ബെംഗളൂരു:ഐപിഎല്‍ ചരിത്രത്തിലെ ആവേശകരമായ മത്സരങ്ങളിലൊന്നിനാണ് ചിന്നാസ്വാമി സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സ് നേടി. വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുടെ കരുത്തിലായിരുന്നു ആര്‍സിബി കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയത്.
വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലഖ്‌നൗവിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. കൈല്‍ മയേഴ്‌സ് (0), ദീപക് ഹൂഡ (9), ക്രുണാല്‍ പാണ്ഡ്യ (0) എന്നിവരെ പവര്‍പ്ലേയ്‌ക്കുള്ളില്‍ തന്നെ സന്ദര്‍ശകര്‍ക്ക് നഷ്‌ടമായി. അഞ്ചാമനായി ക്രീസിലെത്തിയ മാര്‍ക്കസ് സ്റ്റോയിനിസാണ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും സൂപ്പര്‍ ജയന്‍റ്‌സിനെ രക്ഷപ്പെടുത്തിയത്.
30 പന്തില്‍ 65 റണ്‍സുമായാണ് സ്റ്റോയിനിസ് മടങ്ങിയത്. ഓസീസ് ഓള്‍റൗണ്ടര്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയത് നിക്കോളാസ് പുരാന്‍. ആദ്യ പന്ത് തട്ടിയിട്ട പുരാന്‍ രണ്ടാം പന്ത് തന്നെ അതിര്‍ത്തി കടത്തി വരാനിരിക്കുന്ന കൊടുങ്കാറ്റിന്‍റെ സൂചന നല്‍കി.
എന്നാല്‍ പിന്നാലെ രാഹുലിനെയും മടക്കി ആര്‍സിബി മത്സരം തങ്ങളുടെ വരുതിയിലാക്കുമെന്ന് തോന്നിപ്പിച്ചു. രാഹുല്‍ പുറത്തായതിന് പിന്നാലെയായിരുന്നു എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിക്കോളാസ് പുരാന്‍റ സംഹാരതാണ്ഡവം. 15 പന്തില്‍ അര്‍ധസെഞ്ച്വറി പിന്നിട്ട പുരാന്‍, ഈ സീസണിലെ അതിവേഗ അര്‍ധശതകം തന്‍റെ പേരിലാക്കി.
19 പന്തില്‍ 62 റണ്‍സടിച്ച പുരാന്‍ 7 സിക്‌സറും നാല് ഫോറും പായിച്ചിരുന്നു. 17-ാം ഓവറില്‍ ലഖ്‌നൗ സ്‌കോര്‍ 189-ല്‍ നില്‍ക്കെയാണ് പുരാന്‍റെ പുറത്താകല്‍. പിന്നീട് നാടകീയ സംഭവങ്ങളാണ് മത്സരത്തില്‍ അരങ്ങേറിയത്.
ത്രില്ലോട് ത്രില്‍:19-ാം ഓവറില്‍ ആയുഷ് ബഡോണിയെ (30) ആര്‍സിബി മടക്കി. ഈ സമയം 7-206 എന്ന നിലയിലായിരുന്നു ലഖ്‌നൗ. മത്സരം അവസാന ഓവറിലേക്ക് നീങ്ങിയപ്പോള്‍ വിജയത്തിലെത്താന്‍ ലഖ്‌നൗവിന് അഞ്ച് റണ്‍സ് കൂടി നേടണം എന്ന നിലയായി.
ക്രീസിലുള്ളത് ജയ്‌ദേവ് ഉനദ്‌ഘട്ടും മാര്‍ക്ക് വുഡും. ആര്‍സിബിക്കായി അവസാന ഓവര്‍ എറിയാനെത്തിയത് ഹര്‍ഷല്‍ പട്ടേലും. 20-ാം ഓവറിന്‍റെ ആദ്യ പന്ത് സിംഗിളെടുത്ത് ഉനദ്‌ഘട്ട് സ്‌ട്രൈക്ക് മാര്‍ക്ക് വുഡിന് കൈമാറി.
രണ്ടാം പന്തില്‍ ഹര്‍ഷല്‍ പട്ടേല്‍ മാര്‍ക്ക് വുഡിന്‍റെ കുറ്റി തെറിപ്പിച്ചു. പത്താമനായി ക്രീസിലെത്തിയ രവി ബിഷ്‌ണോയ് തൊട്ടടുത്ത പന്ത് പോയിന്‍റിലേക്ക് തട്ടിയിട്ട് രണ്ട് റണ്‍സ് ഓടിയെടുത്തു. ഇതോടെ ലഖ്‌നൗ സ്‌കോര്‍ 211-8 ആയി.
മൂന്ന് പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ വീണ്ടും ആര്‍സിബി ക്യാമ്പില്‍ ആശങ്ക. ഫീല്‍ഡില്‍ മാറ്റം വരുത്തി രവി ബിഷ്‌ണോയിയേയും ജയദേവ് ഉനദ്‌ഘട്ടിനെയും തളയ്‌ക്കാന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിന്‍റെ നീക്കങ്ങള്‍. എന്നാല്‍ നാലാം പന്തില്‍ സിംഗിളെടുത്ത ബിഷ്‌ണോയി സ്കോര്‍ സമനിലയാക്കി.
ഇതോടെ 2 പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സാണ് ലഖ്‌നൗവിന് വേണ്ടിയിരുന്നത്. ഓവറിലെ അഞ്ചാം പന്ത് നേരിട്ട ജയദേവ് ഉനദ്‌ഘട്ടിന് പിഴച്ചു. ഉനദ്‌ഘട്ട് ഉയര്‍ത്തിയടിച്ച പന്ത് ലോങ് ഓണില്‍ നിന്നും മുന്നിലേക്ക് ഓടിയെത്തിയ നായകന്‍ ഫാഫ് ഡുപ്ലെസിസ് കൈപ്പിടിയിലൊതുക്കി.
പിന്നാലെ ലഖ്‌നൗവിന്‍റെ അവസാന ബാറ്റര്‍ ആവേശ് ഖാന്‍ ക്രീസിലേക്കെത്തി. അവസാന പന്ത് എറിയാനായി ബോളിങ് എന്‍ഡിലേക്ക് ഓടിയടുത്ത ഹര്‍ഷല്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ക്രീസ് വിട്ടിറങ്ങിയ രവി ബിഷ്‌ണോയിയെ മങ്കാദിങ്ങിലൂടെ പുറത്താക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആ പദ്ധതി കൃത്യമായി നടപ്പിലാക്കാന്‍ ഹര്‍ഷല്‍ പട്ടേലിന് സാധിച്ചില്ല. അതിനൊപ്പം ക്രീസ് വിട്ട ബിഷ്‌ണോയിയെ റൺ ഔട്ടാക്കാൻ ശ്രമം. എന്നാല്‍ പന്ത് എറിയാത്തതിനാല്‍ അമ്പയർ റൺഔട്ട് അനുവദിച്ചില്ല.
പിന്നാലെ ഒരിക്കല്‍ കൂടി അവസാന പന്ത് എറിയാൻ ഹർഷലിന്‍റെ വരവ്. പന്ത് നേരിട്ട ആവേശിന് കണക്‌ട് ചെയ്യാൻ കഴിഞ്ഞില്ല. പന്ത് നേരേ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിലേക്ക്. ആദ്യ ശ്രമത്തില്‍ വഴുതിപ്പോയ പന്ത് പിടിച്ചെടുത്ത് കാര്‍ത്തിക്ക് റണ്‍ഔട്ടിന് ശ്രമിച്ചെങ്കിലും അതും നടന്നില്ല. ഇതിനിടെ ഒരുറണ്‍സ് ഓടിയെടുത്ത് ആവേശ് ഖാനും രവി ബിഷ്‌ണോയും ലഖ്‌നൗവിനായി നാടകീയ ജയം സ്വന്തമാക്കി.
Also Read:IPL 2023| പവറുകാട്ടി പുരാൻ; ത്രില്ലിങ് ക്ലൈമാക്സിനൊടുവിൽ വിജയം പിടിച്ചെടുത്ത് ലഖ്‌നൗ