ഹൈദരാബാദ്:ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് ഐപിഎല്‍ പതിനാറാം പതിപ്പിന്‍റെ തുടക്കം മുതല്‍ തന്നെ വിരാട് കോലിക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍, സ്‌ട്രൈക്ക് റേറ്റിനെ കുറിച്ച് ഉയര്‍ന്ന് കേട്ട പഴികളെയെല്ലാം ഗാലറിയിലെത്തിച്ചുകൊണ്ടായിരുന്നു ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കോലി റണ്‍സടിച്ചുകൂട്ടി മറുപടി നല്‍കിയത്. ഭുവനേശ്വര്‍ കുമാറിനെ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി കടത്തി റണ്‍വേട്ട തുടങ്ങിയ താരം അതേ ബോളറെ തന്നെ മിഡ്‌വിക്കറ്റില്‍ സിക്‌സര്‍ പറത്തി സെഞ്ച്വറി ആഘോഷിച്ച ശേഷമാണ് പുറത്തായത്.
സണ്‍റൈസേഴ്‌സിനെതിരായ നിര്‍ണായക മത്സരത്തില്‍ 63 പന്തില്‍ 100 അടിച്ച വിരാട് കോലിയാണ് പ്ലേഓഫ് മോഹങ്ങള്‍ നിലനിര്‍ത്താന്‍ ഇറങ്ങിയ ആര്‍സിബിക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഈ മത്സരത്തില്‍ 158.73 പ്രഹരശേഷിയില്‍ ബാറ്റ് ചെയ്‌ത കോലി 12 ഫോറും നാല് സിക്‌സും നേടിയിരുന്നു. ക്ലാസിക് ഷോട്ടുകളിലൂടെയായിരുന്നു കോലി മത്സരത്തില്‍ ഓരോ റണ്‍സും കണ്ടെത്തിയത്.
ഹൈദരാബാദിനെതിരായ മത്സരശേഷം സ്ട്രൈക്ക് റേറ്റിന്‍റെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ അതിന് മറുപടി നല്‍കാനും വിരാട് കോലി തയ്യാറായിരുന്നു. പുറത്ത് ഉള്ളവര്‍ പറയുന്നത് എന്താണെന്ന് ചിന്തിക്കാറില്ല. ഓരോ മത്സരത്തിലെയും ആദ്യ പന്ത് മുതല്‍ തന്നെ റണ്‍സടിക്കാനാണ് താന്‍ ശ്രമിക്കാറുള്ളത് എന്നായിരുന്നു കോലിയുടെ പ്രതികരണം.
'കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ബാറ്റ് കൊണ്ട് എനിക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്‌സില്‍ ഉള്‍പ്പടെ നടത്തിയ പരിശീലനം തിരിച്ചുവരവിന് അവസരമൊരുക്കി. അതുകൊണ്ട് തന്നെ മത്സരത്തില്‍ ഒരു ഇംപാക്‌ട് ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.