കേരളം

kerala

ETV Bharat / sports

IPL 2023 | ഗ്രൗണ്ടില്‍ ടിം ഡേവിഡിന്‍റെ 'താണ്ഡവം' ; ഗാലറിയില്‍ ആവേശത്തിലായി സച്ചിനും - വീഡിയോ - ഐപിഎല്‍

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന്‍റ അവസാന ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സറുകള്‍ പറത്തിയാണ് മുംബൈ ഇന്ത്യന്‍സിനെ ടിം ഡേവിഡ് ജയത്തിലെത്തിച്ചത്

IPL 2023  MI vs RR  Mumbai Indians  Rajasthan Royals  Sachin Tendulkar  Tim David  sachin tendulkar expression on tim david batting  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  ടിം ഡേവിഡ്  മുംബൈ ഇന്ത്യന്‍സ്  രാജസ്ഥാന്‍ റോയല്‍സ്  ഐപിഎല്‍  ഐപിഎല്‍ 2023
IPL

By

Published : May 1, 2023, 10:48 AM IST

മുംബൈ :അവസാന ഓവര്‍വരെ നീണ്ട ആവേശ പോരാട്ടത്തിനൊടുവിലാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പതിനാറാം പതിപ്പില്‍ തങ്ങളുടെ നാലാം ജയം സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലെ മൂന്നാം പന്തില്‍ ടിം ഡേവിഡ് നേടിയ സിക്‌സറിലൂടെ മുംബൈ മറികടക്കുകയായിരുന്നു. ടിം ഡേവിഡിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൈവിട്ടെന്ന് തോന്നിപ്പിച്ച മത്സരം മുംബൈക്ക് തിരികെ നല്‍കിയത്.

ആറാമനായി ക്രീസിലേക്കെത്തിയ ടിം ഡേവിഡ് 14 പന്തില്‍ 45 റണ്‍സ് നേടിയിരുന്നു. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു രാജസ്ഥാനെതിരെ ജയിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയിരുന്നത്. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തും അതിര്‍ത്തി കടത്തി ഡേവിഡ് ആതിഥേയര്‍ക്ക് ആവേശകരമായ ജയമാണ് സമ്മാനിച്ചത്.

ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ 20ാം ഓവറിലെ ആദ്യ പന്ത് സ്ട്രെയിറ്റ് ബൗണ്ടറി ലൈനിന് പുറത്തേക്കാണ് ഡേവിഡ് അടിച്ചകറ്റിയത്. അടുത്ത ബോള്‍ മിഡ് വിക്കറ്റിലൂടെ ഗാലറിയിലേക്ക് പറന്നു. മൂന്നാം പന്ത് ഡീപ്‌ സ്‌ക്വയര്‍ ലെഗിലൂടെ അതിര്‍ത്തി കടത്തി ടിം ഡേവിഡ് മുംബൈ ഇന്ത്യന്‍സിനെ ജയത്തിലേക്കെത്തിക്കുകയായിരുന്നു.

ടിം ഡേവിഡിന്‍റെ ഓരോ കൂറ്റനടിക്കും വന്‍ ആരവമാണ് വാങ്കഡേയിലെ ഗാലറിയില്‍ ആരാധകര്‍ മുഴക്കിയത്. ആരാധകരുടെ ആവേശത്തിനൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ചേര്‍ന്നിരുന്നു. അവസാന ഓവറിലെ രണ്ടാം പന്ത് ഡേവിഡ് ഗാലറിയിലെത്തിച്ചതോടെയാണ് ടീം മെന്‍റര്‍ കൂടിയായ സച്ചിനും ആവേശത്തിലായത്. ഡേവിഡിന്‍റെ സിക്‌സറിന് ചിരിച്ചുകൊണ്ട് ആവേശം കൊള്ളുന്ന സച്ചിന്‍റെ ദൃശ്യങ്ങള്‍ മൈതാനത്തെ ക്യാമറ കണ്ണുകള്‍ പകര്‍ത്തിയിരുന്നു.

നേരത്തെ, ഐപിഎല്‍ ചരിത്രത്തിലെ ആയിരാമത് മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ ആദ്യം ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറിയുമായി കത്തിക്കയറിയ മത്സരത്തില്‍ മറ്റ് രാജസ്ഥാന്‍ താരങ്ങള്‍ക്കൊന്നും ബാറ്റിങ്ങില്‍ കാര്യമായ സംഭാവനകളൊന്നും നല്‍കാനായില്ല. 62 പന്തില്‍ 124 റണ്‍സ് നേടിയ ജയ്‌സ്വാള്‍ റോയല്‍സ് ഇന്നിങ്‌സിന്‍റെ അവസാന ഓവറിലാണ് പുറത്തായത്.

Also Read :IPL 2023 | സൂര്യ അടിച്ചുയര്‍ത്തി, പിന്നിലേക്കോടി പിടിച്ചെടുത്ത് സന്ദീപ് ശര്‍മ ; മുംബൈ ബാറ്റര്‍ പുറത്തായ തകര്‍പ്പന്‍ ക്യാച്ച് - വീഡിയോ

മറുപടി ബാറ്റിങ്ങില്‍ ആതിഥേയരായ മുംബൈ ഇന്ത്യന്‍സിന് തുടക്കത്തില്‍ തന്നെ അവരുടെ നായകനെ നഷ്‌ടമായിരുന്നു. ക്രിസ് ഗ്രീന്‍ ഇഷാന്‍ കിഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ആതിഥേയരുടെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കുള്ള യാത്രയുടെ അടിത്തറ പാകിയത്. ഇവരെ നഷ്‌ടമായതിന് പിന്നാലെ സൂര്യകുമാര്‍ യാദവ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Also Read :IPL 2023 | 'സൂര്യ തുടങ്ങി, ഡേവിഡ് തീര്‍ത്തു'; വാങ്കഡേയില്‍ രാജസ്ഥാന്‍ റണ്‍മല കയറി മുംബൈ ഇന്ത്യന്‍സ്

29 പന്തില്‍ 55 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. സൂര്യ പുറത്തായതിന് പിന്നാലെ ആയിരുന്നു ടിം ഡേവിഡ് ക്രീസിലേക്കെത്തിയത്. അഞ്ചാം വിക്കറ്റില്‍ തിലക് വര്‍മയെ കൂട്ടുപിടിച്ച് പിന്നീട് വാങ്കഡേയില്‍ ഡേവിഡ് കത്തിക്കയറുകയായിരുന്നു.

ABOUT THE AUTHOR

...view details