പൂനെ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം. റോയൽ പോരിൽ 29 റൺസിനാണ് രാജസ്ഥാൻ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 19.3 ഓവറിൽ 115 റൺസിനു പുറത്തായി.
രാജസ്ഥാന്‍ ഉയർത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ഓപ്പണറായി ഇറങ്ങിയ വിരാട് കോലി വീണ്ടും നിരാശപ്പെടുത്തി. 10 പന്തുകൾ നേരിട്ട കോലി ഒൻപതു റൺസുമായി സിദ്ധ് കൃഷ്‌ണയുടെ പന്തിൽ റിയാൻ പരാഗിന് പിടികൊടുത്ത് മടങ്ങി.
തുടര്‍ന്ന് ഏഴാം ഓവറിലെ തുടര്‍ച്ചയായ പന്തുകളില്‍ 23 റൺസെടുത്ത ഡുപ്ലെസിയേയും ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും മടക്കിയ കുല്‍ദീപ് സെന്‍ ബാംഗ്ലൂരിന് ഇരട്ട പ്രഹരമേൽപ്പിച്ചു. രജത് പട്ടിദാര്‍ (16), സുയാഷ് പ്രഭുദേശായ് (2) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. അവസാന പ്രതീക്ഷയായ ദിനേഷ് കാർത്തിക് ആറ് റൺസുമായി റണ്ണൗട്ടായി.
അവസാന ഓവറുകളില്‍ ഷഹബാസ് ബാംഗ്ലൂരിനെ വിജയതീരമണക്കുമെന്ന് തോന്നിച്ചെങ്കിലും ഷഹബാസിന്‍റെ പോരാട്ടം 17 റണ്‍സിലവസാനിച്ചു. 18 റൺസുമായി വനിന്ദു ഹസരംഗയും മടങ്ങി. എട്ട് റൺസുമായി ഹർഷൽ പട്ടേലും അഞ്ച് പന്തിൽ അഞ്ച് റൺസും നേടി മുഹമ്മദ് സിറാജും പുറത്തായതോടെ ബാംഗ്ലൂരിന്‍റെ പോരാട്ടം 115 റണ്‍സിൽ അവസാനിച്ചു. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് സെന്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്‍ എന്നിവരാണ് ബാംഗ്ലൂരിനെ തകര്‍ത്തത്.
ALSO READ: IPL 2022 | ഐപിഎല്ലില്‍ 150 സിക്‌സുകള്‍; സഞ്‌ജുവിന് നിര്‍ണായക നേട്ടം
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 144 റണ്‍സാണ് നേടിയത്. മുൻനിര നിരാശപ്പെടുത്തിയപ്പോൾ 31 പന്തില്‍ 56 റണ്‍സുമായി പുറത്താവാതെ നിന്ന റിയാന്‍ പരാഗാണ് റോയൽസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ്, ജോഷ് ഹെയ്‌സല്‍വുഡ്, വാനിന്ദു ഹസരംഗ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ രാജസ്ഥാന്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് മത്സരങ്ങളില്‍ 12 പോയിന്‍റാണ് അവര്‍ക്കുള്ളത്. ഒമ്പത് മത്സരങ്ങളില്‍ 10 പോയിന്‍റോടെ ആര്‍സിബി അഞ്ചാം സ്ഥാനത്ത് തുടരുന്നു.