ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായുളള ധോണിയുടെ 200-ാമത്തെ മത്സരം ആയിരുന്നു ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്നത്. മത്സരത്തില്‍ 176 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈക്കായി എട്ടാമനായാണ് നായകന്‍ ധോണി ക്രീസിലേക്കെത്തിയത്. താളം കണ്ടെത്തി കത്തിക്കയറിയ സൂപ്പര്‍ കിങ്‌സ് നായകന്‍ 17 പന്ത് നേരിട്ട് 32 റണ്‍സ് നേടിയിരുന്നു.
സന്ദീപ് ശര്‍മ്മ എറിഞ്ഞ 20-ാം ഓവറില്‍ രണ്ട് സിക്‌സ് നേടിയെങ്കിലും ധോണിക്ക് ചെന്നൈയെ വിജയത്തിലെത്തിക്കാനായിരുന്നില്ല. അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ 1 റണ്‍സ് മാത്രമായിരുന്നു സന്ദീപ് ശര്‍മ്മ വഴങ്ങിയത്. മത്സരത്തിന് പിന്നാലെ താന്‍ എംഎസ് ധോണിക്കെതിരെ പ്രയോഗിച്ച തന്ത്രം എന്തായിരുന്നുവെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ പേസര്‍ രംഗത്തെത്തിയിരുന്നു.
അവസാന ഓവറില്‍ ജയിക്കാന്‍ ചെന്നൈക്ക് 21 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഈ സമയത്താണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ സന്ദീപ് ശര്‍മ്മയെ പന്തെറിയാന്‍ എത്തിച്ചത്. അവസാന ഓവര്‍ എറിയുന്നതിന് മുന്‍പ് രണ്ടോവര്‍ മാത്രമായിരുന്നു സന്ദീപ് മത്സരത്തില്‍ എറിഞ്ഞിരുന്നത്.
ഈ രണ്ടോവറില്‍ 13 റണ്‍സ് വഴങ്ങിയ താരം 1 വിക്കറ്റും സ്വന്തമാക്കിയിരുന്നു. ചെന്നൈയുടെ ഇന്‍ഫോം ബാറ്റര്‍ റിതുരാജ് ഗെയ്‌ക്‌വാദ് ആയിരുന്നു മത്സരത്തിന്‍റെ തുടക്കത്തില്‍ സന്ദീപിന് മുന്നില്‍ വീണത്.
ALSO READ:IPL 2023 | ആദ്യം പതറി, പിന്നെ തിരിച്ചുവന്നു ; അവസാന പന്തില്‍ 'തല'യെ പൂട്ടി സന്ദീപ് ശര്‍മ
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍ക്കെതിരെ പന്തെറിയാനെത്തിയ സന്ദീപ് തുടക്കത്തില്‍ തന്നെ സമ്മര്‍ദം അനുഭവപ്പെട്ടിരുന്നു. അവസാന ഓവറില്‍ രാജസ്ഥാന്‍ പേസറുടെ ആദ്യ രണ്ട് ശ്രമങ്ങളും വൈഡായാണ് കലാശിച്ചത്. പിന്നാലെ എറിഞ്ഞ രണ്ട് പന്തുകളും ധോണി ചെപ്പോക്ക് ഗാലറിയിലേക്ക് അടിച്ചുപറത്തി.