ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ തകർപ്പൻ ജയത്തോടെ ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. മത്സരത്തിൽ ഗുജറാത്തിനെതിരെ 15 റണ്‍സിന്‍റെ വിജയമാണ് സിഎസ്‌കെ സ്വന്തമാക്കിയത്. എന്നാൽ ഈ വിജയത്തിനിടയിലും ചെന്നൈയുടെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ അത്ര സന്തോഷത്തിലല്ല എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇന്നലെ താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌ത ചിത്രം തന്നെയാണ് റിപ്പോർട്ടുകൾക്ക് ആധാരം.
മത്സര ശേഷം അപ്‌സ്റ്റോക്‌സ് മോസ്റ്റ് വാല്യുബിൾ പ്ലെയർ പുരസ്‌കാരവുമായി നിൽക്കുന്ന ചിത്രമാണ് ജഡേജ പോസ്റ്റ് ചെയ്‌തത്. ചിത്രത്തിൽ 'അപ്‌സ്റ്റോക്‌സിന് മനസിലായി.. പക്ഷേ ചില ഫാൻസിന് മനസിലായില്ല' എന്നാണ് ജഡേജ ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. ഇതാണ് പുതിയ വിവാദങ്ങൾക്ക് വഴിവച്ചത്. തനിക്കെതിരെ ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുന്ന വിമർശനങ്ങളിൽ ജഡേജ അസ്വസ്ഥനാണെന്നാണ് പുറത്ത് വരുന്ന വിവരം.
ഗുജറാത്ത് ടൈറ്റൻസിനെതിരെ മത്സരത്തിൽ 16 പന്തിൽ 22 റണ്‍സായിരുന്നു ജഡേജ സ്വന്തമാക്കിയിരുന്നത്. ബൗളിങ്ങിൽ നാല് ഓവറിൽ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുക്കുകയും ചെയ്‌തിരുന്നു. അവസാന ഓവറുകളിൽ ക്രീസിലുണ്ടായിരുന്നിട്ടും കൂടുതൽ റണ്‍സ് നേടാത്തതിനെതിരെ ജഡേജയ്‌ക്ക് നേരെ ആരാധകർ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെ ലഭിച്ച ഒരു നോ ബോൾ ഫ്രീ ഹിറ്റും ജഡേജക്ക് മുതലാക്കാനായിരുന്നില്ല.
ഇതോടെയാണ് ആരാധകർ താരത്തിന് നേരെ വിമർശനവുമായെത്തിയത്. പിന്നാലെയാണ് ജഡേജ ആരാധകരെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റ് ഇട്ടത്. ചെന്നൈ ടീമിനുള്ളിൽ ജഡേജ ഒട്ടും തന്നെ സംതൃപ്‌തനല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ടായിരുന്നു. നായകൻ ധോണിയുമായി ജഡേജ ഉടക്കിയെന്നുള്ള തരത്തിലും വാർത്തകൾ പ്രചരിച്ചു.