ചെന്നൈ :ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ അവസാന പന്ത് വരെ പൊരുതിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്ന് റണ്‍സിന്‍റെ തോല്‍വി വഴങ്ങിയത്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ ബട്‌ലറിന്‍റെ അര്‍ധസെഞ്ച്വറിയുടെയും ദേവ്ദത്ത് പടിക്കല്‍, ആര്‍ അശ്വിന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ ബാറ്റിങ് പ്രകടനത്തിന്‍റെയും കരുത്തില്‍ 175 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നായകന്‍ എംഎസ് ധോണിയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ക്രീസില്‍ നില്‍ക്കെ നിശ്ചിത 20 ഓവറില്‍ 172 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
നായകന്‍ എംഎസ് ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിഭാരം കുറച്ചത്. രാജസ്ഥാനെതിരെ 17 പന്ത് നേരിട്ട ധോണി 32 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്. മൂന്ന് സിക്‌സറും ഒരു ഫോറും താരം മത്സരത്തില്‍ പായിച്ചിരുന്നു.
മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ചെന്നൈയുടെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ പുറത്തായതിന് പിന്നാലെ എട്ടാമനായാണ് ധോണി ക്രീസിലേക്കെത്തിയത്. രാജസ്ഥാന് വേണ്ടി മികച്ച രീതിയില്‍ പന്തെറിഞ്ഞുകൊണ്ടിരുന്ന യുസ്‌വേന്ദ്ര ചഹാലിനെയും രവിചന്ദ്ര അശ്വിനെയും ആക്രമിക്കാന്‍ ധോണി തയ്യാറായിരുന്നില്ല. ഇവരുടെ ഓവറുകളില്‍ സ്‌ട്രൈക്ക് റൊട്ടേഷനായിരുന്നു ചെന്നൈ നായകന്‍ പ്രാധാന്യം നല്‍കിയത്.
അവസാന മൂന്നോവറിലേക്ക് മത്സരം നീങ്ങിയപ്പോള്‍ ചെന്നൈക്ക് ചെപ്പോക്കില്‍ ജയം നേടാന്‍ 18 പന്തില്‍ 54 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. 18-ാം ഓവര്‍ എറിയാനെത്തിയ സാംപയെ ഫോറടിച്ച് വരവേറ്റ ധോണി ആ ഓവറില്‍ ഒരു സിക്‌സറും പായിച്ചിരുന്നു. പിന്നീട് സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ നേടാനും ധോണിക്ക് സാധിച്ചിരുന്നു.
എന്നാല്‍ അവസാന ഓവറിലെ അവസാന പന്ത് അതിര്‍ത്തി കടത്താന്‍ ചെന്നൈ നായകന് സാധിക്കാതെ വന്നതോടെ മത്സരം രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു. റോയല്‍സിനെതിരെ ധോണി മിന്നും പ്രകടനം കാഴ്‌ചവച്ചെങ്കിലും മത്സരശേഷം ആരാധകര്‍ക്ക് ആശങ്ക പകരുന്ന വാര്‍ത്തയുമായി ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ് രംഗത്തെത്തിയിരുന്നു.