ബെംഗളൂരു :ഐപിഎല്‍ പതിനാറാം പതിപ്പിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പച്ച ജഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങും. ഏപ്രില്‍ 23ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലായിരിക്കും ആര്‍സിബി പച്ച ജഴ്‌സി ഉപയോഗിക്കുക. സീസണില്‍ തങ്ങളുടെ ഹോം ഗ്രൗണ്ടിലെ അഞ്ചാം മത്സരം ആയിരിക്കും ഇത്.
ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്തുന്നതിന് വേണ്ടിയാണ് എല്ലാ സീസണിലെയും ഒരു മത്സരം ആര്‍സിബി പച്ച ജഴ്‌സിയണിഞ്ഞ് കളിക്കുന്നത്. 2011 മുതലാണ് ആര്‍സിബി ഈ പതിവ് ആരംഭിച്ചത്. അതേസമയം, ഇപ്രാവശ്യത്തെ ജഴ്‌സിയുടെ ചിത്രങ്ങള്‍ ഫ്രാഞ്ചൈസി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
നായകന്‍ ഫാഫ് ഡുപ്ലെസിസ്, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് എന്നിവര്‍ ഈ ജഴ്‌സിയിട്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ടീം പുറത്തുവിട്ടത്. 'ഗോ ഗ്രീന്‍' എന്ന തലക്കെട്ടോട് കൂടിയായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചത്. ഇക്കുറി 2019ന് ശേഷം ആദ്യമായിട്ടാണ് ചിന്നസ്വാമിയില്‍ ആര്‍സിബി പച്ച ജഴ്‌സിയണിഞ്ഞ് കളിക്കാനിറങ്ങുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ 2020, 2021, 2022 വര്‍ഷങ്ങളില്‍ മറ്റ് വേദികളിലായിരുന്നു ഐപിഎല്‍ മത്സരങ്ങള്‍ നടന്നത്. 2021 ഐപിഎല്‍ സീസണില്‍ കൊവിഡ് ഫ്രണ്ട്‌ലൈന്‍ വര്‍ക്കേഴ്‌സിന് ആദരവ് അര്‍പ്പിച്ച് നീല നിറത്തിലുള്ള പ്രത്യേക ജഴ്‌സി ഉപയോഗിച്ചും ആര്‍സിബി കളിച്ചിരുന്നു. ഈ സീസണ്‍ മാറ്റി നിര്‍ത്തിയാല്‍ 2011 മുതലുള്ള മറ്റെല്ലാ വര്‍ഷവും പച്ച ജഴ്‌സി ആര്‍സിബി ഉപയോഗിച്ചിരുന്നു.