അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഗംഭീര ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍. ഏഴ് വിക്കറ്റിന്‍റെ തകർപ്പൻ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ബാംഗ്ലൂരിന്‍റെ 159 റണ്‍സ് പിന്തുടർന്ന സഞ്ജുവും സംഘവും 11 പന്തുകൾ ബാക്കി നിർത്തി വെറും മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയത്തിലെത്തിയത്.
സെഞ്ചുറി നേടിയ ജോസ് ബട്‌ലറാണ് രാജസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്. ടൂര്‍ണമെന്‍റിലുട നീളം മാരക ഫോമില്‍ കളിക്കുന്ന ബട്‌ലര്‍ 60 പന്തുകളില്‍ നിന്ന് 106 റണ്‍സെടുത്ത് അപരാജിതനായി നിന്നു. മേയ് 29ന് നടക്കുന്ന ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.
ബാംഗ്ലൂരിന്‍റെ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ജയ്സ്വാളും ബട്‌ലറും നൽകിയത്. സിറാജെറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ട് സിക്‌സും ഒരു ഫോറുമടക്കം 16 റൺസടിച്ച ജയ്സ്വാൾ വെടിക്കെട്ടിന് തിരികൊളുത്തി. പിന്നീട് ഇന്നിങ്ങ്‌സുടനീളം ബട്‌ലര്‍ ഷോയായിരുന്നു.
ആദ്യ അഞ്ചോവറില്‍ 61 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പക്ഷേ തൊട്ടടുത്ത ഓവറിലെ ആദ്യപന്തില്‍ തന്നെ ജയ്‌സ്വാളിനെ മടക്കി ജോഷ് ഹെയ്‌സല്‍വുഡ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ക്രീസിലെത്തിയ സഞ്ജു ഏറെ പ്രതീക്ഷ നല്‍കി. എന്നാൽ 21 പന്തില്‍ 23 റൺസെടുത്ത സഞ്ജു വാനിന്ദു ഹസരങ്കയ്‌ക്കെതിരെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് വിക്കറ്റ് കളഞ്ഞു. ഹസരംഗയുടെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച സഞ്ജുവിനെ ദിനേശ് കാര്‍ത്തിക് സ്റ്റംപ് ചെയ്‌ത് പുറത്താക്കുകയായിരുന്നു.
ALSO READ:ഇന്ത്യൻ ടീമിലെത്തും, കഴിവിന്‍റെ പരമാവധി നൽകും; രാഹുൽ ത്രിപാഠി ഇടിവി ഭാരതിനോട്
പിന്നാലെ ബട്‌ലര്‍ ഈ സീസണില്‍ 800 റണ്‍സ് മറികടന്നു. സഞ്ജുവിന് പകരമെത്തിയ ദേവ്ദത്തിന് ഫോം കണ്ടെത്താനായില്ല. വെറും ഒന്‍പത് റണ്‍സെടുത്ത താരത്തെ ഹെയ്‌സല്‍വുഡ് കാര്‍ത്തിക്കിന്‍റെ കൈയിലെത്തിച്ചു. പതിനെട്ടാം ഓവറില്‍ ബട്‌ലർ സെഞ്ച്വറി പൂര്‍ത്തിയാക്കി. ആറ് സിക്‌സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബട്‌ലറുടെ ഇന്നിങ്ങ്‌സ്. വെറും 59 പന്തുകളില്‍ നിന്നാണ് താരം മൂന്നക്കം കണ്ടത്. താരത്തിന്‍റെ ഈ സീസണിലെ നാലാം സെഞ്ചുറിയാണിത്. നാല് അര്‍ധശതകവും ബട്‌ലറുടെ പേരിലുണ്ട്.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 157 റണ്‍സ് നേടിയത്. 58 റൺസെടുത്ത രജത് പടിദാറിന്‍റെ ഇന്നിങ്ങ്‌സാണ് ആര്‍സിബിക്ക് തുണയായത്. മൂന്ന് വിക്കറ്റ് വീതം നേടിയ പ്രസിദ്ധ് കൃഷ്‌ണ, ഒബെദ് മക്‌കോയ് എന്നിവരാണ് ആര്‍സിബിയെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് അകറ്റി നിര്‍ത്തിയത്.