മൊഹാലി :ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്സും ഏറ്റുമുട്ടും. പഞ്ചാബിന്‍റെ തട്ടകമായ മൊഹാലിയില്‍ വൈകീട്ട് ഏഴരയ്‌ക്കാണ് കളി ആരംഭിക്കുക. 16-ാം സീസണില്‍ പഞ്ചാബ് കിങ്‌സ് തങ്ങളുടെ 10-ാം മത്സരത്തിനിറങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സിനിത് ഒമ്പതാം മത്സരമാണ്.
കളിച്ച ഒമ്പത് മത്സരങ്ങളില്‍ അഞ്ച് വിജയം നേടിയ പഞ്ചാബ് നിലവിലെ പോയിന്‍റ് പട്ടികയില്‍ ആറാമതാണ്. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം നേടിയാണ് ധവാനും സംഘവും എത്തുന്നത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, പ്രഭ്‌സിമ്രാന്‍ സിങ്, ജിതേഷ് ശര്‍മ, ലിയാം ലിവിങ്‌സ്റ്റണ്‍, സാം കറന്‍, അര്‍ഷ്‌ദീപ് സിങ്, അഥര്‍വ ടൈഡെ, സിക്കന്ദര്‍ റാസ, കാഗിസോ റബാഡ തുടങ്ങിയ താരങ്ങളിലാണ് പഞ്ചാബ് പ്രതീക്ഷ വയ്‌ക്കുന്നത്.
മറുവശത്ത് കളിച്ച എട്ട് മത്സരങ്ങളില്‍ നാല് വിജയം നേടിയ മുംബൈ പോയിന്‍റ് പട്ടികയില്‍ ഏഴാമതാണ്. രോഹിത്തിനെയും സംഘത്തേയും സംബന്ധിച്ച് പോയിന്‍റ് പട്ടികയില്‍ മുന്നേറ്റം ഉറപ്പിക്കുന്നതിനായി ഏറെ നിര്‍ണായകമായ മത്സരമാണിത്. കളിച്ച അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് മുംബൈ മൊഹാലിയില്‍ കളിക്കാനിറങ്ങുന്നത്.
രാജസ്ഥാനെതിരായ മത്സരത്തില്‍ 213 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നായിരുന്നു മുംബൈ കളിപിടിച്ചത്. ബോളിങ് നിരയുടെ മോശം പ്രകടനമാണ് മുംബൈയുടെ പ്രധാന തലവേദന. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഫോമിലേക്ക് ഉയരേണ്ടതുമുണ്ട്. സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, ജോഫ്ര ആര്‍ച്ചര്‍, പിയൂഷ് ചൗള തുടങ്ങിയ താരങ്ങളുടെ പ്രകടനം സംഘത്തിന് ഏറെ നിര്‍ണായകമാണ്.
മുന്‍ കണക്ക് : ഐപിഎല്‍ ചരിത്രത്തിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒപ്പത്തിനൊപ്പമാണ് പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും. ഇതേവരെ 30 മത്സരങ്ങളിലാണ് പഞ്ചാബും മുംബൈയും തമ്മില്‍ പോരടിച്ചത്.