ബെംഗളൂരു:ഇന്ത്യൻ പ്രീമിയർ ലീഗിലെ വാശിയേറിയ പോരാട്ടത്തിൽ ബാംഗ്ലൂരിനെ കീഴടക്കി ചെന്നൈ സൂപ്പർ കിങ്സ്. ചെന്നൈയുടെ 227 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂർ അടിക്ക് തിരിച്ചടിയെന്നോണം പൊരുതിയെങ്കിലും വിജയലക്ഷ്യത്തിന് 8 റൺസ് അകലെ വീഴുകയായിരുന്നു.
ചെന്നൈയുടെ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന്‍റെ തുടക്കം തന്നെ തിരിച്ചടിയോടെയായിരുന്നു. ഇന്നിങ്‌സിന്‍റെ നാലാം പന്തില്‍ തന്നെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെ സംഘത്തിന് നഷ്‌ടമായി. ഇംപാക്‌ട് പ്ലെയറായെത്തിയ ആകാശ് സിങ്ങിന്‍റെ പന്തില്‍ ബൗള്‍ഡായാണ് കോലി (4 പന്തില്‍ 6) തിരിച്ച് കയറിയത്.
മൂന്നാം നമ്പറിലെത്തിയ മഹിപാൽ ലോംറോറിനും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. രണ്ടാം ഓവറിന്‍റെ അവസാന പന്തില്‍ തുഷാർ ദേശ്പാണ്ഡെയാണ് താരത്തെ മടക്കിയത്. ഈ സമയം 15 റണ്‍സായിരുന്നു ബാംഗ്ലൂര്‍ ടോട്ടലിലുണ്ടായിരുന്നത്. തുടര്‍ന്ന് ക്രീസിലൊന്നിച്ച ഫാഫ് ഡുപ്ലെസിസും ഗ്ലെന്‍ മാക്‌സ്‌വെലും ചേര്‍ന്ന് പ്രത്യാക്രമണം ആരംഭിച്ചു.
പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 72 റണ്‍സാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞത്. സീസണില്‍ ഇതേവരെയുള്ളതില്‍ വച്ച് ബാംഗ്ലൂരിന്‍റെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്. രവീന്ദ്ര ജഡേജ എറിഞ്ഞ ഏഴാം ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞത്.
എന്നാല്‍ മതീഷ പതിരണ എറിഞ്ഞ എട്ടാം ഓവറില്‍ മാക്‌സ്‌വെല്‍ 12 റണ്‍സ് അടിച്ചതോടെ ബാംഗ്ലൂര്‍ ട്രാക്കിലായി. തൊട്ടടുത്ത ഓവറില്‍ ബാംഗ്ലൂര്‍ 100 കടന്നു. ഇതേ ഓവറില്‍ 23 പന്തുകളില്‍ നിന്നും ഡുപ്ലെസിസ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. പിന്നാലെ 24 പന്തുകളില്‍ നിന്നും മാക്‌സ്‌വെല്ലും അര്‍ധ സെഞ്ചുറിയിലെത്തി.
മത്സരത്തിലേക്ക് തിരിച്ചെത്തി ചെന്നൈ: ഒടുവില്‍ 13-ാം ഓവറിന്‍റെ ആദ്യ പന്തില്‍ മാക്‌സ്‌വെല്ലിനെ വീഴ്‌ത്തിയ പതിരണയാണ് ചെന്നൈക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. ചെന്നൈ ബോളർമാരെ പഞ്ഞിക്കിട്ട മാക്‌സ്‌വെൽ 36 പന്തിൽ എട്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 76 റൺസ് നേടിയാണ് പുറത്തായത്. തൊട്ടു പിന്നാലെ നായകൻ ഫഫ് ഡുപ്ലസിസും വീണു. 33 പന്തിൽ നാല് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 62 റൺസ് എടുത്ത താരത്തെ മൊയിൻ അലി ധോണിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
ഇതോടെ ചെന്നൈ മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാൽ തുടർന്ന് ക്രീസിലെത്തിയ ദിനേഷ് കാർത്തിക്ക് ഒരു വശത്ത് തകർത്തടിച്ച് തുടങ്ങി. എന്നാൽ ടീം സ്കോർ 191ൽ നിൽക്കെ കാർത്തിക്കിനെ മഹീഷ് തീക്ഷ്ണ പുറത്താക്കി. 14 പന്തിൽ 28 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം. ഇതോടെ ബാംഗ്ലൂർ നിര പരുങ്ങലിലായി. പിന്നാലെ ഇംപാക്ട് പ്ലയറായി പ്രഭുദേശായിയെ ബാംഗ്ലൂർ കളത്തിലിറക്കി.
ഇതിനിടെ 17-ാം ഓവറിൽ പാർനെലിനെ (2) തുഷാർ ദേശ്പാണ്ഡെ പുറത്താക്കി. അവസാന ഓവറിൽ 19 റൺസായിരുന്നു ബാംഗ്ലൂരിൻ്റെ വിജയലക്ഷ്യം. എന്നാൽ എട്ട് റൺസ് അകലെ ബാംഗ്ലൂർ വീഴുകയായിരുന്നു. പ്രഭുദേശായി 19 റൺസുമായും ഹസരങ്ക രണ്ട് റൺസുമായും പുറത്താകാതെ നിന്നു. ചെന്നൈക്കായി തുഷാർ ദേശ്പാണ്ഡെ മൂന്ന് വീക്കറ്റ് വീഴ്ത്തിയപ്പോൾ മതീഷ പതിരണ രണ്ട് വിക്കറ്റും മൊയിൻ അലി, മഹീഷ് തീക്ഷ്ണ, ആകാശ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ഫയറായി കോണ്‍വേയും ദുബെയും:നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 226 റണ്‍സ് അടിച്ച് കൂട്ടിയത്. തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ ഡെവോൺ കോൺവേ, ശിവം ദുബെ എന്നിവരുടെ ഇന്നിങ്‌സാണ് ചെന്നൈയെ ഹിമാലയന്‍ സ്‌കോറിലെത്തിച്ചത്.