ബെംഗളൂരു : ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 213 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തിലാണ് 212 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുടെ മികവിലാണ് ബംഗ്ലൂര്‍ മികച്ച സ്‌കോറിലേക്ക് കുതിച്ചത്.
ക്യാപ്‌റ്റന്‍ ഫാഫ് ഡുപ്ലെസിസാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്‌കോറര്‍. 46 പന്തില്‍ പുറത്താവാതെ 79 റണ്‍സാണ് താരം നേടിയത്. 5 ഫോറുകളും 5 സിക്‌സുകളും ഉള്‍പ്പെടുന്നതാണ് താരത്തിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 44 പന്തില്‍ നാല് വീതം ഫോറുകളും സിക്‌സറുകളുമായി 61 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഗ്ലെന്‍ മാക്‌സ്‌വെല്‍ 29 പന്തില്‍ 3 ഫോറുകളും ആറ് സിക്‌സും സഹിതം 59 റണ്‍സാണ് അടിച്ചെടുത്തത്.
മികച്ച തുടക്കമായിരുന്നു ബാംഗ്ലൂരിന് ഓപ്പണര്‍മാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും നല്‍കിയത്. ജയദേവ് ഉനദ്‌ഘട്ട് എറിഞ്ഞ ആദ്യ ഓവറില്‍ നാല് റണ്‍സായിരുന്നു ബാഗ്ലൂരിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ അവേശ് ഖാന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ സിക്‌സും ഫോറും കണ്ടെത്തിയ കോലി വെടിക്കെട്ടിന് തുടക്കമിട്ടു. ഇതിന് ശേഷം ഡുപ്ലെസിസിനെ ഒരറ്റത്ത് കാഴ്‌ചക്കാരനാക്കി താരം കത്തിക്കയറുകയായിരുന്നു.
പവര്‍ പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സായിരുന്നു കോലി നേടിയത്. ഇതില്‍ 42 റണ്‍സും കോലിയുടെ വകയായിരുന്നു തുടര്‍ന്ന് 35 പന്തുകളില്‍ കോലി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. സീസണില്‍ കോലി നേടുന്ന രണ്ടാം അര്‍ധ സെഞ്ചുറിയാണിത്. ഒടുവില്‍ 12ാം ഓവറിന്‍റെ മൂന്നാം പന്തില്‍ കോലിയെ പുറത്തായക്കിയ അമിത് മിശ്രയാണ് ലഖ്‌നൗവിന് ആശ്വാസം നല്‍കിയത്.