കേരളം

kerala

ETV Bharat / sports

IPL 2023| ഓറഞ്ച് തോട്ടത്തില്‍ ലഖ്‌നൗ വിളവെടുത്തു; രാജസ്ഥാന് മുട്ടന്‍ പണി - prerak mankad

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന് തോല്‍പ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്.

Sunrisers Hyderabad  Lucknow Super Giants  SRH vs LSG highlights  Heinrich Klaasen  Abdul Samad  ഐപിഎല്‍  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  ഹെൻറിച്ച് ക്ലാസൻ  അബ്‌ദുൾ സമദ്  prerak mankad  പ്രേരക് മങ്കാദ്
IPL 2023| ഓറഞ്ച് തോട്ടത്തില്‍ ലഖ്‌നൗ വിളവെടുത്തു; രാജസ്ഥാന് മുട്ടന്‍ പണി

By

Published : May 13, 2023, 8:18 PM IST

ഹൈദരാബാദ്:ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് പ്ലേ ഓഫ്‌ പ്രതീക്ഷകള്‍ സജീവമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. ഹൈദരാബാദിന്‍റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏഴ്‌ വിക്കറ്റിനാണ് ലഖ്‌നൗ ജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് നേടിയ 182 റണ്‍സിന് മറുപടിക്കിറങ്ങിയ ലഖ്‌നൗ 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 185 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.

അര്‍ധ സെഞ്ചുറി നേടിയ പ്രേരക് മങ്കാദാണ് ലഖ്‌നൗവിന്‍റെ ടോപ് സ്‌കോറര്‍. 45 പന്തില്‍ പുറത്താവാതെ 64* റണ്‍സാണ് താരം നേടിയത്. 25 പന്തില്‍ 40 റണ്‍സ് നേടിയ മാർക്കസ് സ്റ്റോയിനിസും 13 പന്തില്‍ 44* റണ്‍സടിച്ച നിക്കോളാസ് പുരാനും നിര്‍ണായകമായി.

മികച്ച തുടക്കമായിരുന്നില്ല ലഖ്‌നൗവിന് ലഭിച്ചത്. താളം കണ്ടെത്താന്‍ പ്രയാസപ്പെട്ട കെയ്‌ല്‍ മെയേഴ്‌സിനെ തുടക്കം തന്നെ സംഘത്തിന് നഷ്‌ടമായി. 14 പന്തില്‍ രണ്ട് റണ്‍സ് മാത്രം നേടിയ താരത്തെ ഗ്ലെൻ ഫിലിപ്‌സ് ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രത്തിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ പ്രേരക് മങ്കാദ് പിന്തുണ നല്‍കിയെങ്കിലും സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ക്വിന്‍റണ്‍ ഡി കോക്കും (19 പന്തില്‍ 29) വീണു.

ഈ സമയം 8.2 ഓവറില്‍ 54/2 എന്ന നിലയിലായിരുന്നു ലഖ്‌നൗ. എന്നാല്‍ നാലാം നമ്പറിലെത്തിയ മാർക്കസ് സ്റ്റോയിനിസ് പ്രേരക് മങ്കാദിനൊപ്പം ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇതോടെ 14-ാം ഓവറില്‍ ലഖ്‌നൗ നൂറ് പിന്നിട്ടു. ഇരുപക്ഷത്തേക്കും നിന്നിരുന്ന കളി അഭിഷേക് ശര്‍മ എറിഞ്ഞ 16-ാം ഓവറിലാണ് ലഖ്‌നൗ തങ്ങള്‍ക്ക് അനുകൂലമാക്കുന്നത്. സ്റ്റോയിനിസിനെ നഷ്‌ടപ്പെട്ടുവെങ്കിലും അഞ്ച് സിക്‌സുകളടക്കം 31 റണ്‍സാണ് ഈ ഓവറില്‍ ലഖ്‌നൗ നേടിയത്.

അഭിഷേകിനെതിരെ രണ്ട് സിക്‌സുകള്‍ നേടിയ സ്റ്റോയിനിസിനെ (25 പന്തില്‍ 40) മൂന്നാം പന്തില്‍ അബ്‌ദുൾ സമദ് പിടികൂടി. എന്നാല്‍ തുടര്‍ന്നെത്തിയ നിക്കോളാസ് പുരാന്‍ ഹാട്രിക് സിക്‌സോടെയാണ് ഈ ഓവര്‍ പൂര്‍ത്തിയാക്കിയത്. നാലാം വിക്കറ്റില്‍ ഒന്നിച്ച മങ്കാദ്-പുരാന്‍ കൂട്ടുകെട്ട് പൊളിക്കാനാവാതെ വന്നതോടെയാണ് ഹൈദരാബാദിന് മത്സരം നഷ്‌ടമായത്. നിര്‍ണായക മത്സരത്തിലെ തോല്‍വി ഹൈദരാബാദിന്‍റ പ്ലേ ഓഫ്‌ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചപ്പോള്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറാന്‍ ലഖ്‌നൗവിന് കഴിഞ്ഞു. സഞ്‌ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സാണ് ഒരു സ്ഥാനം നഷ്‌ടമായി അഞ്ചാമതായത്.

ക്ലാസനൊപ്പം കട്ടയ്‌ക്ക് സമദ്:നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 182 റണ്‍സ് നേടിയത്. ഹെൻ‍റിച്ച് ക്ലാസൻ (29 പന്തില്‍ 47), അബ്‌ദുൾ സമദ് (25 പന്തില്‍ 37*) എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിന് നിര്‍ണായകമായത്.

രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 56 റണ്‍സ് എന്ന നിലയിലായിരുന്നു ഹൈദരാബാദ് പവര്‍പ്ലേ പൂര്‍ത്തിയാക്കിയത്. അഭിഷേക് ശര്‍മയെ (5 പന്തില്‍ 7) യുധ്വിർ സിങ്ങും രാഹുല്‍ ത്രിപാഠിയെ (13 പന്തില്‍ 20) യാഷ്‌ താക്കൂറും വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ അൻമോൽപ്രീത് സിങ്ങും (27 പന്തില്‍ 36) മടങ്ങി. പിന്നീട് ഒന്നിച്ച ഐഡൻ മാർക്രം- ഹെൻറിച്ച് ക്ലാസന്‍ കൂട്ടുകെട്ട് കൂടുതല്‍ അപകടകരമായി മാറും മുമ്പ് ലഖ്‌നൗ പൊളിച്ചു.

20 പന്തില്‍ 28 റണ്‍സെടുത്ത മാര്‍ക്രത്തെ ക്വിന്‍റണ്‍ ഡി കോക്ക് സ്റ്റംപ്‌ ചെയ്‌താണ് പുറത്താക്കിയത്. തുടര്‍ന്നെത്തിയ അബ്‌ദുൾ സമദ് ക്ലാസനൊപ്പം കട്ടയ്‌ക്ക് നിന്നതോടെയാണ് ഹൈദരാബാദ് മികച്ച നിലയിലേക്ക് എത്തിയത്. 19-ാം ഓവറിന്‍റെ അവസാന പന്തില്‍ ക്ലാസനെ (29 പന്തില്‍ 47) ആവേശ്‌ ഖാന്‍ പുറത്താക്കി. അബ്‌ദുൾ സമദിനൊപ്പം ഭുവനേശ്വര്‍ കുമാറും (2 പന്തില്‍ 1) പുറത്താവാതെ നിന്നു. ലഖ്‌നൗവിനായി ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റ് നേടി.

ALSO READ: രോഹിത്തും രാഹുലും പുറത്ത്; ഇന്ത്യന്‍ ടി20 ടീമിന് പുതിയ ഓപ്പണര്‍മാര്‍?; വമ്പന്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ

ABOUT THE AUTHOR

...view details