ബെംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 226 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഡെവോൺ കോൺവേ, ശിവം ദുബെ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് ടീമിനെ മികച്ച നിലയില്‍ എത്തിച്ചത്.
ഭേദപ്പെട്ട തുടക്കമായിരുന്നു ചെന്നൈക്ക് ലഭിച്ചത്. ഇന്നിങ്‌സിന്‍റെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിനെ സംഘത്തിന് നഷ്‌ടമായിരുന്നു. ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടിയ റിതുരാജിനെ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ വെയ്ൻ പാർനെൽ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച ഡെവോൺ കോൺവേ-അജിങ്ക്യ രഹാനെ സഖ്യം തകര്‍ത്തടിച്ചതോടെ പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 53 റണ്‍സ് എന്ന നിലയിലേക്ക് എത്താന്‍ ചെന്നൈക്ക് കഴിഞ്ഞു.
അപകടകരമായി മുന്നേറിയ ഈ കൂട്ടുകെട്ട് 10-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ രഹാനെയെ വീഴ്‌ത്തിയാണ് ബാംഗ്ലൂര്‍ പൊളിച്ചത്. 20 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്‌സും സഹിതം 37 റണ്‍സെടുത്ത രഹാനെയെ വാനിന്ദു ഹസരംഗ ബൗള്‍ഡാക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 74 റണ്‍സാണ് കോൺവേയും രഹാനെയും നേടിയത്. 10-ാം ഓവറില്‍ തന്നെ 32 പന്തുകളില്‍ കോണ്‍വേ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു.
നാലാം നമ്പറിലെത്തിയ ശിവം ദുബെ തുടക്കം മുതല്‍ അടി തുടങ്ങിയതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. 11-ാം ഓവറില്‍ നൂറ് കടന്ന ചെന്നൈ 15-ാം ഓവറില്‍ 160 റണ്‍സും പിന്നിട്ടു. 16-ാം ഓവറിന്‍റെ നാലാം പന്തില്‍ കോണ്‍വെ മടങ്ങുമ്പോള്‍ 170 റണ്‍സായിരുന്നു ചെന്നൈയുടെ ടോട്ടലില്‍ ഉണ്ടായിരുന്നത്. 45 പന്തില്‍ ആറ് വീതം സിക്‌സുകളും ഫോറുകളും സഹിതം 83 റണ്‍സടിച്ചാണ് താരം മടങ്ങിയത്.