ജയ്‌പൂര്‍:ഐപിഎല്‍ ലീഗ് ഘട്ടത്തിലെ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നിട്ടും പ്ലേഓഫില്‍ ആരൊക്കെ ഇടം പിടിക്കുമെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഓരോ മത്സരം പൂര്‍ത്തിയാകുമ്പോഴും പോയിന്‍റ് പട്ടികയിലെ ടീമുകളുടെ സ്ഥാനവും മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരോ ടീമുകളുടെ ജയവും തോല്‍വിയും മറ്റ് ടീമുകളുടെ മുന്നേറ്റത്തേയും ബാധിക്കുന്ന അവസ്ഥയാണ് നിലവില്‍.
അത്തരത്തില്‍ ഒരു നിര്‍ണായക മത്സരത്തിനാണ് ഇന്ന് ജയ്‌പൂരിലെ സവായ്‌മാന്‍സിങ് സ്റ്റേഡിയം വേദിയാകുന്നത്. രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ പോരടിക്കുന്ന മത്സരത്തിന്‍റെ ഫലത്തിനായി കാത്തിരിക്കുന്നത് ആറ് ടീമുകളാണ്. ഈ ടീമുകള്‍ക്കെല്ലാം ആവശ്യം ഇന്ന് സഞ്‌ജുവിന്‍റെയും സംഘത്തിന്‍റെയും തോല്‍വിയാണ്.
നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ നാലിലുള്ള ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് എന്നീ ടീമുകളും ഒപ്പം പഞ്ചാബ് കിങ്‌സുമാണ് റോയല്‍ ചലഞ്ചേഴ് ബാംഗ്ലൂരിന്‍റെ ജയത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഇന്ന് രാജസ്ഥാന്‍ റോയല്‍സ് തോറ്റാല്‍ നിലവില്‍ പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ ഗുജറാത്തിനും ചെന്നൈക്കും ആദ്യം തന്നെ പ്ലേഓഫിലേക്ക് കുതിക്കാം. മറിച്ചാണ് ഫലമെങ്കില്‍ അവര്‍ക്കും കാത്തിരിക്കേണ്ടിവരും.
Also Read :IPL 2023 | സഞ്ജുവിനും ധോണിക്കും കോലിക്കും ഇന്ന് നിര്‍ണായകം, നിലനില്‍പ്പിനായ് കൊല്‍ക്കത്തയും ; പ്ലേഓഫ് സാധ്യതകള്‍ ഇങ്ങനെ
ആര്‍സിബിയുടെ ജയം മുംബൈ ഇന്ത്യന്‍സിനും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനും പ്ലേഓഫ് സാധ്യത കൂടുതല്‍ സജീവമാക്കാന്‍ സഹായിക്കും. നിലവില്‍ പോയിന്‍റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാരാണ് ഈ ടീമുകള്‍. ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം രാജസ്ഥാന്‍ ജയം പിടിക്കുകയും ഈ ടീമുകള്‍ ഒരു തോല്‍വി വഴങ്ങുകയും ചെയ്‌താല്‍ ഇവരില്‍ ഒരാള്‍ക്ക് ആദ്യ നാലില്‍ നിന്നും പുറത്തേക്ക് പോകേണ്ടി വരും.
മുംബൈ ലഖ്‌നൗ ടീമുകള്‍ മുഖാമുഖം വരുന്ന അടുത്ത മത്സരവും നിര്‍ണായകമാണ്. ശേഷിക്കുന്ന മത്സരങ്ങളില്‍ വമ്പന്‍ ജയങ്ങള്‍ നേടി മറ്റ് മത്സരങ്ങളുടെ ഫലങ്ങളും അനുകൂലമായി മാറിയാല്‍ പഞ്ചാബ് കിങ്‌സിനും പ്രതീക്ഷ കാത്ത് സൂക്ഷിക്കാം. ലീഗ് ഘട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒരു മത്സരവും പഞ്ചാബിന് കളിക്കാനുണ്ട്.
അതേസമയം, ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ജയം പിടിച്ചാല്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പുറത്തേക്കുള്ള വഴി തുറക്കും. നിലവില്‍ 11 കളികളില്‍ 10 പോയിന്‍റാണ് ആര്‍സിബിക്ക് ഉള്ളത്. ഇന്ന് ജയിച്ചാല്‍ 12 പോയിന്‍റോടെ രാജസ്ഥാന്‍, പഞ്ചാബ് ടീമുകള്‍ക്കൊപ്പം അവര്‍ക്കെത്താം.
രാജസ്ഥാന് ഇന്നത്തേത് ഉള്‍പ്പടെ രണ്ട് മത്സരമാണ് ശേഷിക്കുന്നത്. ഒരു മത്സരം കൂടുതല്‍ ആണെന്നുള്ള ആനുകൂല്യം ബാംഗ്ലൂരിന് തുണയാകും. ഈ സാഹചര്യത്തില്‍ അവസാന രണ്ട് മത്സരങ്ങളിലും ജയിച്ച് ബാംഗ്ലൂരിന് രാജസ്ഥാനെ മറികടക്കാനും ഒപ്പം പ്ലേഓഫ് പ്രതീക്ഷ സജീവമാക്കാനും സാധിക്കും.
Also Read :IPL 2023 | ജയ്‌പൂരില്‍ 'റോയല്‍ ബാറ്റില്‍' ; തോറ്റാല്‍ തിരിച്ചുവരവ് അസാധ്യം, 'ഡു ഓര്‍ ഡൈ' മത്സരത്തിനൊരുങ്ങി രാജസ്ഥാനും ബാംഗ്ലൂരും