കേരളം

kerala

ETV Bharat / sports

IPL 2023 | ധോണിപ്പടയ്‌ക്കെതിരെ തുടര്‍വിജയങ്ങള്‍, രോഹിതിന് പിന്നില്‍ രണ്ടാമന്‍; അപൂര്‍വ റെക്കോഡ് നേട്ടത്തില്‍ സഞ്‌ജു സാംസൺ

ഐപിഎല്‍ പതിനാറാം പതിപ്പില്‍ തമ്മിലേറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും സഞ്‌ജു സാംസണിന് കീഴിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം നേടിയിരുന്നു.

IPL 2023  ipl  sanju samson  captains with most wins against csk  ഐപിഎല്‍  ഐപിഎല്‍ 2023  സഞ്‌ജു സാംസണ്‍  എംഎസ് ധോണി  ചെന്നൈ സൂപ്പര്‍ കിങ്‌സ്  രാജസ്ഥാന്‍ റോയല്‍സ്
IPL

By

Published : Apr 28, 2023, 12:24 PM IST

ജയ്‌പൂര്‍: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നാല് പ്രാവശ്യമാണ് എംഎസ് ധോണിയുടെ നേതൃത്വത്തില്‍ സിഎസ്‌കെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. ഓരോ സീസണിലും എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ അധിപത്യം പുലര്‍ത്താനും അവര്‍ക്കായിട്ടുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മലര്‍ത്തിയടിക്കുക എന്നത് പല ടീമുകള്‍ക്കും ഐപിഎല്ലില്‍ ബാലി കേറാമലയാണ്. സ്വന്തം തട്ടകത്തില്‍പ്പോലും പലരും ചെന്നൈക്ക് മുന്നില്‍ വീഴാറുണ്ട്. സിഎസ്‌കെയുടെ മടയില്‍ കയറി അവരെ തോല്‍പ്പിക്കുക എന്നത് പലര്‍ക്കും ഇന്നും അസാധ്യമായ കാര്യമാണ്.

എന്നാല്‍ ഇപ്രാവശ്യം സഞ്‌ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ചെപ്പോക്കില്‍ പോയി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചിരുന്നു. 2008ന് ശേഷം ആദ്യമായിട്ടായിരുന്നു ചെപ്പോക്കിലെ രാജസ്ഥാന്‍റെ വിജയം. മൂന്ന് റണ്‍സിനായിരുന്നു ഈ മത്സരത്തില്‍ ചെന്നൈയെ രാജസ്ഥാന്‍ മലര്‍ത്തിയടിച്ചത്.

ഇതിന് പകരം വീട്ടാന്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെത്തിയപ്പോഴും ധോണിപ്പടയെ തകര്‍ക്കാന്‍ റോയല്‍സിനായി. ഇന്നലെ നടന്ന മത്സരത്തില്‍ 32 റണ്‍സിനായിരുന്നു ആതിഥേയരായ രാജസ്ഥാന്‍ ജയം പിടിച്ചത്. ഈ ജയത്തോടെ ഒരു അപൂര്‍വ നേട്ടം സ്വന്തമാക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണിനായി.

കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ജയം പിടിച്ച നായകന്മാരുടെ പട്ടികയില്‍ രോഹിത് ശര്‍മ്മയ്‌ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് നിലവില്‍ സഞ്‌ജു സാംസണ്‍. കഴിഞ്ഞ സീസണുകളിലുമായി കളിച്ച നാല് മത്സരങ്ങളിലും ധോണിപ്പടെ സഞ്‌ജുവിന്‍റെ കീഴില്‍ രാജസ്ഥാന്‍ തകര്‍ത്തുവിട്ടു. ഇതോടെയാണ് സഞ്‌ജുവും രാജസ്ഥാനും അപൂര്‍വ റെക്കോഡ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

Also Read :IPL 2023| 'അവന്‍ എല്ലാവര്‍ക്കും മാതൃകയാണ്'; സഞ്‌ജുവിന് പ്രശംസയുമായി പരിശീലകന്‍ കുമാര്‍ സംഗക്കാര

2019, 2020 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായ 5 പ്രാവശ്യമാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മയുടെ കീഴില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചിട്ടുള്ളത്. നേരത്തെ 2015ലും രോഹിതിന്‍റെ കീഴില്‍ ചെന്നൈക്കെതിരെ തുടര്‍ച്ചയായ മൂന്ന് ജയം സ്വന്തമാക്കാന്‍ മുംബൈക്കായിട്ടുണ്ട്. സഞ്‌ജു രണ്ടാം സ്ഥാനത്തേക്ക് എത്തിയതോടെ ധോണിയുടെ സിഎസ്‌കെയ്‌ക്കെതിരെ മൂന്ന് തുടര്‍ജയം നേടിയിട്ടുള്ള ജോര്‍ജ് ബെയ്‌ലി (പഞ്ചാബ് കിങ്സ് - 2014), ശ്രേയസ് അയ്യര്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2020, 2022), അനില്‍ കുംബ്ലെ (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 2009, 2010) എന്നിവരാണ് പിന്നിലേക്കായത്.

ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ യശ്വസി ജയ്‌സ്വാളിന്‍റെ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ 202 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ചെന്നൈക്ക് 170 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ചെന്നൈക്കെതിരായ ഈ ജയത്തോടെ ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ ഒന്നാം സ്ഥാനവും തിരിച്ചുപിടിച്ചിരുന്നു.

Also Read :IPL 2023 | തലപ്പത്ത് തിരിച്ചെത്തി സഞ്ജുവും സംഘവും, മൂന്നിലേക്ക് വീണ് ചെന്നൈ; മുന്നേറാനാകാതെ ഡല്‍ഹിയും ഹൈദരാബാദും

ABOUT THE AUTHOR

...view details