ഹൈദരാബാദ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മികച്ച സ്‌കോര്‍. സ്വന്തം തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 182 റൺസാണ് നേടിയത്. ഹെൻറിച്ച് ക്ലാസൻ, അബ്‌ദുൾ സമദ് എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിന് നിര്‍ണായകമായത്.
ടോസ് ഭാഗ്യം തുണച്ചുവെങ്കിലും ഹൈദരാബാദിന്‍റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. പവര്‍ പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 56 റണ്‍സായിരുന്നു ഹൈദരാബാദിന് നേടാന്‍ കഴിഞ്ഞത്. അഭിഷേക് ശര്‍മ (5 പന്തില്‍ 7), രാഹുല്‍ ത്രിപാഠി (13 പന്തില്‍ 20) എന്നിവരാണ് വേഗം മടങ്ങിയത്.
അഭിഷേകിനെ യുധ്വിർ സിങ്ങും രാഹുല്‍ ത്രിപാഠിയെ യാഷ് താക്കൂറും വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ അൻമോൽപ്രീത് സിങ്ങും മടങ്ങിയതോടെ ഹൈദരാബാദ് 8.5 ഓവറില്‍ 82/3 എന്ന നിലയിലേക്ക് വീണു.
ശ്രദ്ധയോടെ ബാറ്റ് വീശിയിരുന്ന അൻമോൽപ്രീതിനെ (27 പന്തില്‍ 36) അമിത് മിശ്ര സ്വന്തം പന്തില്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച ക്യാപ്റ്റന്‍ ഐഡൻ മാർക്രവും ഹെൻറിച്ച് ക്ലാസനും ചേര്‍ന്ന് 11-ാം ഓവറില്‍ ഹൈദരാബാദിനെ 100 കടത്തി. അപകടകരമായി മാറിയേക്കാമായിരുന്ന ഈ കൂട്ടുകെട്ട് ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ 13-ാം ഓവറിന്‍റെ ആദ്യ പന്തില്‍ മാര്‍ക്രത്തെ വീഴ്‌ത്തിക്കൊണ്ട് ലഖ്‌നൗ പൊളിച്ചു.
20 പന്തില്‍ 28 റണ്‍സെടുത്ത മാര്‍ക്രത്തെ ക്വിന്‍റണ്‍ ഡി കോക്ക് സ്റ്റംപ് ചെയ്യുകയായിരുന്നു. തുടര്‍ന്നെത്തിയ ഗ്ലെൻ ഫിലിപ്‌സ് ഗോള്‍ഡന്‍ ഡക്കായതോടെ 12.2 ഓവറില്‍ 115/5 എന്ന നിലയിലായി. എന്നാല്‍ ഏഴാം നമ്പറിലെത്തിയ അബ്‌ദുൾ സമദ് ക്ലാസനൊപ്പം കട്ടയ്‌ക്ക് നിന്നതോടെയാണ് ഹൈദരാബാദ് മാന്യമായ നിലയിലെത്തിയത്.
19-ാം ഓവറിന്‍റെ അവസാന പന്തില്‍ ക്ലാസനെ മടക്കിക്കൊണ്ട് ആവേശ് ഖാനാണ് ലഖ്‌നൗവിന് കാത്തിരുന്ന ബ്രക്ക് ത്രൂ നല്‍കിയത്. ആവേശിനെ സിക്‌സറിന് പറത്താനുള്ള ഹെൻറിച്ച് ക്ലാസന്‍റെ ശ്രമം (29 പന്തില്‍ 47) ലോങ് -ഓണില്‍ പ്രേരക് മങ്കാദിന്‍റെ കയ്യില്‍ അവസാനിക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ 58 റണ്‍സാണ് ഹൈദരാബാദ് താരങ്ങള്‍ കണ്ടെത്തിയത്.
അബ്‌ദുൾ സമദും (25 പന്തില്‍ 37), ഭുവനേശ്വര്‍ കുമാറും (2 പന്തില്‍ 1) പുറത്താവാതെ നിന്നു. ലഖ്‌നൗവിനായി ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ യുധ്വിവീര്‍ സിങ്, അമിത് മിശ്ര, യാഷ് താക്കൂര്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലേയിങ് ഇലവൻ):ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), കെയ്‌ൽ മേയേഴ്‌സ്, ക്രുനാൽ പാണ്ഡ്യ (ക്യാപ്റ്റന്‍), പ്രേരക് മങ്കാദ്, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ, അമിത് മിശ്ര, യാഷ് താക്കൂർ, രവി ബിഷ്‌ണോയ്, യുധ്വിർ സിങ് ചരക്, ആവേശ് ഖാൻ.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിങ് ഇലവൻ): അഭിഷേക് ശർമ, അൻമോൽപ്രീത് സിങ്, രാഹുൽ ത്രിപാഠി, ഐഡൻ മാർക്രം (ക്യാപ്റ്റന്‍), ഹെൻറിച്ച് ക്ലാസൻ(വിക്കറ്റ് കീപ്പര്‍), ഗ്ലെൻ ഫിലിപ്‌സ്, അബ്‌ദുൾ സമദ്, ടി നടരാജൻ, മായങ്ക് മാർക്കണ്ഡെ, ഭുവനേശ്വർ കുമാർ, ഫസൽഹഖ് ഫാറൂഖി.