ഗുവാഹത്തി :ഐപിഎല്‍ 16ാം സീസണിലെ ഫേവറേറ്റുകളുടെ പട്ടികയില്‍ മുന്നില്‍ തന്നെയാണ് മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സിന്റെ സ്ഥാനം. സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൂറ്റന്‍ വിജയം നേടിയ രാജസ്ഥാന് രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്സിനോട് തോല്‍വി വഴങ്ങിയിരുന്നു.
എന്നാല്‍ മൂന്നാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച സഞ്ജുവും സംഘവും വിജയ വഴിയില്‍ തിരിച്ചെത്തുകയും ചെയ്തു. ഡല്‍ഹി കാപിറ്റല്‍സിനെതിരെ തട്ടകമായ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ 57 റണ്‍സിനായിരുന്നു രാജസ്ഥാന് ജയം പിടിച്ചത്. മത്സരത്തില്‍ റണ്‍സെടുക്കാന്‍ സാധിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും ഏറെ ശ്രദ്ധേയമായിരുന്നു.
മത്സരത്തിന് ശേഷമുള്ള ടീം മീറ്റിങ്ങില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പരിശീലകന് കുമാര്‍ സംഗക്കാര അഭിനന്ദിക്കുകയും ചെയ്തു. ഇതിനിടെയുണ്ടായ രസകരമായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കവെ, താരം ബോളര്‍മാരെ നല്ല രീതിയില്‍ കൈകാര്യം ചെയ്തുവെന്നും എടുത്ത തീരുമാനങ്ങൾ മികച്ചതായിരുന്നുവെന്നും സംഗക്കാര പറഞ്ഞിരുന്നു. ഇതിന് ശേഷം രാജസ്ഥാന് പരിശീലകന് സംസാരം നിര്‍ത്താന്‍ തുടങ്ങവേ തന്റെ ക്യാച്ചിനെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന മട്ടില്‍ സഞ്ജു ആംഗ്യം കാണിക്കുകയായിരുന്നു.
ഇതോടെ, സോറി, ഞാന്‍ ആ ക്യാച്ചിനെ കുറിച്ച് മറന്നുവെന്നും, ഗംഭീര ക്യാച്ചായിരുന്നുവെന്നും പറഞ്ഞ് പൂര്‍ത്തിയാക്കുമ്പോള്‍ സംഗക്കാരയ്ക്ക് ചിരി അടക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സഞ്ജുവും സഹതാരങ്ങളും പൊട്ടിച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്.