ബെംഗളൂരു : വിരാട് കോലിയുടെ കാലം കഴിഞ്ഞുവെന്ന് വരെയുള്ള വിമര്‍ശനങ്ങള്‍ ഒരിക്കല്‍ ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനായുള്ള തന്‍റെ പ്രകടനം കൊണ്ട് വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് കോലി നല്‍കിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ബാംഗ്ലൂരിനായി സഹ ഓപ്പണറായ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിനെ ഒരറ്റത്ത് കാഴ്‌ചക്കാരനാക്കി നിര്‍ത്തിയ കോലി കത്തിക്കയറുകയായിരുന്നു.
പവര്‍ പ്ലേയില്‍ 25 പന്തുകളില്‍ നാല് ഫോറുകളും മൂന്ന് സിക്‌സുകളുമായി 42 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. തന്‍റെ പ്രതാപകാലത്തുപോലും പവര്‍പ്ലേയില്‍ ഇത്രയും റണ്‍സടിക്കാന്‍ കോലിക്ക് കഴിഞ്ഞിട്ടില്ല. ആവേശ് ഖാനും ക്രുണാല്‍ പാണ്ഡ്യയ്‌ക്കും അതിവേഗക്കാരന്‍ മാര്‍ക്ക് വുഡിനെതിരെയുമായിരുന്നു കോലി സിക്‌സര്‍ പറത്തിയത്. ഒടുവില്‍ 35 പന്തില്‍ 34കാരനായ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്‌തു.
ഇതോടെ ഐപിഎല്ലിലെ മറ്റൊരു അപൂര്‍വ റെക്കോഡും സ്വന്തമാക്കാന്‍ കോലിക്ക് കഴിഞ്ഞു. ടൂര്‍ണമെന്‍റില്‍ നിലവില്‍ സജീവമായ എല്ലാ ടീമുകള്‍ക്കെതിരെയും അര്‍ധ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോഡാണ് കോലി നേടിയത്. ഒടുവില്‍ 44 പന്തില്‍ നാല് വീതം ഫോറുകളും സിക്‌സറുകളുമായി 61 റണ്‍സുമായാണ് കോലി കളം വിട്ടത്.
ഒന്നാം വിക്കറ്റില്‍ 91 റണ്‍സായിരുന്നു കോലിയും ഡുപ്ലെസിസും ചേര്‍ന്ന് ബാംഗ്ലൂര്‍ ടോട്ടലില്‍ ചേര്‍ത്തത്. ഐപിഎല്ലിന്‍റെ 16ാം സീസണില്‍ വിരാട് കോലി നേടുന്ന രണ്ടാമത്തെ അര്‍ധ സെഞ്ചുറി കൂടിയാണിത്. സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയും താരം കത്തിക്കയറിയിരുന്നു. പുറത്താവാതെ 49 പന്തില്‍ 82 റണ്‍സെടുത്ത പ്രകടനത്തോടെ ബാംഗ്ലൂരിന്‍റെ വിജയ ശില്‍പ്പിയാകാനും താരത്തിന് കഴിഞ്ഞിരുന്നു.