അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തിലെ തന്നെ അവിസ്‌മരണീയവും അവിശ്വസനീയവുമായ ഫിനിഷിങ്ങ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലേക്ക് നയിച്ച റിങ്കു സിങ്ങിന്‍റെ പ്രകടനത്തെക്കുറിച്ച് ഇങ്ങനെത്തന്നെ വിശേഷിപ്പിക്കാം. മത്സരത്തിന്‍റെ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു വിജയത്തിനായി കൊല്‍ക്കത്തയ്‌ക്ക് വേണ്ടിയിരുന്നത്.
വാലറ്റക്കാരന്‍ ഉമേഷ് യാദവും റിങ്കുവും ക്രീസില്‍ നില്‍ക്കുമ്പോള്‍ കൊല്‍ക്കത്ത ഏറെക്കുറെ തോല്‍വി ഉറപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട് നടന്നതൊക്കെയും അപ്രതീക്ഷിതവും നാടകീയവുമാണ്. പേസര്‍ യാഷ് ദയാലിനെയാണ് ഇന്നിങ്‌സിലെ അവസാന ഓവര്‍ എറിയാന്‍ ഗുജറാത്ത് നായകന്‍ റാഷിദ് ഖാന്‍ പന്തേല്‍പ്പിക്കുന്നത്.
ആദ്യ പന്ത് നേരിട്ട ഉമേഷ് യാദവ് സിംഗിളെടുത്ത് റിങ്കുവിന് സ്ട്രൈക്ക് കൈമാറി. ഇതോടെ കൊല്‍ക്കത്തയുടെ വിജയ ലക്ഷ്യം അഞ്ച് പന്തില്‍ 28 റണ്‍സായി. റിങ്കുവിനെതിരെ തന്‍റെ ആദ്യ പന്ത് ഓഫ് സ്റ്റംപിന് പുറത്ത് ഫുള്‍ടോസായിരുന്നു ദയാല്‍ എറിഞ്ഞത്. ഈ പന്ത് എക്‌സ്‌ട്ര കവറിന് മുകളിലൂടെ സിക്‌സറിന് പറന്നപ്പോഴും ഗുജറാത്ത് തോല്‍വി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
മൂന്നാം പന്ത് പാഡിന് നേരെ ഫുള്‍ടോസ്. ഈ പന്ത് ബാക്ക്‌വാര്‍ഡ് സ്‌ക്വയറിന് മുകളിലൂടെ സിക്‌സിലേക്ക്. നാലാം പന്തും ദയാല്‍ ഫുള്‍ടോസ് എറിഞ്ഞപ്പോള്‍ ഇത്തവണ റിങ്കു പറത്തിയത് ലോങ് ഓഫിലേക്കാണ്. ഇതോടെ അപകടം മണത്ത ക്യാപ്റ്റന്‍ റാഷിദ് ഖാനും മില്ലറും ദയാലിന് നിര്‍ദേശങ്ങള്‍ നല്‍കി.