ജയ്‌പൂര്‍:ഐപിഎല്‍ പതിനാറാം പതിപ്പില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ഇന്നലെ സവായ്‌മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, ശേഷിക്കുന്ന പന്തുകളുടെ എണ്ണത്തില്‍ ഈ സീസണിലെ ഏറ്റവും വലിയ ജയമായിരുന്നു ഗുജറാത്ത് സ്വന്തമാക്കിയത്. ഈ ജയത്തോടെ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനും ഗുജറാത്തിനായി.
മൂന്നാമനായി ക്രീസിലെത്തിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്തിന് അതിവേഗ ജയം സമ്മാനിച്ചത്. ഗില്‍ പുറത്തായതിന് പിന്നാലെ എത്തിയ പാണ്ഡ്യ 15 പന്തില്‍ 39 റണ്‍സ് അടിച്ചുകൂട്ടി പുറത്താകാതെ നിന്നു. മൂന്ന് സിക്‌സും മൂന്ന് ഫോറും അടങ്ങിയതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്‌സ്.
രാജസ്ഥാന്‍ ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിനായി ഒന്നാം വിക്കറ്റില്‍ ശുഭ്‌മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ സഖ്യം 71 റണ്‍സായിരുന്നു കൂട്ടിച്ചേര്‍ത്തത്. പാണ്ഡ്യ ക്രീസിലേക്കെത്തിയതിന് പിന്നാലെ അവസാന 10 ഓവറില്‍ 48 റണ്‍സ് നേടിയാല്‍ അനായാസ ജയം സ്വന്തമാക്കാമെന്ന നിലയിലായിരുന്നു ഗുജറാത്ത്. ഗില്ലിനെ വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസത്തില്‍ മത്സരം തിരികെപ്പിടിക്കാമെന്ന പ്രതീക്ഷയില്‍ പന്തെറിഞ്ഞ റോയല്‍സിനെ ക്രീസിലെത്തിയപാടെ പാണ്ഡ്യ കടന്നാക്രമിക്കുകയായിരുന്നു.
രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദം സാംപയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ പ്രധാന ഇര. സാംപ എറിഞ്ഞ പതിനൊന്നാം ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും പാണ്ഡ്യ അടിച്ചെടുത്തു. സ്‌ട്രെയിറ്റിലേക്ക് ഒരു സിക്‌സര്‍ പറത്തിയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് സ്‌പിന്നറെ ഗുജറാത്ത് നായകന്‍ വരവേറ്റത്.
തൊട്ടടുത്ത പന്ത് കവറിലൂടെ ഒരു ഫോര്‍ നേടി. പിന്നീടുള്ള രണ്ട് പന്തും പാണ്ഡ്യ അതിര്‍ത്തി കടത്തി. സാംപയ്‌ക്ക് തലയ്‌ക്ക് മുകളിലൂടെയായിരുന്നു ഈ രണ്ട് സിക്‌സും പാണ്ഡ്യ പായിച്ചത്. ഈ ഓവറില്‍ 24 റണ്‍സാണ് ആദം സാംപ വഴങ്ങിയത്. യുസ്‌വേന്ദ്ര ചാഹല്‍, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ക്കെതിരെ ഓരോ ഫോറും പാണ്ഡ്യ നേടി. ഒടുവില്‍ 13.5 ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സ് വിജയത്തിലേക്ക് എത്തുകയായിരുന്നു.