കേരളം

kerala

ETV Bharat / sports

IPL 2023| 'അവന്‍ എല്ലാവര്‍ക്കും മാതൃകയാണ്'; സഞ്‌ജുവിന് പ്രശംസയുമായി പരിശീലകന്‍ കുമാര്‍ സംഗക്കാര - ഐപിഎല്‍

സഞ്‌ജു റണ്‍സ് കണ്ടെത്തുന്ന ശൈലി മറ്റ് താരങ്ങള്‍ക്കും പിന്തുടരാന്‍ സാധിക്കുന്നതാണെന്നും കുമാര്‍ സംഗക്കാര പറഞ്ഞു.

kumar sangakkara about sanju samson  rajasthan royals  IPL  IPL 2023  rr head coach  sanju samson  sangakkara about sanju samson  കുമാര്‍ സംഗക്കാര  സഞ്‌ജു സാംസണ്‍  രാജസ്ഥാന്‍ റോയല്‍സ്  ഐപിഎല്‍  ഐപിഎല്‍ 2023
Sanju Samson

By

Published : Apr 28, 2023, 10:19 AM IST

ജയ്‌പൂര്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ജയത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ് പ്രശംസയുമായി പരിശീലകന്‍ കുമാര്‍ സംഗക്കാര. മത്സരത്തിന് ശേഷമുള്ള ടീം മീറ്റിങ്ങിനിടെയാണ് സംഗക്കാരയുടെ പ്രതികരണം. സ്വന്തം താല്‍പര്യങ്ങള്‍ക്ക് ഉപരിയായി സഞ്‌ജു ടീമിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് റോയല്‍സ് പരിശീലകന്‍ അഭിപ്രായപ്പെട്ടു.

'സ്‌കിപ്പര്‍, നിങ്ങളുടെ പ്രകടനങ്ങള്‍ക്ക് നന്ദി. നിങ്ങള്‍ ടീമിന് വേണ്ടിയാണ് എപ്പോഴും ബാറ്റ് ചെയ്യുന്നത്. ജോസ് ബട്‌ലര്‍ ഇക്കാര്യം നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നതാണ്.

റണ്‍സിനെ കുറിച്ചല്ല, അവന്‍ എങ്ങനെയാണ് അത് സ്‌കോര്‍ ചെയ്യുന്നത് എന്ന രീതിയാണ് പ്രധാനമായും നോക്കേണ്ടത്. അതില്‍ നിന്ന് തന്നെ അവന്‍റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാകും. മറ്റുള്ള താരങ്ങള്‍ക്കും സഞ്‌ജുവിന്‍റെ ശൈലി പിന്തുടരാമെന്നാണ് ഞാന്‍ കരുതുന്നത്' സംഗക്കാര അഭിപ്രായപ്പെട്ടു. ഇതിന്‍റെ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സിനായി സഞ്‌ജു സാംസണ്‍ 17 റണ്‍സാണ് നേടിയത്. പതിനേഴ് പന്ത് നേരിട്ടായിരുന്നു സഞ്‌ജു അത്ര തന്നെ റണ്‍സടിച്ചത്. ജോസ്‌ ബട്‌ലര്‍ പുറത്തായതിന് പിന്നാലെ മൂന്നാമനായാണ് രാജസ്ഥാന്‍ നായകന്‍ ക്രീസിലേക്കെത്തിയത്.

ഒരു വശത്ത് യശ്വസി ജയ്‌സ്വാള്‍ തകര്‍പ്പന്‍ അടികളുമായി റണ്‍സ് ഉയര്‍ത്തിയപ്പോള്‍ മറുവശത്ത് ആങ്കര്‍ റോളില്‍ സഞ്‌ജു ബാറ്റ് വീശി. മത്സരത്തില്‍ ഒരു ഫോര്‍ മാത്രമായിരുന്നു സഞ്‌ജു നേടിയത്. മത്സരത്തിന്‍റെ പതിനാലാം ഓവറില്‍ തുഷാര്‍ ദേശ്‌പാണ്ഡെയാണ് രാജസ്ഥാന്‍ നായകന്‍റെ വിക്കറ്റ് സ്വന്തമാക്കിയത്.

ഐപിഎല്‍ പതിനാറാം പതിപ്പില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സഞ്‌ജു സാംസണിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എട്ട് മത്സരങ്ങളില്‍ നിന്ന് 24.75 ശരാശരിയില്‍ ഇതുവരെ 198 റണ്‍സാണ് സഞ്‌ജുവിന്‍റെ അക്കൗണ്ടിലുള്ളത്. രണ്ട് അര്‍ധസെഞ്ച്വറികള്‍ മാത്രമാണ് താരത്തിന് ഇതുവരെ നേടാനായത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ രാജസ്ഥാന്‍റെ ആദ്യ മത്സരത്തിലും ഗുജറാത്തിനെതിരായ അഞ്ചാം മത്സരത്തിലുമായിരുന്നു സഞ്‌ജുവിന്‍റെ ബാറ്റില്‍ നിന്നും അര്‍ധസെഞ്ച്വറി പിറന്നത്. അതേസമയം, ചെന്നൈക്കെതിരായ മത്സരത്തില്‍ 32 റണ്‍സിന്‍റെ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്.

ഈ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും സഞ്‌ജുവിനും സംഘത്തിനുമായി. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 202 റണ്‍സടിച്ചാണ് മടങ്ങിയത്. യശ്വസി ജയ്‌സ്വാളിന്‍റെ (77) അര്‍ധസെഞ്ച്വറിയും ധ്രുവി ജുറെല്‍ (34), ദേവ്‌ദത്ത് പടിക്കല്‍ എന്നിവരുടെ ബാറ്റിങ്ങുമാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങില്‍ റിതുരാജ് ഗെയ്‌ക്‌വാദ് (47), ശിവം ദുബെ (52) എന്നിവരൊഴികെ മറ്റാര്‍ക്കും ചെന്നൈ നിരയില്‍ താളം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ അവരുടെ പോരാട്ടം 170 റണ്‍സില്‍ അവസാനിച്ചു. തോല്‍വിയോടെ ചെന്നൈ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു.

Also Read:IPL 2023 | തലപ്പത്ത് തിരിച്ചെത്തി സഞ്ജുവും സംഘവും, മൂന്നിലേക്ക് വീണ് ചെന്നൈ; മുന്നേറാനാകാതെ ഡല്‍ഹിയും ഹൈദരാബാദും

ABOUT THE AUTHOR

...view details