അലിഗഢ്: റിങ്കു സിങ്... ഐപിഎല്ലിലെ ഐതിഹാസിക പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചയാവുന്ന പേരാണിത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ റിങ്കു വിജയത്തിലേക്ക് നയിച്ചത്. അതും അവസാന അഞ്ച് പന്തുകളില്‍ അഞ്ച് സിക്‌സറുകള്‍ പറത്തിയെന്നത് കേള്‍ക്കുന്നവരില്‍പ്പോലും രോമാഞ്ചമുണ്ടാകുമെന്നുറപ്പ്.
പട്ടിണിയോട് പടവെട്ടി തുപ്പുകാരനില്‍ നിന്നും ക്രിക്കറ്റിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് നടന്ന് കയറിയ റിങ്കുവിന്‍റെ ജീവിതത്തിലെ ഇന്നിങ്‌സ് പലകുറി ചര്‍ച്ചയായതാണ്. ക്രിക്കറ്റ് ഇഷ്‌ടപ്പെടാത്ത പിതാവില്‍ നിന്നും തനിക്ക് പിന്തുണ ലഭിച്ചിരുന്നില്ലെന്ന് റിങ്കു പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്. ഒരു ടൂര്‍ണമെന്‍റിലെ മികച്ച പ്രകടനത്തിന് സമ്മാനമായി കിട്ടിയ ബൈക്കില്‍ സഹോദരനൊപ്പം ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ പോയ റിങ്കുവിനെക്കുറിച്ചും അധികം പേര്‍ക്കുമറിയാം.
എന്നാല്‍ ഇന്ന് തന്‍റെ മകന്‍റെ നേട്ടങ്ങളില്‍ അഭിമാനിക്കുകയാണ് പിതാവ് ഖാൻചന്ദ്ര സിങ്. റിങ്കു നേടിയതൊക്കെയും സ്വന്തം കഴിവുകൊണ്ടാണെന്ന് തുറന്ന് സമ്മതിക്കുമ്പോളും തന്‍റെ മകന്‍ ഇനി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുന്നത് കാണാനാണ് ഖാൻചന്ദ്ര ഇപ്പോള്‍ സ്വപ്‌നം കാണുന്നത്. "അവന് വേണ്ടി ഞാന്‍ ഒന്നും തന്നെ ചെയ്‌തിരുന്നില്ല. ക്രിക്കറ്റ് കളിക്കുന്നതിന് വേണ്ടി ഒരു ബാറ്റോ മറ്റെന്തെങ്കിലുമോ വാങ്ങി നല്‍കിയിട്ടില്ല. അവന്‍ നേടിയതൊക്കെയും സ്വന്തം കഴിവുകൊണ്ടാണ്.
നേരത്തെ അവന്‍ സ്റ്റേഡിയത്തില്‍ കളിച്ച് റണ്‍സ് നേടുമ്പോഴൊക്കെയും, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഞാന്‍ അവനോട് പറഞ്ഞിരുന്നത്. ക്രിക്കറ്റ് കളിച്ച് നടന്നാല്‍ ഒന്നും നേടാനാവില്ലെന്നും പറയുമായിരുന്നു. എന്നാല്‍ അവന്‍റെ ശ്രദ്ധ പൂര്‍ണമായും ക്രിക്കറ്റിലായിരുന്നു. പഠനത്തിൽ ഒട്ടും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ടൂര്‍ണമെന്‍റുകളില്‍ അവന്‍ റണ്ണടിച്ച് കൂട്ടുമ്പോള്‍, നിങ്ങളുടെ മകന്‍ നന്നായി കളിക്കുമെന്ന് എല്ലാവരും പറഞ്ഞു തുടങ്ങി. അതിനുശേഷമാണ് നിനക്ക് ക്രിക്കറ്റാണ് വേണ്ടതെങ്കില്‍ അതു തെരഞ്ഞെടുക്കാമെന്ന് ഞാൻ അവനോട് പറഞ്ഞത്. ഭാവിയില്‍ അവന്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുന്നതിനായാണ് ഇനി ഞാന്‍ കാത്തിരിക്കുന്നത് ". ഖാൻചന്ദ്ര സിങ് പ്രതികരിച്ചു.
അവിശ്വസനീയ രാത്രി: ഗുജറാത്തിനെതിരായ മത്സരത്തിന്‍റെ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു കൊല്‍ക്കത്തയ്‌ക്ക് വിജയത്തിനായി വേണ്ടിയിരുന്നത്. വാലറ്റക്കാരന്‍ ഉമേഷ് യാദവും റിങ്കുവും ക്രീസില്‍ നില്‍ക്കുമ്പോള്‍ ഗുജറാത്ത് എറെക്കുറെ വിജയം ഉറപ്പിക്കുകയും ചെയ്‌തിരുന്നു. പക്ഷെ പിന്നീട് നടന്നതൊക്കെയും അവിശ്വസനീയമാണ്.