മൊഹാലി :ഐപിഎല്‍ ചരിത്രത്തിലെ മിന്നും താരമാണെങ്കിലും അധികമാരും പരിഗണിക്കാത്ത പേരാണ് ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റേത്. ഐപിഎല്‍ ചരിത്രത്തിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനാണെങ്കിലും ടൂര്‍ണമെന്‍റിലെ മിന്നും താരങ്ങളുടെ പേരുചോദിച്ചാല്‍ പലരും ധവാന്‍റെ പേര് ഓര്‍ക്കാറേയില്ലെന്നതാണ് സത്യം. കൂടുതല്‍ പേരുടേയും ഉത്തരം വിരാട് കോലി, ക്രിസ് ഗെയ്‌ല്‍, എബി ഡിവില്ലിയേഴ്‌സ്, രോഹിത് ശർമ, എംഎസ് ധോണി എന്നിവരില്‍ ഒതുങ്ങുകയും ചെയ്യും.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ താരമാണ് ധവാന്‍. ഇപ്പോഴിതാ തന്‍റെ മികച്ച പ്രകടനത്തിലൂടെ ഐപിഎല്ലിലെ എക്കാലത്തേയും മിന്നും താരങ്ങളുടെ പട്ടികയില്‍ ഒരാളാണ് താനെന്ന് അടിവരയിട്ടിരിക്കുകയാണ് 37കാരനായ താരം. ഐപിഎല്‍ 2023 സീസണിലെ ആദ്യ മത്സരത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നിര്‍ണായക പ്രകടനമാണ് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായ ധവാന്‍ നടത്തിയത്.
രണ്ടാം വിക്കറ്റില്‍ ഭാനുക രജപക്സെയ്‌ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടുയർത്താന്‍ താരത്തിന് കഴിഞ്ഞു. ഇരുവരും ചേര്‍ന്ന് 86 റണ്‍സായിരുന്നു പഞ്ചാബ് ടോട്ടലില്‍ ചേര്‍ത്തത്. തന്‍റെ ഐപിഎല്‍ കരിയറില്‍ ഇത് 94ാം തവണയാണ് അർധ സെഞ്ചുറി കൂട്ടുകെട്ടില്‍ ധവാന്‍ പങ്കാളിയാവുന്നത്.
ഇതോടെ ഐപിഎല്ലിലെ ഒരു വമ്പന്‍ റെക്കോഡില്‍ വിരാട് കോലിക്ക് ഒപ്പം എത്തിയിരിക്കുകയാണ് ധവാന്‍. ഐപിഎൽ ചരിത്രത്തില്‍ ഏറ്റവും കൂടുതൽ അർധ സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായ താരമെന്ന റെക്കോഡാണ് ധവാന്‍ നേടിയത്. 83 അർധ സെഞ്ചുറി കൂട്ടുകെട്ടുകളിൽ പങ്കാളിയായിട്ടുള്ള സുരേഷ് റെയ്‌നയാണ് ഇരുവര്‍ക്കും പിന്നിലുള്ളത്.