ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) സ്വന്തം തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സിനോട് തോല്‍വി വഴങ്ങിയിരുന്നു. ചെന്നൈ ഉയര്‍ത്തിയ 201 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കിങ്‌സ് നാല് വിക്കറ്റിനാണ് ജയം പിടിച്ചത്. പ്രഭ്‌സിമ്രാൻ സിങ് ( 24 പന്തില്‍ 42), ലിയാം ലിവിങ്‌സ്റ്റണ്‍ (24 പന്തില്‍ 40) എന്നിവരുടെ പ്രകടനമായിരുന്നു പഞ്ചാബിന്‍റെ വിജയത്തിന്‍റെ അടിത്തറ.
ഇംപാക്‌ട് പ്ലെയറായി ഓപ്പണിങ്ങിനെത്തിയ പ്രഭ്‌സിമ്രാൻ സിങ് തകര്‍പ്പന്‍ അടികളുമായി കളം നിറയവെ എംഎസ് ധോണി സ്റ്റംപ് ചെയ്‌താണ് താരത്തെ മടക്കിയത്. ജഡേജ എറിഞ്ഞ ഒമ്പതാം ഓവറിലായിരുന്നു പ്രഭ്‌സിമ്രാൻ വീണത്. ജഡേജയെ ആക്രമിക്കാനായി ക്രീസ് വിട്ട് പുറത്തിറങ്ങിയ പ്രഭ്‌സിമ്രാന്‍ പരാജയപ്പെട്ടു.
വിക്കറ്റിന് പിന്നില്‍ സാക്ഷാല്‍ ധോണി നിലയുറപ്പിച്ചിരിക്കെ ക്രീസിലേക്ക് തിരികെയെത്താന്‍ ഒരു ശ്രമം പോലും നടത്താതെയാണ് പഞ്ചാബ് ഓപ്പണര്‍ തിരിച്ച് കയറിയത്. ഇതിന് പിന്നാലെ ധോണി-ജഡേജ കോംബോയെ പുകഴ്‌ത്തി നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
നേരത്തെ ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നിങ്‌സിലെ അവസാന രണ്ട് പന്തുകളും സിക്‌സറിന് പറത്തിയ ധോണി 41-ാം വയസിലും മാസ് കാണിച്ചിരുന്നു. അതേസയമം മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 200 റണ്‍സ് നേടിയത്. ഡെവോണ്‍ കോണ്‍വെയുടെ അപരാജിത അര്‍ധ സെഞ്ചുറിയാണ് ചെന്നൈയുടെ ഇന്നിങ്‌സിന്‍റെ നട്ടെല്ല്. 52 പന്തില്‍ 16 ഫോറുകളും ഒരു സിക്‌സും സഹിതം 92 റണ്‍സാണ് കോണ്‍വെ അടിച്ച് കൂട്ടിയത്.