കേരളം

kerala

ETV Bharat / sports

IPL 2023 | ഒറ്റയ്‌ക്ക് പൊരുതി തിലക്‌ വര്‍മ; ബാംഗ്ലൂരിനെതിരെ മുംബൈയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍ - മുംബൈ ഇന്ത്യന്‍സ്

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യന്‍സ് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 171 റണ്‍സെടുത്തു. അപരാജിത അര്‍ധ സെഞ്ചുറി നേടിയ തിലക് വര്‍മ ആണ് മുംബൈയെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്

IPL  Challengers Bangalore vs Mumbai Indians  Challengers Bangalore  Mumbai Indians  IPL 2023  MI vs RCB  Tilak Varma  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്  തിലക് വര്‍മ  ഐപിഎല്‍  ഐപിഎല്‍ 2023  മുംബൈ ഇന്ത്യന്‍സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഒറ്റയ്‌ക്ക് പൊരുതി തിലക്‌ വര്‍മ

By

Published : Apr 2, 2023, 10:03 PM IST

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 172 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തിലാണ് 171 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ തിലക് വര്‍മയുടെ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

പുറത്താവാതെ 46 പന്തില്‍ 84 റണ്‍സാണ് തിലക് നേടിയത്. ഒമ്പത് ഫോറുകളും നാല് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. മോശം തുടക്കമായിരുന്നു സംഘത്തിന് ലഭിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോഴേക്കും സംഘത്തിന് മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ , രോഹിത് ശർമ എന്നിവരാണ് വേഗം മടങ്ങിയത്.

13 പന്തില്‍ 10 റണ്‍സെടുത്ത ഇഷാന്‍ കിഷനെ മുഹമ്മദ് സിറാജ് ഹര്‍ഷല്‍ പട്ടേലിന്‍റെ കയ്യിലെത്തിച്ചപ്പോള്‍ 4 പന്തില്‍ 5 റണ്‍സെടുത്ത ഗ്രീനിനെ റീസ് ടോപ്ലി ബൗള്‍ഡാക്കുകയായിരുന്നു. പിടിച്ച് നില്‍ക്കാന്‍ ശ്രമം നടത്തിയ രോഹിത്തിനെ ആകാശ് ദീപിന്‍റെ പന്തില്‍ ദിനേശ് കാര്‍ത്തികാണ് പിടികൂടിയത്. 10 പന്തില്‍ ഒരു റണ്‍സ് മാത്രമാണ് മുംബൈ നായകന് നേടാന്‍ കഴിഞ്ഞത്.

തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തിയതോടെ മുംബൈ 8.5 ഓവറില്‍ നാലിന് 48 എന്ന നിലയിലേക്ക് തകര്‍ന്നു. തുടര്‍ന്ന് ഒന്നിച്ച തിലക് വര്‍മയും നേഹൽ വാധേരയും സംഘത്തിന് പ്രതീക്ഷ നല്‍കി.

എന്നാല്‍ നേഹൽ വാധേരയെ പുറത്താക്കി കർൺ ശർമ ബാംഗ്ലൂരിനെ തിരിച്ചെത്തിച്ചു. അഞ്ചാം വിക്കറ്റില്‍ തിലകിനൊപ്പം 50 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് നേഹൽ മടങ്ങിയത്. 13 പന്തില്‍ 21 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. തുടര്‍ന്നെത്തിയ തകര്‍പ്പനടിക്കാരന്‍ ടിം ഡേവിഡും (7 പന്തില്‍ 4), ഹൃത്വിക് ഷോക്കീനും (3 പന്തില്‍ 5) അധികം ആയുസുണ്ടായിരുന്നില്ല.

തുടര്‍ന്ന് തിലകിനൊപ്പം ചേര്‍ന്ന അർഷാദ് ഖാൻ കൂടുതല്‍ വിക്കറ്റ് നഷ്‌ടപ്പെടുത്താതെ തകര്‍പ്പനടികളുമായി മുംബൈയെ ഭേദപ്പെട്ട നിലയില്‍ എത്തിക്കുകയായിരുന്നു.9 പന്തില്‍ 15 റണ്‍സാണ് അർഷാദ് ഖാൻ നേടിയത്. എട്ടാം വിക്കറ്റില്‍ പിരിയാതെ ഇരുവരും 18 പന്തില്‍ 48 റണ്‍സ് നേടിയിരുന്നു. അവസാന അഞ്ച് ഓവറില്‍ ബാംഗ്ലൂര്‍ ബോളര്‍മാര്‍ക്കെതിരെ കടുത്ത ആക്രമണമാണ് മുംബൈ നടത്തിയത്. രണ്ട് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടപ്പോള്‍ 69 റണ്‍സാണ് ടീം ടോട്ടലില്‍ ചേര്‍ന്നത്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിങ്‌ ഇലവൻ): വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), ഗ്ലെൻ മാക്‌സ്‌വെൽ, മൈക്കൽ ബ്രേസ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, ഹർഷൽ പട്ടേൽ, ആകാശ് ദീപ്, റീസ് ടോപ്ലി, മുഹമ്മദ് സിറാജ്.

മുംബൈ ഇന്ത്യൻസ് (പ്ലേയിങ്‌ ഇലവൻ): രോഹിത് ശർമ(ക്യാപ്റ്റന്‍), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്, കാമറൂൺ ഗ്രീൻ, തിലക് വർമ്മ, ടിം ഡേവിഡ്, നെഹാൽ വധേര, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ജോഫ്ര ആർച്ചർ, അർഷാദ് ഖാൻ.

ABOUT THE AUTHOR

...view details