ബെംഗളൂരു : ബൗളര്‍മാരുടെ ശവപ്പറമ്പ് എന്ന വിശേഷണം പണ്ടേയുള്ള മൈതാനമാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം. അവിടെ പല പേരുകേട്ട വമ്പന്മാരും തല്ലുവാങ്ങിക്കൂട്ടുന്നത് പതിവാണ്. ഇത്തവണ ഐപിഎല്ലിലും ഈ കാര്യത്തില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല.
ആരാധകരെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ച ആര്‍സിബി-സിഎസ്‌കെ പോരാട്ടത്തിലെ നാല്‍പ്പത് ഓവറില്‍ 444 റണ്‍സാണ് ചിന്നസ്വാമിയില്‍ പിറന്നത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് 226 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനെത്തിയ ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 218 റണ്‍സ് അടിച്ച് മത്സരം കൈവിട്ടു.
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പെയ്‌തിറങ്ങിയ ഒരു മത്സരം കൂടിയായിരുന്നു ഇന്നലത്തേത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. 20 ഓവര്‍ ബാറ്റ് ചെയ്‌ത സിഎസ്‌കെ 17 സിക്‌സറുകളാണ് അടിച്ചുകൂട്ടിയത്.
ചെന്നൈ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയും ശിവം ദുബെയും ആയിരുന്നു അവരുടെ സിക്സ് വേട്ടക്കാര്‍. 83 റണ്‍സ് നേടി പുറത്തായ കോണ്‍വെ 6 സിക്‌സുകള്‍ പായിച്ചപ്പോള്‍ 52 റണ്‍സെടുത്ത ദുബെ 5 എണ്ണമാണ് ഗാലറിയിലെത്തിച്ചത്. അജിങ്ക്യ രഹാനെ, മൊയീന്‍ അലി എന്നിവര്‍ ചേര്‍ന്ന് രണ്ട് തവണ ആര്‍സിബി ബോളര്‍മാരെ അതിര്‍ത്തി കടത്തിയപ്പോള്‍ അമ്പാട്ടി റായ്‌ഡുവും രവീന്ദ്ര ജഡേജയും ഓരോ സിക്സുകള്‍ നേടി.
ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു ആര്‍സിബിക്കായി തിരിച്ചടിച്ചത്. ബാംഗ്ലൂര്‍ മത്സരത്തില്‍ ആകെ അടിച്ചുകൂട്ടിയത് 16 സിക്‌സറുകളാണ്. അതില്‍ എട്ടും പിറന്നത് മാക്‌സ്‌വെല്ലിന്‍റെ ബാറ്റില്‍ നിന്നായിരുന്നു.