ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ അഞ്ച് തവണ ചാമ്പ്യന്മാരാണെങ്കിലും മികവിനൊത്ത പ്രകടനം നടത്താനാവാതെ വലയുകയാണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ സീസണില്‍ അവസാനക്കാരായി ഫിനിഷ് ചെയ്യേണ്ട മുംബൈക്ക് 16ാം സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളിലും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ആദ്യമത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ഏഴ് വിക്കറ്റിന് തോല്‍വി വഴങ്ങിയ രോഹിത് ശര്‍മയും സംഘവും രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് എട്ട് വിക്കറ്റിനാണ് കീഴടങ്ങിയത്.
പേരുകേട്ട ബാറ്റിങ് നിരയ്‌ക്ക് മികവിനൊത്ത് ഉയരാന്‍ കഴിയാത്തതും ബോളിങ് യൂണിറ്റിലെ പോരായ്‌മയുമാണ് മുംബൈയെ പിന്നിലാക്കുന്നത്. ഇപ്പോഴിതാ ടീമിന്‍റെ തോല്‍വിയിലെ പ്രധാന കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഓപ്പണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും തമ്മിലുള്ള കൂട്ടുകെട്ടിന്‍റെ അഭാവം മുംബൈയുടെ പ്രകടനത്തെ ബാധിക്കുന്നതായാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടുന്നത്.
'കഴിഞ്ഞ സീസൺ മുതൽ ഇന്നുവരെയുള്ള മുംബൈ ഇന്ത്യന്‍സിന്‍റെ ഏറ്റവും വലിയ പ്രശ്‌നം കൂട്ടുകെട്ടുകളുടെ അഭാവമാണ്. വലിയ കൂട്ടുകെട്ടുകൾ ഇല്ലെങ്കിൽ, നിങ്ങൾക്ക് വലിയ സ്‌കോറുകള്‍ നേടുന്നത് പ്രയാസമാണ്. മികച്ച കൂട്ടുകെട്ടുകളുണ്ടാക്കുന്നതില്‍ അവര്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്'.
'രോഹിത് ശർമയും ഇഷാൻ കിഷനും തമ്മിലുള്ള കൂട്ടുകെട്ടിൽ മുംബൈ ഇന്ത്യന്‍സ് അവരുടെ ഇന്നിങ്‌സ് കെട്ടിപ്പടുക്കേണ്ടതായുണ്ട്. പക്ഷേ അവർ പരാജയപ്പെടുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്'. - ഗവാസ്‌കര്‍ പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിനെതിരെയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയും രോഹിത് - ഇഷാന്‍ സഖ്യം പരാജയപ്പെട്ടിരുന്നു.