ബെംഗളുരു:അവസാന മത്സരത്തിൽ കൊൽക്കത്തയോട് തകർന്നടിഞ്ഞ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് ഐപിഎല്ലില്‍ തങ്ങളുടെ മൂന്നാം മത്സരത്തിനായി കളത്തിലിറങ്ങും. പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് ആണ് ആര്‍സിബിയുടെ എതിരാളികൾ. എം ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുന്ന മത്സരം രത്രി ഏഴരയ്ക്കാണ് ആരംഭിക്കുന്നത്.
സീസണിലെ ആദ്യ മത്സരത്തിൽ മുംബൈയെ തകർത്താണ് ആർസിബി തുടങ്ങിയത്. എന്നാല്‍ രണ്ടാം മത്സരത്തിൽ കൊൽക്കത്തയ്ക്ക് മുന്നില്‍ അവരുടെ കാലിടറി. ബാറ്റർമാർ കളി മറന്നപ്പോൾ നൈറ്റ് റൈഡേഴ്‌സിന് മുന്നിൽ 81 റൺസിന്‍റെ തോൽവിയാണ് ഫാഫ് ഡുപ്ലെസിസിനും സംഘത്തിനും വഴങ്ങേണ്ടി വന്നത്.
സ്‌പിന്നര്‍മാര്‍മാര്‍ക്ക് മുന്നിലായിരുന്നു കഴിഞ്ഞ മത്സരത്തില്‍ വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരടങ്ങുന്ന പേരുകേട്ട ആര്‍സിബി ബാറ്റിങ് നിര തകര്‍ന്ന് വീണത്. ആദ്യ മത്സരത്തില്‍ തകര്‍ത്തടിച്ച വിരാട് കോലിയും നായകന്‍ ഡുപ്ലെസിസും റണ്‍സ് നേടിയാലേ രക്ഷയുള്ളൂ എന്ന അവസ്ഥയാണ്.
ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്ക്, മൈക്കിള്‍ ബ്രേസ്‌വെല്‍ എന്നിവര്‍ മികവിലേക്ക് ഉയരേണ്ടതുണ്ട്. ശ്രീലങ്കന്‍ താരം വാനിന്ദു ഹസരംഗയുടെ വരവ് ടീമിന് ആശ്വാസമാണ്. എന്നാല്‍, ഡെത്ത് ഓവറില്‍ ബോളര്‍മാര്‍ തല്ല് വാങ്ങിക്കൂട്ടുന്നത് ടീമിന് ആശങ്കയാണ്. പരിചയസമ്പന്നരായ മുഹമ്മദ് സിറാജിനും ഹര്‍ഷല്‍ പട്ടേലിനും അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാനാകാത്തതും തിരിച്ചടിയാണ്.
തുടര്‍ജയം ലക്ഷ്യമിട്ടാണ് രാഹുലിന്‍റെയും സംഘത്തിന്‍റെയും വരവ്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ റണ്‍സ് കണ്ടെത്താനായത് രാഹുലിന് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ്. കൈല്‍ മേയേഴ്‌സ് നല്‍കുന്ന വെടിക്കെട്ട് തുടക്കവും ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, കൃണാല്‍ പാണ്ഡ്യ എന്നിവരുടെ ഓള്‍റൗണ്ട് മികവുമാണ് ടീമിന്‍റെ കരുത്ത്. നിക്കോളസ് പുരാന്‍ മധ്യനിരയെ ശക്തിപ്പെടുത്തുന്നുണ്ട്.