മുംബൈ: ഐപിഎൽ വിജയിക്കാനുള്ള വ്യത്യസ്‌ത വഴികൾ കാട്ടിത്തന്നുവെന്നും കളിയെക്കുറിച്ചുള്ള ധാരണയ്‌ക്ക് മറ്റൊരു മാനം നൽകാൻ സഹായിച്ചുവെന്നും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം വിരാട് കോലി. തന്‍റെ കഴിവുകൾ പ്രകടിപ്പിക്കാനും ലോകത്തിലെ തന്നെ ഏറ്റവും മികച്ചവരോട് മത്സരിക്കാനും അവരുമായി ഇടപഴകാനും ഐപിഎൽ വഴി സാധിച്ചുവെന്നും കോലി പറഞ്ഞു.
ലോകത്തിന്‍റെ പല കോണിൽ നിന്നുമുള്ളവരുമായി ഇടപഴകാം എന്നത് തന്നെയാണ് ഐപിഎൽ കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നാണ് ഞാൻ കരുതുന്നത്. ഇത് വളരെ പുരോഗമനപരമായ രീതിയിൽ മുന്നോട്ട് പോകാൻ എന്നെ സഹായിച്ചു. വ്യത്യസ്‌ത സാഹചര്യങ്ങളിൽ എങ്ങനെ കളിക്കാം, എങ്ങനെ ചിന്തിക്കാം തുടങ്ങിയ കാര്യങ്ങൾ മറ്റ് താരങ്ങളിൽ നിന്ന് പഠിക്കാൻ സാധിച്ചു, കോലി പറഞ്ഞു.
അതേസമയം ആർസിബിയോടൊപ്പമുള്ള യാത്രയെക്കുറിച്ചും കോലി വ്യക്‌തമാക്കി. നമ്മൾ കിരീടം നേടാത്തതെന്തെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്നാൽ കിരീടം നേടുന്നത് മാത്രമല്ല എല്ലാത്തിന്‍റെയും അവസാനം എന്നും ഞാൻ മനസിലാക്കി. കിരീടങ്ങൾ സ്വന്തമാക്കിയ നിരവധി മഹാൻമാർ ഉണ്ടെങ്കിലും ആരും തന്നെ അവരെ കിരീടം നേടിയവർ എന്ന് അഭിസംബോധന ചെയ്യില്ല.