചെടുത്തത്. എന്നാല്‍ മാര്‍ക്കോ ജാന്‍സന്‍ എറിഞ്ഞ നാലാം ഓവറില്‍ ഒരു ബൗണ്ടറിയടക്കം അഞ്ച് റണ്‍സ് മാത്രമായിരുന്നു പിറന്നത്. അഞ്ചാം ഓവര്‍ എറിയാനെത്തിയ നടരാജനെതിരെ ബൗണ്ടറിയോടെയാണ് രോഹിത് തുടങ്ങിയത്.
മൂന്നാം പന്തില്‍ വീണ്ടുമൊരു ബൗണ്ടറി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ താരത്തെ എയ്‌ഡന്‍ മാര്‍ക്രത്തിന്‍റെ കൈകളിലെത്തിച്ച നടരാജന്‍ മുംബൈക്ക് ആദ്യ പ്രഹരം നല്‍കി. 18 പന്തില്‍ ആറ് ബൗണ്ടറികള്‍ സഹിതം 28 റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്. ആദ്യ വിക്കറ്റില്‍ 41 റണ്‍സാണ് രോഹിത്തും ഇഷാനും ചേര്‍ത്തത്.
തുടര്‍ന്നെത്തിയ കാമറൂണ്‍ ഗ്രീനിനൊപ്പം ചേര്‍ന്ന ഇഷാന്‍ പവര്‍പ്ലേ പിന്നിടുമ്പോള്‍ മുംബൈയെ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 53 റണ്‍സ് എന്ന നിലയിലെത്തിച്ചു. 12-ാം ഓവറിന്‍റെ ആദ്യ പന്തില്‍ ഇഷാന്‍ മടങ്ങുമ്പോള്‍ 87 റണ്‍സായിരുന്നു മുംബൈ ടോട്ടലില്‍ ഉണ്ടായിരുന്നത്. 31 പന്തില്‍ 38 റണ്‍സടിച്ച ഇഷാനെ മാർക്കോ ജാൻസെനാണ് മടക്കിയത്.