ചെന്നൈ :പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 200 കടത്തിയത് അവസാന ഓവറിലെ എംഎസ് ധോണിയുടെ വെടിക്കെട്ട് ഫിനിഷിങ്ങാണ്. മത്സരത്തില്‍ നാല് പന്ത് മാത്രം നേരിട്ട ധോണി 13 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് തകര്‍പ്പന്‍ സിക്‌സറുകളും ചെന്നൈ നായകന്‍ പായിച്ചിരുന്നു.
രവീന്ദ്ര ജഡേജ പുറത്തായതിന് പിന്നാലെ അവസാന ഓവറിലായിരുന്നു ധോണി ബാറ്റ് ചെയ്യാനായി ക്രീസിലേക്കെത്തിയത്. പഞ്ചാബിന്‍റെ സ്റ്റാര്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കറനായിരുന്നു ഈ സമയം ബോള്‍ ചെയ്‌തിരുന്നത്. ഓവറിലെ അഞ്ചാം പന്ത് സ്‌ക്വയറിലേക്ക് കട്ട് ചെയ്‌താണ് എംഎസ്‌ഡി അതിര്‍ത്തി കടത്തിയത്.
ലോ ഫുള്‍ടോസായ ഓവറിലെ അവസാന പന്ത് മിഡ് വിക്കറ്റിലൂടെ ആയിരുന്നു ധോണി ചെപ്പോക്കിലെ ഗാലറിയിലെത്തിച്ചത്. ഇതോടെ ഐപിഎല്‍ ക്രിക്കറ്റില്‍ അവസാന ഓവറില്‍ മാത്രം ധോണി പായിച്ച സിക്‌സറുകളുടെ എണ്ണം 57 ആയി. ഈ സീസണില്‍ ഇത് രണ്ടാം പ്രാവശ്യമാണ് തുടര്‍ച്ചയായ രണ്ട് പന്തുകള്‍ അതിര്‍ത്തി കടത്തി ധോണി ആരാധകരെ ആവേശത്തിലാക്കുന്നത്.
സിഎസ്‌കെയുടെ സീസണിലെ ആദ്യ ഹോം മത്സരത്തിലായിരുന്നു തല ധോണി ആദ്യം തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ സിക്‌സറുകള്‍ നേടിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിലായിരുന്നു ഇത്. അന്ന് ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡായിരുന്നു ധോണിയുടെ അടിയേറ്റുവാങ്ങിയത്.
പഞ്ചാബിനെതിരെ ധോണി തകര്‍പ്പന്‍ അടികളിലൂടെ ഇന്നിങ്‌സ് ഫിനിഷ് ചെയ്‌തതിന് ധോണിയുടെ ബാറ്റിങ്ങിനെ പ്രശംസിച്ച് ഇന്ത്യയുടെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെയും മുന്‍ താരമായ റോബിന്‍ ഉത്തപ്പ രംഗത്തെത്തിയിരുന്നു. പ്രതാപകാലത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയില്‍ ധോണി ഇപ്പോഴും ബാറ്റ് ചെയ്യുന്നത് അത്ഭുതകരമായ കാര്യമാണെന്ന് ഉത്തപ്പ പറഞ്ഞു. ചെന്നൈ പഞ്ചാബ് മത്സരത്തിനിടെ ജിയോ സിനിമയിലൂടെയായിരുന്നു മുന്‍ താരത്തിന്‍റെ പ്രതികരണം.
Also Read :IPL 2023 | ഗ്രൗണ്ടില്‍ ടിം ഡേവിഡിന്‍റെ 'താണ്ഡവം' ; ഗാലറിയില്‍ ആവേശത്തിലായി സച്ചിനും - വീഡിയോ
'എംഎസ് ധോണി ക്രീസിലേക്ക് വരുന്നു, അദ്ദേഹത്തിന് മികച്ച രീതിയില്‍ എന്താണ് ചെയ്യാന്‍ കഴിയുന്നത്, അത് ചെയ്യുന്നു. അദ്ദേഹം വലിയ ഷോട്ടുകള്‍ കളിക്കണമെന്നാണ് പുറത്തിരിക്കുന്നവരുടെയെല്ലാം ആഗ്രഹം. എംഎസ് ധോണി ആരാണെന്നും കളിയില്‍ അദ്ദേഹത്തിന് ചെലുത്താന്‍ കഴിയുന്ന സ്വാധീനം എന്താണെന്നും വീണ്ടും അറിയാനും എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.
Also Read :IPL 2023 | ധോണി - ജഡേജ തന്ത്രത്തില്‍ വീണ് പ്രഭ്‌സിമ്രാൻ സിങ് - വീഡിയോ
ചെപ്പോക്കില്‍ രണ്ട് കളികളില്‍ നിന്നായി അവസാനം നേരിട്ട 7 പന്തില്‍ നാലെണ്ണം സിക്‌സര്‍ പറത്താന്‍ ധോണിക്കായി. മൂന്ന് മത്സരങ്ങളിലെ അവസാന ഓവറുകളിലും അദ്ദേഹം സിക്‌സ് നേടി. ഇന്ത്യന്‍ നായകനായും ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയും ധോണി തന്‍റെ പ്രതാപകാലത്ത് നടത്തിയ പ്രകടനങ്ങളെ അനുസ്‌മരിപ്പിക്കുന്നതാണ് ഇതും' - റോബിന്‍ ഉത്തപ്പ അഭിപ്രായപ്പെട്ടു. സിക്‌സ് ഹിറ്ററായി കളി തുടങ്ങിയ ധോണി ചെറുപ്പത്തില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലേക്ക് എത്തുന്നത് കാണാന്‍ കാണികള്‍ ഇഷ്‌ടപ്പെട്ടിരുന്നുവെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.