ചെന്നൈ:ഐപിഎല്‍ പതിനാറാം പതിപ്പിന്‍റെ ഫൈനലിലെത്തുന്ന ആദ്യ ടീമിനെ ഇന്നറിയാം. ഗുജറാത്ത് ടൈറ്റന്‍സ് - ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ തമ്മിലേറ്റുമുട്ടുന്ന ഒന്നാം ക്വാളിഫയറാണ് ടൂര്‍ണമെന്‍റിലെ ആദ്യ ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്നത്. ചെപ്പോക്കില്‍ രാത്രി ഏഴര മുതലാണ് മത്സരം.
ഇന്ന് ജയിക്കുന്നവര്‍ക്ക് നേരിട്ട് ഫൈനലിലേക്കെത്താം. തോല്‍ക്കുന്ന ടീമിന് എലിമിനേറ്ററിലെ വിജയികളെക്കൂടി നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ ഇന്ന് ജയം മാത്രമായിരിക്കും നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന്‍റെയും നാല് പ്രാവശ്യം കപ്പുയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെയും ലക്ഷ്യം.
പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായാണ് ഇരുടീമുകളും പ്ലേഓഫിന് യോഗ്യത നേടിയത്. ഗുജറാത്ത് 14 കളിയില്‍ പത്തിലും ജയിച്ചു. എട്ട് ജയം മാത്രം നേടിയാണ് ചെന്നൈയുടെ വരവ്.
ഇരു ടീമും തമ്മിലേറ്റുമുട്ടാന്‍ പോകുന്ന നാലാം മത്സരമാണിത്. ഈ സീസണിലെ ഒരു മത്സരം ഉള്‍പ്പടെ നേരത്തെ തമ്മില്‍ പോരടിച്ച മൂന്ന് കളികളിലും ജയം ഗുജറാത്തിനൊപ്പമായിരുന്നു. ചരിത്രം ആവര്‍ത്തിക്കാന്‍ ഹാര്‍ദിക്കും സംഘവും അത് മാറ്റിയെഴുതാന്‍ ധോണിപ്പടയും ചെപ്പോക്കില്‍ ഇറങ്ങുമ്പോള്‍ തീപാറും പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
കരുത്തുകാട്ടാന്‍ ഹാര്‍ദിക്കും കൂട്ടരും:സന്തുലിതമായ ടീമാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റേത്. കിരീടം നിലനിര്‍ത്താനെത്തിയ അവര്‍ക്ക് ലീഗ് സ്റ്റേജില്‍ ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനങ്ങള്‍ തന്നെ നടത്താനായി. 14 മത്സരം കളിച്ചപ്പോള്‍ ആകെ നാലെണ്ണത്തില്‍ മാത്രമാണ് എതിരാളികള്‍ക്ക് മുന്നില്‍ ഹാര്‍ദിക്കും സംഘവും വീണത്.
ശുഭ്‌മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ ഫോമാണ് ഗുജറാത്ത് ബാറ്റിങ് നിരയുടെ കരുത്ത്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും ഗില്‍ സെഞ്ച്വറിയടിച്ചിരുന്നു. നിലവില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുള്ള ഗില്‍ ഓറഞ്ച് ക്യാപ് കൂടി ലക്ഷ്യമിട്ടാകും ഇന്ന് ബാറ്റ് വീശുന്നത്.
ഹാര്‍ദിക് പാണ്ഡ്യ, വൃദ്ധിമാന്‍ സാഹ, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍ എന്നിവരും മികവിലേക്ക് ഉയര്‍ന്നാല്‍ എതിരെ പന്തെറിയാനെത്തുന്നവര്‍ക്ക് വിയര്‍ക്കേണ്ടി വരും. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുള്ള മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ എന്നിവരുടെ പിന്നിലണിനിരക്കുന്ന ബൗളിങ് നിരയും ഗുജറാത്തിനായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നുണ്ട്.
പെരുമ കാക്കാന്‍ ധോണിപ്പട:ബാറ്റിങ് നിരയുടെ കരുത്തിലായിരുന്നു ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ കുതിപ്പ്. ഡെവോണ്‍ കോണ്‍വെയും റിതുരാജ് ഗെയ്‌ക്‌വാദും ചേര്‍ന്ന് സമ്മാനിക്കുന്ന തുടക്കത്തിലാണ് ടീമിന്‍റെ റണ്‍സ് പ്രതീക്ഷ. ഇവര്‍ക്ക് പിന്നാലെയെത്തുന്ന ശിവം ദുബെ, അജിങ്ക്യ രഹാനെ എന്നിവരും റണ്‍സടിക്കുന്നത് ചെന്നൈക്ക് ആശ്വാസമാണ്.
ഫിനിഷര്‍ റോളില്‍ നായകന്‍ എംഎസ് ധോണിയും ആവശ്യത്തിനൊത്തുയരുന്നുണ്ട്. ബൗളിങ്ങില്‍ വലിയ താരനിരയൊന്നും ചെന്നൈക്കില്ല. എന്നാല്‍, ദീപക് ചഹാര്‍, മതീഷ പതിരണ, തുഷാര്‍ ദേശ്‌പാണ്ഡെ എന്നിവരെല്ലാം കളിയുടെ ഗതിമാറ്റാന്‍ ശേഷിയുള്ളവരാണ്.
ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയുടെയും മൊയീന്‍ അലിയുടെയും പ്രകടനവും ഇന്ന് നിര്‍ണായകമാണ്. സ്‌പിന്‍ ബൗളര്‍മാര്‍ക്ക് പിന്തുണ കിട്ടുന്ന ചെപ്പോക്കില്‍ ഇവര്‍ ഇരുവര്‍ക്കുമായിരിക്കും കരുത്തുറ്റ ഗുജറാത്ത് ബാറ്റിങ് നിരയെ കറക്കി വീഴ്‌ത്താനുള്ള ചുമതല.
Also Read :IPL 2023 | മറ്റ് ക്യാപ്‌റ്റന്‍മാരില്‍ നിന്ന് ധോണിയെ വ്യത്യസ്‌തനാക്കുന്നത് 'ആ കാര്യ'മാണ് : മൊയീന്‍ അലി