ബെംഗളൂരു: തന്‍റെ പ്രതാപകാലത്തെപോലും വെല്ലുന്ന പ്രകടനമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ഇന്നലെ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ നടത്തിയത്. മത്സരത്തില്‍ ഓപ്പണറായത്തിയ കോലി തുടക്കം മുതല്‍ക്ക് കത്തിക്കയറുകയായിരുന്നു. സഹ ഓപ്പണറായ ഫാഫ് ഡുപ്ലെസിസിനെ ഒരറ്റത്ത് കാഴ്‌ചക്കാരനാക്കിയ 34കാരന്‍റെ വ്യക്തിഗത സ്‌കോര്‍ ആദ്യ ആറോവര്‍ പിന്നിടുമ്പോള്‍ 42 റണ്‍സായിരുന്നു.
വെറും 25 പന്തുകളില്‍ നാല് ഫോറുകളും മൂന്ന് സിക്‌സുകളും സഹിതമായിരുന്നു കോലിയുടെ വെടിക്കെട്ട്. കരിയറിന്‍റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും പവര്‍പ്ലേയില്‍ ഇത്തരമൊരു കലക്കന്‍ അടി കോലി നടത്തിയിട്ടില്ല. ക്രുണാല്‍ പാണ്ഡ്യയ്‌ക്കും ആവേശ് ഖാനും അതിവേഗക്കാരന്‍ മാര്‍ക്ക് വുഡിനുമെതിരെയായിരുന്നു കോലി സിക്‌സര്‍ നേടിയത്.
പിന്നാലെ 35 പന്തുകളില്‍ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്‌തു. ഒടുവില്‍ 44 പന്തില്‍ നാല് ഫോറുകളും നാല് സിക്‌സുകളും സഹിതം 61 റണ്‍സടിച്ചാണ് വിരാട് കോലി കളം വിട്ടത്. ഈ പ്രകടനത്തോടെ അന്താരാഷ്‌ട്ര തലത്തില്‍ ഒരു എലൈറ്റ് ലിസ്റ്റിലെ തന്‍റെ സ്ഥാനം മെച്ചപ്പെടുത്താനും കോലിക്ക് കഴിഞ്ഞു.
ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ കോലി നാലാമതാണെത്തിയത്. 2007ല്‍ ടി20 അരങ്ങേറ്റം നടത്തിയ കോലിയുടെ അക്കൗണ്ടില്‍ നിലവില്‍ 362 മത്സരങ്ങളില്‍ നിന്ന് 11,429 റണ്‍സാണുള്ളത്. 41.11 ശരാശരിയില്‍ 133.17 സ്‌ട്രൈക്ക് റേറ്റില്‍ ആറ് സെഞ്ചുറിയും 86 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം.