ഡല്‍ഹി :നീണ്ട ഇടവേളയ്‌ക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നാണ് തങ്ങളുടെ ആദ്യ ഹോം മത്സരം കളിക്കാന്‍ വേണ്ടി ഇറങ്ങുന്നത്. ഈ സീസണില്‍ ആദ്യം കളിച്ച മത്സരം ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് പരാജയപ്പെട്ട അവര്‍ക്ക് ഇന്ന് കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. നിലവിലെ ചാമ്പ്യന്മാരെ തകര്‍ത്ത് ഈ വര്‍ഷത്തെ ആദ്യ ജയം തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ഡല്‍ഹി സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
സീസണില്‍ ടീമിനും ആരാധകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണെങ്കിലും നായകന്‍ റിഷഭ് പന്തിന്‍റെ അഭാവമാണ് ടീമിന്‍റെ പ്രധാന നിരാശ. കഴിഞ്ഞ വര്‍ഷം കാറപകടത്തില്‍ പരിക്കേറ്റ പന്ത് ഇക്കുറി ഐപിഎല്ലിന് ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പന്തിന്‍റെ അഭാവത്തില്‍ ഓസീസ് ഇടംകയ്യന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറാണ് ടീമിനെ നയിക്കുന്നത്.
വാര്‍ണറിന് കീഴില്‍ ഇറങ്ങിയ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കാന്‍ ഡല്‍ഹിക്ക് സാധിച്ചിരുന്നില്ല. ഇന്ന് ആദ്യ ജയം ലക്ഷ്യമിട്ട് തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുന്ന ടീമിന് പിന്തുണയുമായി ആരാധകരും ഗാലറിയിലേക്ക് ഒഴുകിയെത്താനാണ് സാധ്യത. അവര്‍ക്കൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സൂപ്പര്‍ താരം റിഷഭ് പന്തും ഇന്ന് മത്സരം കാണുന്നതിന് അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തില്‍ എത്തുന്നുണ്ട്.
ടീമിന്‍റെ ആദ്യ ഹോം മാച്ച് കാണാനായി റിഷഭ് പന്ത് എത്തുമെന്നുള്ള വിവരം ഡല്‍ഹി ജില്ല ക്രിക്കറ്റ് അസോസിയേഷനാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. നേരത്തേ, ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം കാണാനായി റിഷഭ് പന്ത് എത്തിയേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരണം നടത്തിയത്. പ്രിയതാരം ടീമിന് പിന്തുണയുമായെത്തുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരെ തകര്‍ത്ത് ഡല്‍ഹി സീസണിലെ ആദ്യ ജയം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ആദ്യ മത്സരത്തിലെ ജഴ്‌സി പ്രദര്‍ശനം, ഹാപ്പിയല്ലാതെ ബിസിസിഐ :വാഹനാപകടത്തെ തുടര്‍ന്നുള്ള നിര്‍ബന്ധിത വിശ്രമത്തിലാണ് നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സ്ഥിരം നായകനായ റിഷഭ് പന്ത്. താരത്തിന് ഈ ഐപിഎല്‍ സീസണ്‍ പൂര്‍ണമായും നഷ്‌ടപ്പെടുമെന്നതില്‍ വ്യക്തത നേരത്തേ വന്നതാണ്. പന്തിന്‍റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണറാണ് ഇക്കുറി ഡല്‍ഹിയെ നയിക്കുന്നത്.