ജയ്‌പൂര്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനെ തറപറ്റിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. സ്വന്തം തട്ടകമായ ജയ്‌പൂരില്‍ ഒമ്പത് വിക്കറ്റിന്‍റെ ദയനീയ തോല്‍വിയാണ് രാജസ്ഥാന്‍ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം 13.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഗുജറാത്ത് നേടിയത്.
ശുഭ്‌മാന്‍ ഗില്ലിന്‍റെ വിക്കറ്റ് മാത്രമാണ് ഗുജറാത്തിന് നഷ്‌ടമായത്. 35 പന്തില്‍ 36 നേടിയ ഗില്ലിനെ യുസ്‌വേന്ദ്ര ചാഹല്‍ വിക്കറ്റ് കീപ്പര്‍ സഞ്‌ജു സാംസണിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയ്‌ക്കൊപ്പം 71 റണ്‍സ് ചേര്‍ത്തായിരുന്നു ഗില്‍ മടങ്ങിയത്.
തുടര്‍ന്ന് ഒന്നിച്ച വൃദ്ധിമാന്‍ സാഹയും (34 പന്തില്‍ 41*) ഹാർദിക് പാണ്ഡ്യയും (15 പന്തില്‍ 39*) പുറത്താവാതെ നിന്നാണ് ഗുജറാത്തിന്‍റെ വിജയം ഉറപ്പിച്ചത്. തോല്‍വിയോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്യാനിറങ്ങിയ രാജസ്ഥാന്‍ 17.5 ഓവറില്‍ 118 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. വിക്കറ്റ് നഷ്‌ടപ്പെടുത്താന്‍ രാജസ്ഥാന്‍ താരങ്ങള്‍ മത്സരിച്ചത് ഗുജറാത്ത് ബോളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. 20 പന്തില്‍ 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍.
ഗുജറാത്ത് ടൈറ്റന്‍സിനായി റാഷിദ് ഖാന്‍ മൂന്നും നൂര്‍ അഹമ്മദ് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റില്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. രാജസ്ഥാന്‍ റോയല്‍സിന്‍റേത് മോശം തുടക്കമായിരുന്നു.
ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ ജോസ് ബട്‌ലറെ (6 പന്തില്‍ 8) ടീമിന് നഷ്‌ടമായി. ഹാര്‍ദിക്കിനെതിരെ തുടര്‍ച്ചയായ രണ്ട് ബൗണ്ടറികള്‍ നേടിയ താരത്തെ തൊട്ടടുത്ത പന്തില്‍ ഷോര്‍ട്ട് തേഡ്‌മാനില്‍ മോഹിത് ശര്‍മ കയ്യില്‍ ഒതുക്കുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണിനൊപ്പം ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് നയിക്കുന്നതിടെ ആറാം ഓവറിലെ ആദ്യ പന്തില്‍ യശസ്വി ജയ്‌സ്വാള്‍ (11 പന്തില്‍ 14) റണ്ണൗട്ടായി.