ബെംഗളൂരു:ഐപിഎല്‍ ആദ്യ രണ്ടാഴ്‌ച പിന്നിട്ടിട്ടും ഒരു ജയം പോലും സ്വന്തമാക്കാനാകാതെ വിഷമിക്കുന്ന ടീമാണ് ഡല്‍ഹി കാപിറ്റല്‍സ്. കളിച്ച നാല് മത്സരങ്ങളിലും തോല്‍വിയോടെ ഡല്‍ഹിക്ക് മടങ്ങേണ്ടി വന്നിരുന്നു. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന അവര്‍ സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇന്ന് ആര്‍സിബിയെ നേരിടാനിറങ്ങുന്നത്.
കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഡല്‍ഹി ഇക്കുറി തങ്ങളുടെ സ്ഥിരം നായകന്‍ റിഷഭ് പന്ത് ഇല്ലാതെയാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്കിറങ്ങിയത്. പന്തിന്‍റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണറാണ് ടീമിനെ നയിക്കുന്നത്. ഇതുവരെയുള്ള ടീമിന്‍റെ പ്രകടനം പരിശോധിച്ചാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിന്‍റെ അഭാവം ടീമിന്‍റെ പ്രകടനത്തെ എത്രത്തോളം ബാധിച്ചുവെന്നത് വ്യക്തമാകും.
അതേസമയം, ഇന്ന് ആര്‍സിബിയെ നേരിടാനിറങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന് ആശംസയുമായി റിഷഭ് പന്ത് ബെംഗളൂരുവിലെത്തിയിരുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ താരം ക്യാപിറ്റല്‍സ് ടീം അംഗങ്ങളായ അക്‌സര്‍ പട്ടേല്‍ ഉള്‍പ്പടെയുള്ളവരുമായി സംസാരിച്ചിരുന്നു. നേരത്തെ സീസണില്‍ ഡല്‍ഹിയുടെ ആദ്യ ഹോം മാച്ച് കാണാനായും പന്ത് അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബെംഗളൂരുവിലേക്കും താരത്തിന്‍റെ വരവ്. വാഹനാപകടത്തിലുണ്ടായ പരിക്കില്‍ നിന്നും സുഖം പ്രാപിച്ചുവരുന്ന താരം ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുന്നതിന് കൂടിയാണ് ബെംഗളൂരുവിലെത്തിയത്. ഇതിന് പിന്നാലെയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് ടീം അംഗങ്ങളുമായുള്ള കൂടികാഴ്‌ച.
Also Read:IPL 2023 | 'ഇതിഹാസങ്ങളുടെ ഒത്തുചേരല്‍' ; വിരാട് കോലി-റിക്കി പോണ്ടിങ് കൂടിക്കാഴ്‌ചയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
'ടീമിനൊപ്പമുണ്ടാകാന്‍ ആഗ്രഹമുണ്ട്. സഹതാരങ്ങളെ എല്ലാവരെയും മിസ് ചെയ്യുന്നു. എന്‍റെ ഹൃദയവും പിന്തുണയും ക്യാപിറ്റല്‍സ് ടീമിനൊപ്പം എപ്പോഴുമുണ്ട്. ആര്‍സിബിയെ നേരിടാനിറങ്ങുന്ന ടീമിന് എന്‍റെ എല്ലാ ആശംസകളും അറിയിക്കുന്നു', റിഷഭ് പന്ത് പറഞ്ഞു.
ക്യാപിറ്റല്‍സ് ടീം അംഗങ്ങളുമായി റിഷഭ് പന്ത് സംസാരിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ഐപിഎല്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സും ഇതിന്‍റെ വീഡിയോ ആരാധകര്‍ക്കായി പങ്കിട്ടിട്ടുണ്ട്. അതേസമയം തന്‍റെ ആരോഗ്യം ദിനം പ്രതി മെച്ചപ്പെട്ടുവരുന്നുണ്ടെന്നും റിഷഭ് പന്ത് വ്യക്തമാക്കി.
ഡല്‍ഹിയില്‍ നിന്നും റൂര്‍ക്കിയിലേക്ക് അമ്മയെ കാണാന്‍ പോകുന്നതിനിടെ 2022 ഡിസംബര്‍ 30നാണ് റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ താരത്തിന്‍റെ വലതുകാലിനാണ് ഗുരുതരമായി പരിക്കേറ്റത്. കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷം ഫിസിയോതെറാപ്പി ഉള്‍പ്പടെയുള്ള തുടര്‍ ചികിത്സകളിലാണ് റിഷഭ് ഇപ്പോള്‍.
അതേസമയം, സീസണിലെ അഞ്ചാം മത്സരത്തിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ലഖ്‌നൗവിനോടായിരുന്നു ഡല്‍ഹി പരാജയപ്പെട്ടത്. രണ്ടാം മത്സരത്തില്‍ ഗുജറാത്തിന് മുന്നിലും അവര്‍ വീണു.
അടുത്ത രണ്ട് മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളായിരുന്നു ഡല്‍ഹിയെ പരാജയപ്പെടുത്തിയത്.
Also Read:IPL 2023 | ഇനിയെങ്കിലും കരകയറണം ; ആദ്യ ജയം തേടി ഡല്‍ഹിയും തോല്‍വികള്‍ മറക്കാന്‍ ആര്‍സിബിയും ഇന്ന് ചിന്നസ്വാമിയില്‍