കേരളം

kerala

By

Published : Apr 10, 2023, 6:25 PM IST

ETV Bharat / sports

'ഭാരം മുഴുവനും കോലിയില്‍ എല്‍പ്പിച്ചാല്‍ പോര, ബാംഗ്ലൂരിലെ എല്ലാ താരങ്ങളും പങ്കിടണം' ; പൊട്ടിത്തെറിച്ച് സുനില്‍ ഗവാസ്‌കര്‍

ഐപിഎല്ലിന്‍റെ 16ാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിരാട് കോലിയെ കൂടുതല്‍ ആശ്രയിക്കുന്നുവെന്ന് സുനില്‍ ഗവാസ്‌കര്‍

IPL 2023  royal challengers bangalore  Sunil Gavaskar on Virat Kohli  Irfan Pathan  Irfan Pathan on Virat Kohli form  IPL  ഐപിഎല്‍  ഐപിഎല്‍ 2023  വിരാട് കോലി  സുനില്‍ ഗവാസ്‌കര്‍  ഇര്‍ഫാന്‍ പഠാന്‍  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഭാരം മുഴുവനും കോലിയില്‍ എല്‍പ്പിച്ചാല്‍ പോരാ

മുംബൈ : ഐപിഎല്ലിന്‍റെ 16ാം സീസണില്‍ മിന്നുന്ന തുടക്കമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമായിരുന്നു ബാംഗ്ലൂര്‍ പിടിച്ചത്. മുംബൈക്കെതിരെ അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലിയും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസുമായിരുന്നു ബാംഗ്ലൂരിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്.

49 പന്തില്‍ ആറ് ഫോറുകളും അഞ്ച് സിക്‌സുകളും സഹിതം 82 റണ്‍സുമായി പുറത്താവാതെ നിന്ന കോലിയായിരുന്നു സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. 43 പന്തില്‍ അഞ്ച് ഫോറുകളും ആറ് സിക്‌സും സഹിതം 73 റണ്‍സായിരുന്നു ഡുപ്ലെസിസ് നേടിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വമ്പന്‍ തോല്‍വിയായിരുന്നു ബാംഗ്ലൂരിനെ കാത്തിരുന്നത്.

കോലിയും ഡുപ്ലെസിസും പരാജയപ്പെട്ട മത്സരത്തില്‍ ബാംഗ്ലൂരിന്‍റെ മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഈ സീസണിലും വിരാട് കോലിയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അമിതമായി ആശ്രയിക്കുന്നുവെന്ന് വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ടീമിനെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം എല്ലാ താരങ്ങളും ഏറ്റെടുക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

"റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍ ഈ വര്‍ഷവും വിരാട് കോലിയെ ആശ്രയിക്കുന്നു. കോലി എല്ലാ മത്സരങ്ങളിലും നന്നായി കളിക്കുകയാണെങ്കിൽ, ബാംഗ്ലൂര്‍ വിജയിക്കാനുള്ള സാധ്യത വർധിക്കും. അവന്‍ ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ്.

ബാംഗ്ലൂരിന്‍റെ മാത്രമല്ല, എല്ലാ ടീമിന്‍റെയും ആരാധകര്‍ അവന്‍റെ ബാറ്റിൽ നിന്ന് റൺസ് പിറക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു. ടീമിനെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം കോലിയുടേത് മാത്രമല്ല. അതിനായി എല്ലാ കളിക്കാരും തങ്ങളുടേതായ പങ്ക് വഹിക്കേണ്ടതുണ്ട്" - ഗവാസ്‌കര്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയ്‌ക്കിടെ പറഞ്ഞു.

ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും ഈ ചര്‍ച്ചയുടെ ഭാഗമായിരുന്നു. കോലി എത്ര കാലം ഈ പ്രകടനം തുടരുമെന്നും അതുവഴി എത്ര മത്സരങ്ങളില്‍ ബംഗ്ലൂരിന് വിജയിക്കാന്‍ കഴിയുമെന്നും ഉറപ്പിക്കാന്‍ കഴിയില്ലെന്നാണ് ഇര്‍ഫാന്‍ പഠാന്‍ ഗവാസ്‌കറിന്‍റെ വാക്കുകളോട് പ്രതികരിച്ചത്.

"ആദ്യ കുറച്ച് മത്സരങ്ങളിൽ തന്നെ വിരാട് കോലി റണ്‍സ് നേടുന്നതിനാല്‍ ഈ വർഷം ബാംഗ്ലൂരിന് അല്‍പ്പം വ്യത്യസ്തമായി തോന്നുന്നു. എന്നാൽ ഇതുപോലെ സീസണിന്‍റെ ശേഷിക്കുന്ന മത്സരങ്ങളില്‍ കോലി തന്‍റെ ഫോം തുടരുമെന്നും മത്സരങ്ങള്‍ വിജയിപ്പിക്കുമെന്നും ഉറപ്പിക്കാന്‍ കഴിയില്ല" - പഠാന്‍ പറഞ്ഞു.

ALSO READ: IPL 2023 | 'എന്‍റെ ക്യാച്ചിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ', സംഗയെ ഓര്‍മ്മിപ്പിച്ച് സഞ്‌ജു ; ടീം ക്യാമ്പില്‍ കൂട്ടച്ചിരി - വീഡിയോ

അതേസയമം സീസണിലെ തങ്ങളുടെ മൂന്നാം മത്സരത്തിന് ബാംഗ്ലൂര്‍ ഇന്ന് ഇറങ്ങുകയാണ്. കെഎല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സാണ് എതിരാളി. ബാംഗ്ലൂരിന്‍റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

കഴിഞ്ഞ സീസണില്‍ രണ്ട് തവണ നേര്‍ക്കുനേരെത്തിയപ്പോഴും ലഖ്‌നൗവിനെ തോല്‍പ്പിക്കാന്‍ ബാംഗ്ലൂരിന് കഴിഞ്ഞിരുന്നു. വിജയ വഴിയില്‍ തിരിച്ചെത്താനിറങ്ങുന്ന ബംഗ്ലൂരിനോട് ഈ കണക്ക് കൂടി തീര്‍ക്കാനാവും കെഎല്‍ രാഹുലും സംഘവും ലക്ഷ്യം വയ്‌ക്കുക.

ABOUT THE AUTHOR

...view details