ബെംഗളൂരു :ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി. ഏത് സ്റ്റേഡിയത്തില്‍ ധോണി കളിക്കാനിറങ്ങിയാലും ആരാധകര്‍ ആവേശം കൊണ്ട് തുള്ളിച്ചാടും. ഇതിന് ധോണി ക്രീസിലേക്ക് ഇറങ്ങണമെന്നില്ല.
ഡഗൗട്ടില്‍ ഇരിക്കുന്ന ധോണിയെ ഒന്ന് സ്റ്റേഡിയത്തിലെ ബിഗ്‌സ്‌ക്രീനില്‍ കാണിച്ചാലും ആരാധകര്‍ തൊണ്ടപൊട്ടി അലറി വിളിക്കാറുണ്ട്. അതിനേക്കാള്‍ അവരുടെ ആവേശം ഇരട്ടിക്കുന്നത് ഹെല്‍മറ്റും പാഡുമണിഞ്ഞ് ബാറ്റ് ചെയ്യാനായി ധോണി ഇറങ്ങുമ്പോഴാണ്. ഐപിഎല്ലില്‍ പിന്നെ പറയേണ്ട കാര്യമില്ല.
എംഎസ് ധോണി പങ്കെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ പരിശീലന സെഷന്‍ കാണാന്‍ പോലും ചെപ്പോക്കിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്താറുണ്ട്. കൂടാതെ മറ്റ് നഗരങ്ങളില്‍ ധോണി കളിക്കാനെത്തിയാലും ഇതുതന്നെയാണ് അവസ്ഥ. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ചെന്നൈയുടെ മത്സരത്തിലും ഇത് കണ്ടതാണ്.
ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഹോം ഗ്രൗണ്ടിലും ധോണി ആരവങ്ങള്‍ മുഴങ്ങികേട്ടിരുന്നു. ആര്‍സിബി സിഎസ്‌കെ മത്സരത്തിന്‍റെ ടോസ് സമയത്ത് ധോണി സംസാരിക്കാനെത്തിയപ്പോഴായിരുന്നു ആരാധകരുടെ ആദ്യ കടലിരമ്പം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മുഴങ്ങിയത്.
പിന്നീട് ബെംഗളൂരു മുഴങ്ങിയത് ചെന്നൈ ബാറ്റ് ചെയ്യവെ അവസാന ഓവറില്‍ രവീന്ദ്ര ജഡേജ പുറത്തായപ്പോഴായിരുന്നു. ജഡേജയുടെ വിക്കറ്റിന് ആര്‍സിബി ആരാധകരേക്കാള്‍ ഒരുപക്ഷേ കൂടുതല്‍ സന്തോഷിച്ചത് തലയുടെയും ചെന്നൈയുടെയും ആരാധകര്‍ ആയിരിക്കാം.
അവസാന ഓവറില്‍ ക്രീസിലേക്കെത്തിയ ചെന്നൈ നായകനെ വമ്പന്‍ ആരവത്തോടെയായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആരാധകര്‍ വരവേറ്റത്. ഡഗ്‌ഔട്ട് മുതല്‍ ക്രീസില്‍ ധോണി എത്തും വരെയും ആ ആര്‍പ്പുവിളികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ധോണി ആദ്യ പന്ത് നേരിടുമ്പോഴേക്കും ആരാധകര്‍ ആവേശത്തിന്‍റെ അത്യുന്നതങ്ങളിലേക്കുമെത്തി.
ആര്‍സിബി-സിഎസ്‌കെ മത്സരത്തിനിടെ ധോണിക്ക് ലഭിച്ച ഈ വരവേല്‍പ്പ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മയേയും ഞെട്ടിക്കുന്നതായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ ഭാര്യ അനുഷ്‌കയും ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ ബാംഗ്ലൂര്‍ പോരാട്ടം കാണാനെത്തിയിരുന്നു. ഗ്രൗണ്ടിലേക്കുള്ള സിഎസ്‌കെ നായകന്‍റെ എന്‍ട്രിയും തുടര്‍ന്ന് മുഴങ്ങിയ ആര്‍പ്പുവിളികളിലും ആരവങ്ങളിലും അത്‌ഭുതപ്പെടുന്ന അനുഷ്‌കയേയും ക്യാമറക്കണ്ണുകളും ഒപ്പിയെടുത്തു.
കുറച്ചുസെക്കന്‍ഡുകള്‍ മാത്രമുള്ള ഈ ദൃശ്യങ്ങള്‍ അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മത്സരത്തില്‍, എട്ടാമനായി ആയിരുന്നു ചെന്നൈ നായകന്‍ ക്രീസിലേക്കെത്തിയത്. ഒരു പന്ത് നേരിട്ട തല ധോണിക്ക് ഒരു റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
Also Read:IPL 2023 | അടി, അടിയോടടി ; പന്ത് പലതവണ ഗ്യാലറിയിലെത്തിച്ച് ചെന്നൈയും ബാംഗ്ലൂരും, ചിന്നസ്വാമിയില്‍ പെയ്‌ത് സിക്‌സ് മഴ
ആര്‍സിബിക്കെതിരായ മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 226 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് 8 വിക്കറ്റ് നഷ്‌ടത്തില്‍ 218 റണ്‍സ് എടുക്കാനേ പറ്റിയുള്ളൂ. ആര്‍സിബിക്കെതിരായ എട്ട് റണ്‍സ് ജയത്തോടെ ചെന്നൈ പോയിന്‍റ് പട്ടികയിലും മൂന്നാം സ്ഥാനത്തേക്കെത്തി.