ചെന്നൈ:ഐപിഎല്‍ പതിനാറാം പതിപ്പ് അതിന്‍റെ അവസാനഘട്ടത്തോട് അടുത്തിരിക്കുകയാണ്. മാര്‍ച്ച് 31ന് അഹമ്മദാബാദില്‍ നിന്നും പത്ത് ടീമുകളുമായി ആരംഭിച്ച ഐപിഎല്‍ യാത്രയില്‍ 70 ലീഗ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇനി അവശേഷിക്കുന്നത് നാല് ടീമുകള്‍. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്, ഐപിഎല്ലിലെ എക്കാലത്തേയും മികച്ച ടീമുകളായ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ആദ്യ കിരീടം തേടിയെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് എന്നീ ടീമുകളാണ് ഇത്തവണ പ്ലേഓഫില്‍ പോരടിക്കുന്നത്.
ഇന്ന് ചെപ്പോക്കില്‍ നടക്കുന്ന ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിന് പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് എതിരാളികള്‍. ലഖ്‌നൗ - മുംബൈ എലിമിനേറ്റര്‍ നാളെയാണ്. ചെന്നൈയില്‍ തന്നെയാണ് ഈ മത്സരവും. ആദ്യ ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമും എലിമിനേറ്ററിലെ വിജയികളും തമ്മിലേറ്റുമുട്ടുന്ന രണ്ടാം ക്വാളിഫയര്‍ മെയ് 26ന് അഹമ്മദാബാദില്‍ നടക്കും.
ഗുജറാത്ത് ടൈറ്റന്‍സ്:കിരീടം നിലനിര്‍ത്താനിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് ഇത് രണ്ടാം പ്ലേഓഫ് ആണ്. ഐപിഎല്‍ പതിനാറാം പതിപ്പില്‍ ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാന്‍ ഹാര്‍ദിക്കിനും സംഘത്തിനും സാധിച്ചു. ലീഗ് സ്റ്റേജിലെ 14 മത്സരങ്ങളില്‍ പത്തിലും ജയിച്ച് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് ടൈറ്റന്‍സ് പ്ലേഓഫിലേക്കെത്തിയത്.
ഈ സീസണില്‍ ആദ്യം പ്ലേഓഫ് ഉറപ്പിച്ച ടീമും ഗുജറാത്ത് ടൈറ്റന്‍സ് ആണ്. സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു അവര്‍ ഓരോ മത്സരങ്ങളിലും കാഴ്‌ചവച്ചത്.
ചെന്നൈ സൂപ്പര്‍ കിങ്സ്:ഐപിഎല്‍ ചരിത്രത്തില്‍ കൂടുതല്‍ പ്രാവശ്യം പ്ലേഓഫ് കളിച്ച ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇത് 12-ാം തവണയാണ് ചെന്നൈ പോയിന്‍റ് പട്ടികയിലെ ആദ്യ നാലില്‍ ഇടം പിടിക്കുന്നത്. 11 പ്രാവശ്യം പ്ലേഓഫ് കളിച്ച ടീം നാല് തവണ കിരീടം നേടിയായിരുന്നു.
കഴിഞ്ഞ സീസണില്‍ പോയിന്‍റ് പട്ടികയിലെ 9-ാം സ്ഥാനക്കാരായിരുന്നു ചെന്നൈ. എന്നാല്‍, ഇക്കുറി ലീഗ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി ധോണിയും സംഘവും പ്ലേഓഫില്‍ ഇടം പിടിച്ചു. സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റുകൊണ്ടായിരുന്നു ചെന്നൈയുടെ തുടക്കം.
പിന്നീട് വിജയവഴിയില്‍ തിരികെയെത്തിയ ടീം സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ എതിരാളികളെ വീഴ്‌ത്തുകയായിരുന്നു. ഈ സീസണിലെ 14 മത്സരങ്ങളില്‍ എട്ട് എണ്ണത്തില്‍ ജയിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളിലാണ് സിഎസ്‌കെ തോല്‍വിയറിഞ്ഞത്. മഴമൂലം ഒരു മത്സരം ഉപേക്ഷിക്കേണ്ടി വന്നതോടെ 17 പോയിന്‍റാണ് ലീഗ് ഘട്ടത്തില്‍ ടീമിന് സ്വന്തമാക്കാനായത്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്:സീസണിന്‍റെ തുടക്കം മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ടീമുകളിലൊന്നാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. 14 മത്സരം കളിച്ച ടീമിന് എട്ട് ജയങ്ങള്‍ സ്വന്തമാക്കാനായി. അഞ്ച് മത്സരം തോല്‍വി വഴങ്ങിയപ്പോള്‍ ഒരു കളി മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.
17 പോയിന്‍റോടെയാണ് സൂപ്പര്‍ ജയന്‍റ്‌സും പ്ലേഓഫിലേക്ക് യോഗ്യത നേടിയത്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ചെന്നൈയെ മറികടക്കാന്‍ കഴിയാതിരുന്നതാണ് ടീമിനെ മൂന്നാം സ്ഥാനത്ത് തന്നെ നിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷവും മൂന്നാം സ്ഥാനക്കാരായി പ്ലേഓഫില്‍ എത്തിയ ടീം എലിമിനേറ്ററില്‍ തോല്‍വി വഴങ്ങി പുറത്താകുകയായിരുന്നു. ആദ്യ ഐപിഎല്‍ കിരീടം ഇക്കുറി ഷെല്‍ഫിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് ലഖ്‌നൗ.
മുംബൈ ഇന്ത്യന്‍സ്:കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ ലീഗ് സ്റ്റേജിന്‍റെ അവസാന ദിവസം പോയിന്‍റ് പട്ടികയിലെ നാലാമന്മാരായാണ് പ്ലേഓഫ് ഉറപ്പിച്ചത്. 14 മത്സരങ്ങളില്‍ എട്ട് ജയം നേടിയ ടീം ആറ് തോല്‍വിയാണ് വഴങ്ങിയത്. മികച്ച തുടക്കമായിരുന്നില്ല ഇക്കുറി മുംബൈ ഇന്ത്യന്‍സിന് ലഭിച്ചത്.
തുടര്‍ തോല്‍വികളോടെ തുടങ്ങിയ ടീം ടൂര്‍ണമെന്‍റിന്‍റെ രണ്ടാം പകുതിയിലേക്ക് എത്തിയപ്പോഴാണ് കുതിപ്പ് തുടങ്ങിയത്. ലീഗ് സ്റ്റേജിലെ അവസാന നാലില്‍ മൂന്ന് കളിയും ജയിച്ചാണ് രോഹിതും സംഘവും പ്ലേഓഫിലേക്ക് എത്തിയത്. നേരത്തെ ഒന്‍പത് പ്രാവശ്യം പ്ലേഓഫിലെത്തിയപ്പോള്‍ അഞ്ച് തവണ കിരീടം നേടിയായിരുന്നു മുംബൈ മടങ്ങിയത്.