ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് നേടിയത് 16-ാം സീസണിലെ ആദ്യ വിജയമാണ്. അര്‍ധ സെഞ്ചുറിയുമായി മുന്നില്‍ നിന്നും നയിച്ച നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനമായിരുന്നു മുംബൈക്ക് വിജയമൊരുക്കിയത്. 45 പന്തുകളില്‍ ആറ് ഫോറും നാല് സിക്‌സും ഉൾപ്പെടെ 65 റൺസായിരുന്നു രോഹിത് അടിച്ച് കൂട്ടിയത്.
24 ഇന്നിങ്‌സുകളുടെ ഇടവേളയ്‌ക്ക് ശേഷമാണ് ഐപിഎല്ലില്‍ രോഹിത് അര്‍ധ സെഞ്ചുറി നേടുന്നത്. ഈ പ്രകടനത്തോടെ ഐപിഎല്ലിലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും 35കാരനായ രോഹിത്തിന് കഴിഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.
നിലവില്‍ 33 മത്സരങ്ങളില്‍ നിന്നും 32.56 ശരാശരിയില്‍ 977 റണ്‍സാണ് ഡല്‍ഹിക്കെതിരെ രോഹിത്തിന്‍റെ അക്കൗണ്ടിലുള്ളത്. ആറ് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 131.14 പ്രഹര ശേഷിയിലാണ് താരത്തിന്‍റെ പ്രകടനം. ഇതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയാണ് പിന്നിലായത്.
26 മത്സരങ്ങളില്‍ നിന്നും 51.38 ശരാശരിയില്‍ 925 റണ്‍സാണ് വിരാട് കോലി ഡല്‍ഹിക്കെതിരെ നേടിയിട്ടുള്ളത്. എട്ട് അര്‍ധ സെഞ്ചുറികള്‍ കണ്ടെത്തിയ താരത്തിന്‍റെ പ്രഹരശേഷി 134.05 ആണ്. അജിങ്ക്യ രഹാനെയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 20 മത്സരങ്ങളില്‍ നിന്നും 60.92 ശരാശരിയില്‍ 792 റണ്‍സാണ് താരം നേടിയിട്ടുള്ളത്.
ഡല്‍ഹിക്കെതിരെ ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറികളുമാണ് രഹാനെ അടിച്ചിട്ടുള്ളത്. റോബിന്‍ ഉത്തപ്പ (28 മത്സരങ്ങളില്‍ നിന്നും 29.60 ശരാശരിയില്‍ 740 റണ്‍സ്), സുരേഷ് റെയ്‌ന (26 മത്സരങ്ങളില്‍ നിന്നും 28.73 ശരാശരിയില്‍ 661 റണ്‍സ്) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്ത്.
അതേസമയം മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു മുംബൈ ഡല്‍ഹിയെ തോല്‍പ്പിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി 19.4 ഓവറില്‍ 172 റണ്‍സിന് ഔള്‍ഔട്ട് ആവുകയായിരുന്നു. മറുപടിക്കിറങ്ങിയ മുംബൈ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സെടുത്ത് അവസാന പന്തിലാണ് ജയം ഉറപ്പിച്ചത്.
സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വഴങ്ങുന്ന തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. രോഹിത്തിന് പുറമെ തിലക് വര്‍മ (29 പന്തില്‍ 41), ഇഷാന്‍ കിഷന്‍ (26 പന്തില്‍ 31) എന്നിവരും നിര്‍ണായ സംഭാവന നല്‍കി. എന്നാല്‍ ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കായി തിരിച്ച് കയറിയത് ആരാധകര്‍ക്ക് നിരാശ നല്‍കിയിരുന്നു.
തന്‍റെ അവസാന ആറ് വൈറ്റ് ബോള്‍ ഇന്നിങ്‌സുകളില്‍ ഇതു നാലാം തവണയാണ് 32കാരനായ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങുന്നത്. നേരത്തെ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലാണ് മൂന്ന് തവണ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ തിരിച്ച് കയറിയത്.
ALSO READ: IPL 2023| 'ബാംഗ്ലൂര്‍ ടീമില്‍ സ്ഥാനത്തിനായല്ല കോലി കളിക്കുന്നത്'; ഡൗളിന്‍റെ വിമര്‍ശനത്തിന്‍റെ മുനയൊടിച്ച് സല്‍മാന്‍ ബട്ട്