ദുബായ്: ഐപിഎല്‍ പതിനാലാം പതിപ്പ് ഏപ്രില്‍ ഒമ്പത് മുതല്‍ ആരംഭിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍. മെയ് 30 വരെ നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ ആറ് വേദികളിലായാണ് ഇത്തവണ നടക്കുക. ചെന്നൈയും കൊല്‍ക്കത്തയും ബംഗളൂരുവും ഡെല്‍ഹിയും അഹമ്മദാബാദും ഉള്‍പ്പെടെ അഞ്ച് വേദികളുടെ കാര്യത്തില്‍ തീരുമാനമായി. എന്നാല്‍ അറാമത്തെ വേദിയായ മുംബൈയുടെ കാര്യത്തില്‍ ധാരണയായിട്ടില്ല. മഹാരാഷ്‌ട്ര സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കാത്തതാണ് തടസമെന്നാണ് ബിസിസിഐ നല്‍കുന്ന സൂചന.
ഐപിഎല്‍ ഏപ്രില്‍ ഒമ്പത് മുതലെന്ന് ബിസിസിഐ വൃത്തങ്ങള്‍; ആറ് വേദികള്‍
ഐപിഎല്‍ പതിനാലാം പതിപ്പ് ഏപ്രില്‍ ഒമ്പത് മുതല്‍ മെയ് 30 വരെ നടക്കും. ആറ് വേദികളാണ് ഐപിഎല്ലിന് വേണ്ടി ഒരുക്കുക
ഇംഗ്ലണ്ടിന്‍റെ ഇന്ത്യന്‍ പര്യടനം അവസാനിച്ച് 12 ദിവസങ്ങള്‍ക്ക് ശേഷമാകും ഐപിഎല്ലിന് കൊടിയേറുക. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നിശ്ചിത ഓവര്‍ പരമ്പരകളാണ് ഇനി നടക്കാനുള്ളത്. ആദ്യം ടി20 പരമ്പരയും പിന്നാലെ ഏകദിന പരമ്പരയും നടക്കും. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാനത്തെ ഏകദിനം മാര്‍ച്ച് 28ന് പൂനെയിലാണ് നടക്കുക. കഴിഞ്ഞ തവണ യുഎഇയില്‍ ബയോ സെക്വയര്‍ ബബിളില്‍ ഐപിഎല്‍ നടന്നപ്പോള്‍ മുംബൈക്കായിരുന്നു കിരീടം. അന്ന് മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്.
ഇന്ന് മൊട്ടേരയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്നിങ്സിനും 25 റണ്‍സിനും ജയിച്ച ടീം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പോയിന്‍റ് പട്ടികയില്‍ ടേബിള്‍ ടോപ്പറായാണ് ഫിനിഷ് ചെയ്‌തത്. ജൂണ്‍ 18ന് ലോഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇംഗ്ലണ്ടിനെതിരായ പരമ്പര 3-1നാണ് ഇന്ത്യ ജയിച്ചത്.