ബെംഗളൂരു:രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 189 റണ്‍സാണ് 20 ഓവറില്‍ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തില്‍ തന്നെ അവരുടെ വെടിക്കെട്ട് ബാറ്റര്‍ ജോസ് ബട്‌ലറെ നഷ്‌ടപ്പെട്ടു. എന്നാല്‍ മറുവശത്ത് തകര്‍ത്തടിച്ച യശ്വസി ജയ്‌സ്വാളിന് ആര്‍സിബിയെ ഒരുനിമിഷത്തേക്കെങ്കിലും വിറപ്പിക്കാനായി.
രണ്ടാം വിക്കറ്റില്‍ ദേവ്‌ദത്ത് പടിക്കലിനൊപ്പം 98 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ജയ്‌സ്വാള്‍ 37 പന്തില്‍ 47 റണ്‍സെടുത്താണ് പുറത്തായത്. ഇംപാക്‌ട് പ്ലെയറായെത്തിയ ഹര്‍ഷല്‍ പട്ടേല്‍ 14-ാം ഓവറിന്‍റെ നാലാം പന്തില്‍ രാജസ്ഥാന്‍ ഓപ്പണറെ നായകന്‍ വിരാട് കോലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഹര്‍ഷല്‍ പട്ടേലിന്‍റെ ഫുള്‍ടോസ് ബോള്‍ അതിര്‍ത്തി കടത്താനുള്ള ശ്രമം ലോങ് ഓണില്‍ വിരാട് കോലിയുടെ കൈകളിലവസാനിക്കുകയായിരുന്നു.
ജയ്‌സ്വാളിന്‍റെ വിക്കറ്റ് നേട്ടം കോലി ആഘോഷിച്ചപ്പോള്‍ ഒരു ചുംബനവും ചിന്നസ്വാമിയിലെ ഗാലറിയിലേക്ക് പറന്നു. പന്ത് പിടിച്ചതിന് പിന്നാലെ തിരിഞ്ഞ കോലി ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്ക് 'ഫ്ലൈയിങ് കിസ്' നല്‍കി. ഈ സമയം ഗാലറിയിലുണ്ടായിരുന്ന അനുഷ്‌കയും ടീമിന്‍റെ ആവേശത്തിനൊപ്പം ചേര്‍ന്നു.
എഴുന്നേറ്റ് നിന്ന് ആര്‍സിബിക്കും വിരാടിനുമായി കയ്യടിക്കുകയായിരുന്നു ബോളിവുഡ് താരം. കളിക്കളത്തിനകത്തെ ഇരുവരുടെയും സ്‌നേഹപ്രകടനം ഇതിന് മുന്‍പും പലകുറി ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തിട്ടുണ്ട്. ഐപിഎല്‍ കരിയറില്‍ വിരാട് കോലിയുടെ 101-ാം ക്യാച്ചായിരുന്നു ഇത്.
നേരത്തെ ദേവ്‌ദത്ത് പടിക്കലിനെ പുറത്താക്കിയ ക്യാച്ച് കൈക്കുള്ളിലാക്കിയാണ് വിരാട് ഐപിഎല്‍ കരിയറിലെ 100 ക്യാച്ചുകളെന്ന നേട്ടം സ്വന്തമാക്കിയത്. ഇതോടെ ആര്‍സിബിക്കായി ഐപിഎല്ലില്‍ നൂറ് ക്യാച്ചുകളെടുക്കുന്ന ആദ്യ താരമായും കോലി മാറി. അതേസമയം, നേരത്തെ വിരാട് അനുഷ്‌ക ദമ്പതികളുടെ ഗ്രൗണ്ടിന് പുറത്ത് നിന്നുള്ള ചിത്രങ്ങളും വൈറലായിരുന്നു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായ കോലി ഭാര്യ അനുഷ്‌കയുമൊത്ത് ബെംഗളൂരുവിലെ ഒരു പ്രശസ്‌തമായ റെസ്റ്റോറന്‍റില്‍ സന്ദര്‍ശനം നടത്തിയതിന്‍റെ ചിത്രങ്ങളായിരുന്നുവത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് മുന്‍പായിരുന്നുവിത്.