ലഖ്‌നൗ:ഐപിഎല്‍ പതിനാറാം പതിപ്പില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ അവരുടെ തട്ടകത്തില്‍ ആവേശകരമായ ജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ഏകന സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി 126 റണ്‍സ് നേടിയ ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിനെ 108 റണ്‍സില്‍ എറിഞ്ഞിടുകയായിരുന്നു. ഇരു ടീമുകളും തമ്മിലുള്ള ത്രില്ലര്‍ പോരിന് ശേഷം ചില നാടകീയ രംഗങ്ങളും മൈതാനത്ത് അരങ്ങേറിയിരുന്നു.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് മെന്‍റര്‍ ഗൗതം ഗംഭീര്‍ താരങ്ങളായ നവീന്‍ ഉല്‍ ഹഖ് എന്നിവര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വിരാട് കോലിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇത് വലിയ തരത്തിലാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വാര്‍ത്തയായത്. ഇപ്പോള്‍ മത്സരം ശേഷം ഡ്രസിങ് റൂമില്‍ മാസ് ഡയലോഗുമായി വിരാട് കോലിയെത്തുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ആര്‍സിബി.
മത്സരശേഷം ഡ്രസിങ് റൂമിലെത്തി ജഴ്‌സി മാറുന്ന വിരാട് കോലിയെ കാണിച്ചുകൊണ്ടാണ് ആര്‍സിബിയുടെ വീഡിയോ തുടങ്ങുന്നത്. മധുരമുള്ള വിജയമാണ് ഇതെന്നും കോലി പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് കോലിയുടെ മാസ് ഡയലോഗ്.
'കൊടുത്താല്‍ അത് തിരിച്ചും കിട്ടുമെന്ന് ഓര്‍മവേണം, ഇല്ലെങ്കില്‍ അതിന് നില്‍ക്കരുത്' എന്നാണ് തുടക്കത്തില്‍ വിരാട് കോലി പറയുന്നത്. പിന്നാലെ ലഖ്‌നൗവില്‍ തങ്ങള്‍ക്ക് ഹോം ടീമിനേക്കാള്‍ പിന്തുണ ലഭിച്ചിരുന്നുവെന്നും കോലി പറയുന്നുണ്ട്.
'ഇവിടെ, ഞങ്ങള്‍ക്കായിരുന്നു കൂടുതല്‍ ആരാധക പിന്തുണ. അവിശ്വസനീയമായ ഒരു കാര്യമാണ് അത്. ഒരു ടീം എന്ന നിലയില്‍ ഞങ്ങളെ അവര്‍ എങ്ങനെയാണ് ഇഷ്‌ടപ്പെടുന്നത് എന്നതിനുള്ള തെളിവാണ് അത്.