ജയ്‌പൂർ:അവസാന ഓവറിലെ അവസാന പന്ത് വരെ ആവേശം നിറഞ്ഞ പോരിനൊടുവിലാണ് സവായ്‌മാൻസിങ് സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെ വീഴ്ത്തിയത്. ഐപിഎല്‍ ചരിത്രത്തിലെ മികച്ച നാലാമത്തെ റണ്‍ചേസാണ് റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് നടത്തിയത്.
രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സൺറൈസേഴ്‌സിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ അൻമോൽപ്രീത് സിങ്ങും അഭിഷേക് ശർമയും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 51 റൺസ് കൂട്ടിചേർത്തു. പിന്നീടും കൃത്യതയോടെ റൺസ് ഉയർത്താൻ സന്ദർശകർക്കായി.
13-ാം ഓവറിലാണ് ഹൈദരാബാദിന് രണ്ടാം വിക്കറ്റ് നഷ്‌ടമായത്. ഈ സമയം 12.4 ഓവറിൽ 116 എന്ന നിലയിലായിരുന്നു അവർ. പിന്നീട് കൃത്യമായ ഇടവേളകളിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ വിക്കറ്റ് വീഴ്ത്തി രാജസ്ഥാൻ മത്സരത്തിൽ പിടിമുറുക്കി.
അവസാന രണ്ട് ഓവറിൽ ജയം പിടിക്കാൻ ഹൈദരാബാദിന് 41 റൺസ് ആണ് വേണ്ടിയിരുന്നത്. ഈ സമയം 19-ാം ഓവർ എറിയാൻ സഞ്ജു പന്ത് ഏൽപ്പിച്ചത് കുൽദിപ് യാദവിനെ. ഗ്ലെൻ ഫിലിപ്‌സ് ആയിരുന്നു ക്രീസിൽ.
ഒവറിലെ ആദ്യ മൂന്ന് പന്തും ഫിലിപ്‌സ് സിക്‌സർ പറത്തി. നാലാം പന്ത് ഫോർ ആയി. ഇതോടെ അവസാന എട്ട് പന്തിൽ സണ്‍റൈസേഴ്‌സിന് ജയിക്കാൻ 19 റൺസ് മതിയെന്ന അവസ്ഥയിലേക്ക് മത്സരമെത്തി.
എന്നാൽ, ആ ഓവറിലെ അഞ്ചാം പന്തിൽ കൂറ്റൻ അടിക്ക് ശ്രമിച്ച് ഗ്ലെൻ ഫിലിപ്‌സ് പുറത്തായി. ഏഴ് പന്തില്‍ 25 റണ്‍സായിരുന്നു ഫിലിപ്‌സിന്‍റെ സമ്പാദ്യം. പിന്നാലെ എത്തിയ മാർക്കോ യാൻസൻ അവസാന പന്തിൽ രണ്ട് റൺസ് ഓടിയെടുത്തു. 19 ഓവർ അവസാനിക്കുമ്പോൾ 198-6 എന്ന നിലയിൽ ആയിരുന്നു ഹൈദരാബാദ്.
അവസാന ഓവറിൽ 17 റൺസ് പ്രതിരോധിക്കാനുള്ള ചുമതല റോയൽസ് നായകൻ സഞ്ജു സാംസൺ ഏൽപ്പിച്ചത് അവരുടെ വിശ്വസ്ഥനായ ബൗളർ സന്ദീപ് ശർമയ്ക്ക്. ഒരു പന്ത് മാത്രം നേരിട്ട അബ്‌ദുൽ സമദ് ആയിരുന്നു ഈ സമയം സ്ട്രൈക്കിങ് എൻഡിൽ. ഒവറിലെ ആദ്യ പന്തില്‍ തന്നെ വമ്പന്‍ ഷോട്ട് കളിക്കാനാണ് സമദ് ശ്രമിച്ചത്.
എന്നാൽ, സന്ദീപിന്‍റെ പന്ത് കൃത്യമായി മിഡിൽ ചെയ്യിക്കാൻ സമദിന് സാധിച്ചില്ല. സമദിന്‍റെ ബാറ്റിൽ കൊണ്ട് പന്ത് വായുവിലേക്ക് ഉയർന്നു പൊങ്ങി. ഷോർട് തേർഡ് മാനിൽ ഉണ്ടായിരുന്ന ഓബെദ് മക്കോയ് പന്തിനടുത്തേക്ക് ഓടിയെത്തിയെങ്കിലും കൃത്യമായി അതിനെ കൈപ്പിടിയിലൊതുക്കാനായില്ല.
ഈ സമയം സമദു യാൻസനും ചേർന്ന് രണ്ട് റൺസ് ഓടിയെടുത്തു. പുറത്താകലിൽ നിന്നും രക്ഷപ്പെട്ട സമദ് രണ്ടാം പന്ത് അതിർത്തി കടത്തി. ലോങ് ഓണില്‍ ഫീൽഡ് ചെയ്‌തിരുന്ന ജോ റൂട്ട് എസ്ആര്‍എച്ച് താരത്തിന്‍റെ ഷോട്ട് തട്ടിയാകറ്റാൻ ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. റൂട്ടിന്‍റെ ഇടത് കയ്യിലിടിച്ച പന്ത് ബൗണ്ടറി ലൈൻ കടന്നു.
പിന്നീടുള്ള മൂന്ന് പന്തിൽ സന്ദീപ് നാല് റൺസ് മാത്രം വഴങ്ങിയതോടെ രാജസ്ഥാൻ ക്യാമ്പിൽ ആശ്വാസം. അവസാന പന്തിൽ 5 റൺസ് വേണ്ടിയിരിക്കെ സമദിന്‍റെ ഷോട്ട് ലോങ്ങ് ഓഫിൽ നിന്ന ജോസ് ബട്ട്ലർ കൈപ്പിടിയിലൊതുക്കി. പിന്നാലെ രാജസ്ഥാന്‍ താരങ്ങള്‍ വിജയാഘോഷങ്ങളും തുടങ്ങി.
എന്നാല്‍ ഇതിന് പിന്നാലെയായിരുന്നു മത്സരത്തിലെ വമ്പന്‍ ട്വിസ്റ്റ്. സന്ദീപിന്‍റെ പന്ത് നോബോള്‍ വിധിച്ചു. പിന്നാലെ ലഭിച്ച ഫ്രീ ഹിറ്റ് സിക്‌സര്‍ പറത്തി സമദ് ആന്‍റി ക്ലൈമാക്‌സില്‍ സണ്‍റൈസേഴ്‌സിന് ജയം സമ്മാനിക്കുകയായിരുന്നു.
Also Read : IPL 2023 | 'അവസാന പന്ത് നോ ബോൾ, ഫ്രീ ഹിറ്റിൽ സിക്‌സ്'; വമ്പൻ ട്വിസ്റ്റിനൊടുവിൽ രാജസ്ഥാനെ മലർത്തിയടിച്ച് ഹൈദരാബാദ്