ജയ്‌പൂർ : ഇന്ത്യൻ പ്രീമിയർ ലീഗിലെ 26-ാം മത്സരത്തിൽ ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്, രാജസ്ഥാൻ റോയൽസിനെ നേരിടും. പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള രാജസ്ഥാൻ റോയൽസ് തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ജയ്‌പൂർ സവായി മാൻസിങ് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം.
സീസണിലിതു വരെ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ പോരാട്ടം കനക്കും. ജയം തുടരാൻ രാജസ്ഥാൻ ഒരുങ്ങുമ്പോൾ പഞ്ചാബിനെതിരായ അവസാന മത്സരത്തിലേറ്റ തോൽവിയിൽ നിന്നും വിജയവഴിയിൽ തിരിച്ചെത്താനാകും ലഖ്‌നൗവിന്‍റെ ശ്രമം. രാജസ്ഥാൻ റോയൽസ് തങ്ങളുടെ ആദ്യ അഞ്ചിൽ മത്സരങ്ങളിൽ നാലിലും ജയിച്ചപ്പോൾ ലഖ്‌നൗ മൂന്ന് മത്സരങ്ങളിലാണ് വിജയത്തിലെത്തിയത്.
തകർപ്പൻ ഫോമില്‍ രാജസ്ഥാന്‍: ഗുജറാത്തിനെതിരെ മികച്ച പ്രകടനം നടത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സഞ്‌ജു സാംസൺ എന്നിവരിലാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും ഓപ്പണർമാരായ ജോസ് ബട്‌ലര്‍, യശസ്വി ജെയ്‌സ്വാള്‍, എന്നിവർ തന്നെയാണ് രാജസ്ഥാന്‍റെ കരുത്ത്. ജോസ് ബട്‌ലർ-യശസ്വി ജെയ്‌സ്വാൾ എന്നിവർ റോയൽസിനായി ഒരു ഓവറിൽ 11.20 എന്ന നിരക്കിൽ സ്‌കോർ ചെയ്യുന്നുണ്ട്.
ഹെറ്റ്‌മെയറിനൊപ്പം ആര്‍ അശ്വിന്‍, ധ്രുവ് ജുവല്‍ എന്നിവര്‍ അണിനിരക്കുന്ന മധ്യനിരയും ശക്തമാണ്. ദേവ്‌ദത്ത് പടിക്കലിന്‍റെ മെല്ലപ്പോക്കും റിയാൻ പരാഗിന്‍റെ ഫോമില്ലായ്‌മയുമാണ് രാജസ്ഥാന്‍റെ വെല്ലുവിളി. മോശം ഫോമിലും പരാഗ് ടീമിലിടം നേടുന്നത് കൗതുകകരമാണ്.