ബെംഗളൂരു :ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ പതറുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സും ഇന്ന് ഏറ്റുമുട്ടും. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകുന്നേരം 3:30നാണ് മത്സരം. പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡല്‍ഹി സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്.
അതേസമയം വിജയവഴിയില്‍ തിരിച്ചെത്താനായിരിക്കും ആതിഥേയരായ ബാംഗ്ലൂരിന്‍റെ ശ്രമം. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച അവര്‍ക്ക് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ജയിക്കാനായില്ല. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ആര്‍സിബി.
ജയിക്കാനാകാതെ ഡല്‍ഹി :ഐപിഎല്‍ ആദ്യ രണ്ടാഴ്‌ച പിന്നിടുമ്പോള്‍ ഒരു ജയം പോലും സ്വന്തമാക്കാനാകാത്ത ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും അവര്‍ക്ക് തോല്‍വി വഴങ്ങേണ്ടി വന്നു. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ആറ് വിക്കറ്റിനാണ് ഡല്‍ഹി പരാജയപ്പെട്ടത്.
റിഷഭ് പന്തിന്‍റെ അഭാവം ടീമിന്‍റെ പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. നായകന്‍ ഡേവിഡ് വാര്‍ണര്‍ റണ്‍സ് കണ്ടെത്തുന്നുണ്ടെങ്കിലും താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റിലുണ്ടാകുന്ന കുറവ് ടീമിനെ ബാധിച്ചിട്ടുണ്ട്. പ്രിഥ്വി ഷാ, മനീഷ് പാണ്ഡെ എന്നീ ഇന്ത്യന്‍ താരങ്ങള്‍ മികവിലേക്ക് ഉയരാത്തതും ടീമിന് തലവേദനയാണ്.
ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലിന്‍റെ പ്രകടനം മാത്രമാണ് നിലവില്‍ ടീമിന്‍റെ പ്രതീക്ഷ. അതേസമയം, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ടീമിനൊപ്പം ചേര്‍ന്നതും അവര്‍ക്ക് ആശ്വാസമാണ്. ഇന്ന് ആര്‍സിബിക്കെതിരെ മാര്‍ഷ് കളിക്കുമോ എന്നതില്‍ വ്യക്തതയില്ല.
സ്‌പിന്നര്‍മാര്‍ക്കെതിരെ വെള്ളം കുടിക്കുന്ന ആര്‍സിബി ബാറ്റര്‍മാരെ കുരുക്കാന്‍ കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നീ താരങ്ങളുടെ സേവനം ഡല്‍ഹിക്ക് കരുത്താണ്. പേസര്‍മാരായ ആൻറിച്ച് നോര്‍ക്യ, മുസ്‌തഫിസുര്‍ റഹ്‌മാന്‍ എന്നിവരുടെ പ്രകടനവും ഡല്‍ഹിക്ക് ഇന്ന് ചിന്നസ്വാമിയില്‍ നിര്‍ണായകമാണ്.
റണ്ണടിക്കുന്ന ബാറ്റര്‍മാര്‍, തിരിച്ചുകൊടുക്കുന്ന ബോളര്‍മാര്‍ :റണ്‍സ് അടിച്ചുകൂട്ടുന്ന വിരാട് കോലി, നായകന്‍ ഫാഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരിലാണ് ആര്‍സിബിയുടെ പ്രതീക്ഷ. എന്നാല്‍, മറുവശത്ത് ചിന്നസ്വാമി സ്റ്റേഡിയത്തിലെ റണ്ണൊഴുക്ക് തടയാന്‍ ബുദ്ധിമുട്ടുന്ന ബോളര്‍മാര്‍ ടീമിന് തലവേദനയാണ്. ഓസീസ് സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന്‍റെ അഭാവം ടീമിനെ നന്നേ ബാധിക്കുന്നുണ്ട്.
ബാറ്റര്‍മാര്‍ക്ക് മധ്യ ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ സാധിക്കാത്തതും ടീമിന്‍റെ മുന്നേറ്റത്തിന് തിരിച്ചടിയാണ്. അവസാന മത്സരത്തില്‍ തുടക്കം ഗംഭീരമാക്കിയ വിരാട് കോലിക്ക് പിന്നീട് സ്‌കോറിങ് വേഗത കുറഞ്ഞിരുന്നു. ഇതിന് വ്യാപക വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന താരം ഇന്ന് ഡല്‍ഹിക്കെതിരെ എങ്ങനെയായിരിക്കും ബാറ്റ് വീശുകയെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
സ്‌പിന്‍ ബോളര്‍മാരെ ഫാഫ് ഡുപ്ലെസിസ്, വിരാട് കോലി എന്നിവര്‍ എങ്ങനെ നേരിടുമെന്നതും ഇന്ന് കണ്ട് തന്നെ അറിയേണ്ടതാണ്. അവസാന മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മുഹമ്മദ് സിറാജിലാണ് ഇന്നും ടീമിന്‍റെ ബോളിങ് പ്രതീക്ഷകള്‍. വാനിന്ദു ഹസരംഗയുടെ വരവ് ടീമിന് നിലവില്‍ ആശ്വാസമാണ്. താരം ഇന്ന് ഡല്‍ഹിക്കെതിരെ കളത്തിലിറങ്ങുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.
ഐപിഎല്‍ ചരിത്രത്തില്‍ 28 പ്രാവശ്യമാണ് ഇതിന് മുന്‍പ് ബാംഗ്ലൂര്‍-ഡല്‍ഹി ടീമുകള്‍ തമ്മിലേറ്റുമുട്ടിയത്. ഇതില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ആര്‍സിബിക്കായിട്ടുണ്ട്. തമ്മില്‍ പോരടിച്ച മത്സരങ്ങളില്‍ 18 എണ്ണത്തില്‍ ജയം പിടിച്ചത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പത്തെണ്ണം ജയിച്ചത് ഡല്‍ഹി ക്യാപിറ്റല്‍സുമാണ്.
ബാംഗ്ലൂര്‍xഡല്‍ഹി പോരാട്ടം ലൈവായി: എം ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്‍റെ ചാനലുകളിലൂടെ തത്സമയം കാണാം. ജിയോ സിനിമ വെബ്‌സൈറ്റ്, ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിച്ചും മത്സരം കാണാന്‍ സാധിക്കും.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്ക്വാഡ്:വിരാട് കോലി, ഫാഫ് ഡുപ്ലെസിസ് (ക്യാപ്‌റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫിന്‍ അലന്‍, ദിനേശ് കാര്‍ത്തിക്, സുയഷ് പ്രഭുദേശായി, വൈശാഖ് വിജയ് കുമാര്‍, മൈക്കിള്‍ ബ്രേസ്‌വെല്‍, അനൂജ് റാവത്ത്, ഡേവിഡ് വില്ലി, ഷഹ്‌ബാസ് അഹമ്മദ്, മഹിപാല്‍ ലോംറോര്‍, വാനിന്ദു ഹസരംഗ, ജോഷ് ഹെയ്‌സല്‍വുഡ്, മുഹമ്മദ് സിറാജ്, വെയ്‌ന്‍ പാര്‍നെല്‍, സിദ്ധാര്‍ഥ് കൗള്‍, ഹര്‍ഷല്‍ പട്ടേല്‍, ആകാശ് ദീപ്, കരണ്‍ ശര്‍മ, ഹിമാന്‍ഷു ശര്‍മ, മനോജ് ഭാണ്ഡെ, സോനു യാദവ്, അവിനാഷ് സിങ്, രാജൻ കുമാർ.
ഡൽഹി ക്യാപിറ്റൽസ് സ്‌ക്വാഡ് :പൃഥ്വി ഷാ, ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), മിച്ചൽ മാർഷ്, മനീഷ് പാണ്ഡെ, അഭിഷേക് പോറല്‍, സർഫറാസ് ഖാൻ, ഫിൽ സാൾട്ട്, റിലീ റോസോ, അക്‌സർ പട്ടേൽ, റോവ്മാൻ പവൽ, കുൽദീപ് യാദവ്, ആൻറിച്ച് നോർക്യ, റിപാൽ പട്ടേൽ, മുസ്‌തഫിസുർ റഹ്മാൻ, ചേതൻ സക്കറിയ, കമലേഷ് നാഗർകോട്ടി, ഖലീൽ അഹമ്മദ്, യാഷ് ദുൽ, ലളിത് യാദവ്, ലുങ്കി എൻഗിഡി, പ്രവീൺ ദുബെ, അമൻ ഖാൻ, മുകേഷ് കുമാർ, വിക്കി ഓസ്റ്റ്വാൾ, ഇഷാന്ത് ശർമ.